ഒളിയമ്പിൽ മുറിവേറ്റ് സി.പി.എമ്മിലെ ഒരു വിഭാഗം; താൻ പാർട്ടിക്കെതിരല്ലെന്ന് പി.കെ. ശശി
text_fieldsമണ്ണാർക്കാട്: പി.കെ. ശശിയുടെ തഗ് ഡയലോഗിലും ഒളിയമ്പിലും മുറിവേറ്റ് സി.പി.എമ്മിലെ ഒരു വിഭാഗം. ജില്ലയിലെ, പ്രത്യേകിച്ച് മണ്ണാർക്കാട്ടെ എതിർവിഭാഗത്തിന് വ്യക്തമായ മുന്നറിയിപ്പെന്ന നിലയിൽ ‘ബിലാൽ പഴയ ബിലാൽ’ തന്നെയെന്ന തഗ് ഡയലോഗടിച്ച് കൈയടിയും നേടി പി.കെ. ശശി ഉയർത്തിവിട്ട അലയൊലികൾ സി.പി.എമ്മിൽ മാത്രമല്ല, മണ്ണാർക്കാട്ടെ പ്രാദേശിക രാഷ്ട്രീയത്തിലും ചൂടൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
സർക്കാറിനെയോ സി.പി.എം നേതൃത്വത്തെയോ പരാമർശിക്കാതെ പാർട്ടിയിലെ തന്റെ എതിർവിഭാഗത്തിന് വ്യക്തമായി മനസ്സിലാകുംവിധത്തിൽ വേദിയെ കൈയിലെടുത്ത് നടത്തിയ പ്രസംഗത്തിലൂടെ അലയൊലിതീർത്ത് ശശി പോയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ശശിയുടെ നിലപാട് സംബന്ധിച്ച് ചർച്ചകൾ സജീവമായിരിക്കുകയാണ്. ചില കേന്ദ്രങ്ങൾ ശശി പാർട്ടിക്കെതിരെ നീങ്ങുന്നു എന്ന തരത്തിൽ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ, താൻ പാർട്ടിക്കെതിരല്ലെന്നും പാർട്ടിക്കെതിരെയോ സർക്കാറിനെതിരെയോ പ്രസംഗത്തിൽ ഒന്നും പറഞ്ഞിട്ടില്ലെന്നും ശശി ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചുനിൽക്കുമ്പോഴും സാമൂഹിക, സാംസ്കാരിക മേഖലകളിലെ വ്യക്തിബന്ധം കാത്തുസൂക്ഷിക്കുമെന്നും ഒരടിസ്ഥാനവുമില്ലാതെ വ്യക്തിരാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അഴിമതി ആരോപിക്കുന്നതിനെതിരെയാണ് സംസാരിച്ചതെന്നും പിണറായി സർക്കാറിന്റെ മികച്ച ആശയങ്ങളെ പ്രതിപക്ഷം കണ്ണടച്ച് എതിർക്കുന്നതും ഇതിന് ഉദാഹരണമെന്ന് ഫേസ്ബുക്കിൽ കുറിച്ചു.
താൻ ഇവിടെ തന്നെയുണ്ടാകും എന്ന് ഉറപ്പിച്ചുപറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. പാർട്ടിക്ക് പുറത്തുപോകുമെന്ന പ്രചാരണം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
താൻ പാർട്ടിക്ക് പുറത്തു പോകണമെന്നാഗ്രഹിക്കുന്നവരാണ് പ്രചാരണത്തിനു പിന്നിലെന്നും പങ്കെടുത്തത് മുസ്ലിം ലീഗ് പരിപാടിയിൽ അല്ലെന്നും നഗരസഭയുടെ പരിപാടിയിലാണെന്നും ശശി പറഞ്ഞു. തന്നെ പൊതുരംഗത്തുനിന്ന് മാറ്റിനിർത്താനാവില്ലെന്നും തനിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും ശശി പറഞ്ഞു. ശശി പങ്കെടുക്കുന്ന പരിപാടിയിൽനിന്ന് ഇടത് നഗരസഭ കൗൺസിലർമാർ വിട്ടുനിൽക്കാൻ നീക്കം നടന്നെങ്കിലും ഒരു വിഭാഗം ഇതിനോട് യോജിക്കാത്തതിനെ തുടർന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നുവെന്നും പറയുന്നു.
ഇതോടെ മണ്ണാർക്കാട് ഇപ്പോഴും ശശിക്ക് പാർട്ടിയിൽ മേൽക്കോയ്മ ഉണ്ടെന്ന വികാരം ശക്തമാണ്. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട യോഗം മാറ്റിവെച്ചാണ് മണ്ണാർക്കാട്ടെ ചടങ്ങിനെത്തിയത്. ഇതിന് കാരണം ഇടത് കൗൺസിലർമാരുടെ തുടർച്ചയായ അഭ്യർഥനയാണെന്ന് പറയുക വഴി തന്റെ സ്വാധീനം ശശി എടുത്തുകാണിക്കുകയും ചെയ്തു.
നഗരസഭയുടെ മാതൃകാപരമായ വികസന പദ്ധതിയാണെന്ന് മനസ്സിലാക്കിയതുകൊണ്ടുകൂടിയാണ് ചടങ്ങിനെത്തിയതെന്ന് പറഞ്ഞതോടെ ഡി.വൈ.എഫ്.ഐ ഉൾപ്പെടെ ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങളും വെറുംവാക്കായി.