കത്തുന്ന ചൂടിലും ആവേശമൊട്ടും ചോരാതെ; കുടുംബ സദസ്സുകളിൽ നിറഞ്ഞ് കുഞ്ഞാലിക്കുട്ടി
text_fieldsവേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര പഞ്ചായത്തിലെ കൂരിയാട് നടന്ന കുടുംബയോഗത്തിൽ കുട്ടികളോടൊപ്പം (ചിത്രം: മുസ്തഫ അബൂബക്കർ)
മലപ്പുറം: രാവിലെ ഒമ്പതോടെത്തന്നെ ചാനൽ കാമറക്ക് മുന്നിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി. ഓഫിസിലും വീട്ടിലും നിറയെ ആളുകൾ. ഓഫിസിന് പുറത്ത് വേങ്ങര റോഡിൽ അകമ്പടി വാഹനം റെഡി. ഇടക്ക് പാണക്കാട് ഹൈദരലി തങ്ങൾ വിളിച്ചതോടെ അവലോകന യോഗത്തിനായി അങ്ങോട്ടേക്ക്. തങ്ങളുടെ കൂടെ അടച്ചിട്ട മുറിയിൽ തിരക്കിട്ട ചർച്ച. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി തങ്ങളുമുണ്ട് കൂടെ. അൽപസമയത്തിനകം മുനവ്വറലിയുമെത്തി. തങ്ങളുടെ വീട്ടിൽനിന്ന് ഇറങ്ങി 11.15ഓടെ വീണ്ടും കാരാത്തോട്ടെ വീട്ടിലേക്ക്. അപ്പോഴേക്കും പ്രചാരണത്തിനിറങ്ങേണ്ട സമയം ഏറെ വൈകി.
വികസന തുടർച്ചക്ക് വോട്ടുതേടി
വേങ്ങര നഗരത്തിെൻറ പരിസരങ്ങളിലാണ് കുടുംബ യോഗങ്ങൾ തീരുമാനിച്ചത്. അവിടെനിന്നെല്ലാം വിളിയോടു വിളി. ലഘുഭക്ഷണത്തിന് ശേഷം പ്രചാരണ പരിപാടികൾക്കായി തിരക്കിട്ടിറങ്ങി. വഴിയിൽ ഊരകം വെങ്കുളത്തെ സുൽത്താന കാസിൽ ഓഡിറ്റോറിയത്തിൽ നികാഹ് നടക്കുന്നു. അവിടെ ഓട്ടപ്രദക്ഷിണം. കല്യാണം കൂടിയവർക്ക് കുഞ്ഞാപ്പയെ കണ്ടപ്പോൾ ഹരമായി. പുതിയാപ്ലക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് എല്ലാവരോടും കൈവീശി യാത്ര പറഞ്ഞ് അടുത്ത പ്രചാരണ വേദിയായ പരപ്പൻചിനയിലേക്ക്.
11.30ഓടെ കൊളക്കാട്ടിൽ ഓഡിറ്റോറിയത്തിൽ. കുഞ്ഞാലിക്കുട്ടി വരുന്നതിനു മുമ്പ് സദസ്സിനെ പിടിച്ചുനിർത്താൻ സുഹ്റ മമ്പാടിെൻറ സംസാരം. ഓഡിറ്റോറിയത്തിൽ നിറയെ സ്ത്രീകളും കുട്ടികളും. മലപ്പുറം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണനുമുണ്ട് വേദിയിൽ. ഹ്രസ്വമായ സംസാരം. യു.ഡി.എഫ് ജയിക്കണം. ബി.ജെ.പിയെ വളരാൻ അനുവദിക്കരുത്.
വേങ്ങരയിൽ വികസന തുടർച്ചയുണ്ടാവാൻ വോട്ടു ചെയ്യണം. ഹൈദരലി തങ്ങൾ പറഞ്ഞതുകൊണ്ടാണ് വിനീതനായ ഞാനുൾെപ്പടെ മുതിർന്ന നേതാക്കളെല്ലാം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അത്ര പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. കേരളത്തിൽ ഭരണത്തുടർച്ചയുണ്ടായാൽ മറ്റൊരു ബംഗാളായിരിക്കും സംഭവിക്കുക. അവിടെ പിന്നെ ബി.ജെ.പി വരും. അതിന് അനുവദിക്കരുത്. സമദാനി പ്രഗല്ഭനാണ്. അതുകൊണ്ട് അദ്ദേഹത്തിനും വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് സംസാരം അവസാനിപ്പിച്ചു.
സെൽഫിയെടുക്കാൻ തിരക്ക്
അതിേവഗത്തിൽ അടുത്ത വേദിയിലേക്ക്. വേങ്ങര പഞ്ചായത്തിലെ വഴികളിലെല്ലാം പോസ്റ്ററുകളിൽ നിറഞ്ഞ് കുഞ്ഞാപ്പ. 12.10ഓടെ ചുള്ളിപറമ്പിലെ സൗദി നഗറിൽ. പറങ്ങോടൻ അബൂബക്കർ സിദ്ദീഖിെൻറ വീട്ടുമുറ്റത്ത് സജ്ജമാക്കിയ വേദി. സ്ത്രീകളും കുട്ടികളും കസേരയിൽ സ്ഥാനാർഥിയെ കാത്തിരിക്കുന്നു. കുഞ്ഞാലിക്കുട്ടി വന്നതോടെ സംസാരിക്കുന്നവർ വേദി ഒഴിയുന്നു. രണ്ടോ മൂന്നോ മിനിറ്റ് നീളുന്ന സംസാരം. എത്തിയ വേദികളിലെല്ലാം സെൽഫിയെടുക്കാൻ കുട്ടികളുെട ബഹളം. തിരക്കിനിടയിലും അവരെ പിണക്കാതെ കുഞ്ഞാലിക്കുട്ടി.
നേതാവ് എത്തി, സദസ്സ് ഉഷാർ
വലിയോറ കാളിക്കടവിലെ പി.സി.എം ഓഡിറ്റോറിയത്തിലെത്തുേമ്പാൾ സമയം 12.30. നിറഞ്ഞ സദസ്സ്. ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ് സംസാരിച്ചുകൊണ്ടിരിക്കുന്നു. പകുതിയോളം സ്ത്രീകൾ. ഹ്രസ്വമായ സംസാരം കഴിഞ്ഞ് കുഞ്ഞാലിക്കുട്ടി പുറത്തിറങ്ങിയപ്പോൾ കാറിന് ചുറ്റും കുട്ടികൾ കൂട്ടംകൂടി നിന്നു. ഫോട്ടോ എടുത്തതിന് ശേഷമാണ് അവർ സ്ഥാനാർഥിയെ വിട്ടത്. കൂരിയാട് മാതാട് റോയൽ കാസിൽ ഓഡിറ്റോറിയത്തിലെത്തുേമ്പാൾ 12.45. സ്ഥാനാർഥി എത്തിയതോടെ സദസ്സ് ഉഷാറായി.
ഏതാനും വാക്കുകളിൽ വോട്ടഭ്യർഥന. പിന്നീട് ശിഹാബ് തങ്ങൾ വിടവാങ്ങിയതിെൻറ വാർഷിക ദിനാചരണത്തിെൻറ ഭാഗമായി പാണക്കാട് ബഷീറലി തങ്ങളുടെ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് പാഞ്ഞെത്തി. അവിടെനിന്ന് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി വീണ്ടും വീട്ടിലേക്ക്. കത്തുന്ന ചൂടിലും ആവേശമൊട്ടും ചോരാതെ ഉച്ചക്ക് ശേഷം പറപ്പൂർ ഗ്രാമപഞ്ചായത്തിലെ പ്രചാരണ പരിപാടികളിലേക്ക്. കുടുംബ യോഗങ്ങളിൽ തല കാണിച്ച് ഒരു ദിവസത്തെ പര്യടനം അവസാനിക്കുേമ്പാൾ നേരം ഇരുട്ടിയിരുന്നു.