Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. കൃഷ്ണദാസിന്റെ...

പി.കെ. കൃഷ്ണദാസിന്റെ പണി അതല്ലെന്ന് റെയിൽവേ; ‘കമ്മിറ്റി വെറും ഉപദേശക സമിതി, മാധ്യമങ്ങളെ കാണാൻ പാടില്ല’

text_fields
bookmark_border
പി.കെ. കൃഷ്ണദാസിന്റെ പണി അതല്ലെന്ന് റെയിൽവേ; ‘കമ്മിറ്റി വെറും ഉപദേശക സമിതി, മാധ്യമങ്ങളെ കാണാൻ പാടില്ല’
cancel

കോഴിക്കോട്: തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയിൽവേ സ്റ്റേഷൻ എന്ന് മാറ്റും, കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ വികസന പ്രവർത്തനങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാകും, കണ്ണൂർ റെയിൽവേ സ്റ്റേഷൻ വിമാനത്താവളത്തിന് തുല്യമാക്കും. ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി) ചെയർമാനും ബി.ജെ.പി നേതാവുമായ പി.കെ. കൃഷ്ണദാസിന്റെ അടുത്തിടെയുള്ള പ്രഖ്യാപനങ്ങളിൽ ചിലത് മാത്രമാണിത്. റെയിൽവേ മന്ത്രിയുടെ അതേ 'പവറിൽ ' വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാനുള്ള അധികാരം പാസഞ്ചർ കമ്മിറ്റിക്കുണ്ടോ ? ഇല്ല എന്ന് തന്നെയാണ് ഇന്ത്യൻ റെയിൽവേയുടെ വ്യക്തമായ ഉത്തരം. റെയിൽവേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയും യാത്രക്കാരുടെ സൗകര്യങ്ങളും വൃത്തിയും മറ്റും പരിശോധിക്കുകയാണ് കമ്മിറ്റിയുടെ പരമപ്രധാനമായ ചുമതല.

വാർത്താ സമ്മേളനങ്ങളോ പ്രഖ്യാപനങ്ങളോ നടത്തരുതെന്ന് പി.എ.സിയുടെ മാർഗരേഖയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, പി.കെ. കൃഷ്ണദാസ് എല്ലാ റെയിൽവേ സ്റ്റേഷനുകളിലുമെത്തി പ്രഖ്യാപനങ്ങൾ തുടരുകയാണ്. മാധ്യമങ്ങളെ എല്ലാം വിളിച്ചാണ് ഇത്തരം പ്രഖ്യാപനങ്ങൾ. കമ്മിറ്റിയുടെ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിൽ ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ പാടില്ലെന്ന് കർശനമായ മാർഗരേഖയുണ്ട്. എന്നാൽ, ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളുടെ കൂട്ടത്തോടെയുള്ള അകമ്പടിയോടെയാണ് കൃഷ്ണദാസിന്റെ സന്ദർശനം.

സ്റ്റേഷനുകൾ സന്ദർശിച്ച ശേഷം എന്തെങ്കിലും നിർദേശങ്ങൾ നൽകാൻ ഉണ്ടെങ്കിൽ അത് ഡിവിഷണൽ മാനേജർമാരെ അറിയിക്കുകയാണ് വേണ്ടത്. കൃഷ്ണദാസിന്റെ അറിയിപ്പുകൾ പലതും കേരളത്തിലെ എം.പിമാരും മറ്റും ഇടപെട്ട് നേടിയെടുത്ത വികസന പ്രവർത്തനങ്ങളാണ്. ഈ പദ്ധതികളെക്കുറിച്ച് പറയാൻ പി.എ.സിക്ക് നിയമപ്രകാരം കഴിയില്ല. വെറും ഉപദേശക സമിതി മാത്രമാണ് പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി. ഉപദേശക സമിതി ആയതിനാൽ തന്നെ മറ്റുപ്രത്യേക പദവികൾ ഒന്നും കമ്മിറ്റിക്കില്ലെന്ന് റെയിൽവേ ബോർഡിന്റെ മാർഗരേഖയിൽ പറയുന്നു.

കമ്മറ്റിയുടെ പ്രവർത്തന സൗകര്യത്തിനായി മാത്രം ചെയർമാന് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രേഡ് ഓഫിസറുടെ പദവി നൽകുകയായിരുന്നു. ഉപദേശക സമിതിയായതിനാൽ തന്നെ കമ്മിറ്റിയുടെ പരിശോധനയും ശുപാർശകളും നിർദേശങ്ങളും പ്രവർത്തന ചട്ടത്തിൽ ഉള്ളതാണ് എന്ന് ഉറപ്പുവരുത്തണം. എന്നാൽ, വികസന പ്രവർത്തനങ്ങളും റെയിൽവേ സ്റ്റേഷനിലെ പേര് മാറ്റുന്നതുമാണ് ചെയർമാൻ പി കെ കൃഷ്ണദാസിന്റെ നിർദേശങ്ങൾ. ഇതിനൊന്നും അദ്ദേഹത്തിന് അധികാരവുമില്ല. സന്ദർശനം രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ഉപയോഗപ്പെടുത്തുന്നത്.

എന്താണ് ചുമതലകൾ?

ട്രെയിനുകളിൽ സ്റ്റേഷനുകളിലും ലൈറ്റുകൾ കത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, ട്രെയിൻ വിവരങ്ങളുടെ അന്വേഷണത്തിനുള്ള ഓഫിസുകളും അവയുടെ പ്രവർത്തനവും മൈക്ക് സെറ്റ്, സൂചന ബോർഡുകൾ എന്നിവയുടെ പ്രവർത്തനവും നിരീക്ഷിക്കുക, കക്കൂസുകളും കുളിമുറികളും വിശ്രമമുറികളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് നോക്കുക, പ്ലാറ്റ്ഫോമുകളിൽ ബെഞ്ചും വീൽ ചെയറും മറ്റും ഉറപ്പുവരുത്തുക, അനധികൃത യാത്രയിലൂടെ റെയിൽവേ വരുമാനം കുറയുന്നത് ശ്രദ്ധിക്കുക എന്നിവയാണ് പാസഞ്ചർ അമിനിറ്റി കമ്മിറ്റിയുടെ പ്രവർത്തന മേഖല.

തിരൂർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റാനും നിർദേശിക്കാൻ പോലും പി.എ.സി ചെയർമാൻ എന്ന നിലയിൽ പി.കെ കൃഷ്ണദാസിന് അധികാരമില്ലെന്ന് ചുരുക്കം. യു.പി.എ സർക്കാറിന്റെ കാലത്താണ് അഞ്ചംഗങ്ങളുമായി പാസഞ്ചർ അമിനിറ്റി കമ്മറ്റി രൂപവത്കരിച്ചത്.ഇപ്പോൾ 25 അംഗങ്ങളും ഒരു ചെയർമാനുമാണുള്ളത്. കേരളത്തിലൂടെ ഓടുന്ന വണ്ടികൾ പൊട്ടിപ്പൊളിഞ്ഞും ടോയ്‌ലറ്റുകൾ വെള്ളം പോലും ഇല്ലാതെ വൃത്തിഹീനമായതും പാസഞ്ചർ അമിനിറ്റീസ് കമ്മറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നുമില്ല. സംസ്ഥാനത്തിന് പുറത്തുള്ള പി.കെ. കൃഷ്ണദാസിനെ പ്രതികരണത്തിനായി 'മാധ്യമം ഓൺലൈൻ ' വിളിച്ചെങ്കിലും ലഭ്യമായിട്ടില്ല.



Show Full Article
TAGS:PK Krishnadas Passenger Amenities Committee indian railway 
News Summary - P.K. Krishnadas's job is not that, railways; 'Passenger Amenities Committee is just an advisory body and should not meet the media'
Next Story