Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൗജന്യയാത്ര സമയം...

സൗജന്യയാത്ര സമയം മാറ്റണമെന്ന് പി.കെ. ശ്രീമതി; അമളി തിരിച്ചറിഞ്ഞപ്പോൾ ​‘സോറി’

text_fields
bookmark_border
സൗജന്യയാത്ര സമയം മാറ്റണമെന്ന് പി.കെ. ശ്രീമതി; അമളി തിരിച്ചറിഞ്ഞപ്പോൾ ​‘സോറി’
cancel

ന്യൂഡൽഹി: സൗജന്യയാത്രയുടെ സമയം 9 മണിയിൽ നിന്ന് 6 മണിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി. സൗജന്യയാത്രയ്ക്ക് സമയ പരിധിയില്ലെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയതോടെ അമളിപിണഞ്ഞതറിഞ്ഞ് സോറി പറഞ്ഞ് തടിയൂരി. ഇന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സംഭവം.

‘കെഎസ്ആർടിസി ബസിലെ സൗജന്യയാത്രയെ ഞങ്ങൾ എതിർത്തിട്ടില്ല. എന്ന് മാത്രമല്ല ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുകയാണ്. പക്ഷേ എന്താണ് അവസ്ഥ എന്നറിയോ? ഇന്നലെ ധാരാളം സ്ത്രീകൾ ബസ്സിൽ കയറി എന്നൊക്കെ പറയുമ്പോൾ, ഈ യാത്ര ചെയ്യുന്നവരുടെ 90 ശതമാനം പേരും എവിടെയെങ്കിലും ജോലി ചെയ്യുന്നവരായിരിക്കും. ടെക്സ്റ്റൈൽസിലും ഫാർമസിയിലും കൺസ്ട്രക്ഷനിലും കൈത്തറിയിലുമൊക്കെ തുച്ഛമായ വരുമാനം ഉള്ളവരായിരിക്കും. അവർക്ക് സൗജന്യയാത്ര കിട്ടുന്നത് തീർച്ചയായും എന്നെ സംബന്ധിച്ച് വ്യക്തിപരമായി സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ഒരു വരുമാനവുമില്ലാത്ത നമ്മുടെ സഹോദരിമാർക്ക് കിട്ടുന്ന 1000 രൂപ നഷ്ടപ്പെടുക എന്നടത്തേക്ക് വന്നു. രാവിലെ അഞ്ചുമണി മുതൽ രാത്രി 12 മണി വരെ വീട്ടിലെ പണി എടുത്തുകൊണ്ടിരിക്കുന്നവരാണ് അവർ.

രണ്ടാമത്, സൗജന്യ യാത്രക്ക് ഒൻപത് മണി എന്ന സമയം കേട്ട് ഞാൻ അത്ഭുതപ്പെട്ടുപോയി. യഥാർത്ഥത്തിൽ ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കാണ് പല തൊഴിലിനും നമ്മുടെ സഹോദരിമാർ പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നത്. ഞാൻ താമസിക്കുന്ന കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് തലശ്ശേരിയിൽ ജോലി ചെയ്യുന്ന ഒരു സഹോദരിയുണ്ട്. എത്രയോ സ്ത്രീകൾ അങ്ങനെ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ പോകുന്ന ഒരു സഹോദരി ഒൻപത് മണിക്ക് പോയാൽ 11 മണിക്ക് എത്തും. രാവിലെ ആറുമണി മുതലോ അതിനേക്കാളും നേരത്തെയോ ട്രെയിനിൽ യാത്ര ചെയ്യുന്നവരുണ്ട്, എനിക്കറിയാം. എങ്കിൽ പോലും രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണി വരെ എന്നെങ്കിലും സൗജന്യ യാത്രസമയം ആക്കണം. ജോലിക്ക് വേണ്ടി യാത്ര ചെയ്യുന്ന സഹോദരിമാർക്ക് അത് വളരെ അത്യാവശ്യമാണ്. അവരാണ് 90 ശതമാനം യാത്രക്കാരും എന്ന് ഞാൻ പറയും. പിന്നെ വിരുന്നു പോകുന്നവരും അല്ലാത്തവരും ഒക്കെ കുറച്ചു പേരുണ്ടാവും. അടുത്ത കാലത്തായി അങ്ങനെ പോകുന്നവരൊക്കെ ഒന്നിച്ചുപോകുമ്പോൾ ഒരു ചെറിയ കാർ പിടിച്ചങ്ങ് പോകും. ബസ്സിൽ പോകുന്നവർ മിക്കവാറും തൊഴിലെടുക്കുന്ന സ്ത്രീകളാണ്. ഈ തൊഴിലെടുക്കുന്ന സ്ത്രീകളെ ഉദ്ദേശിച്ചാണ് ഈ ഒരു സൗജന്യ യാത്ര ഉദ്ദേശിക്കുന്നതെങ്കിൽ ഗവൺമെന്റ് ചെയ്യേണ്ടിയിരിക്കുന്നത് അതിന്റെ ടൈം മാറ്റണം. അതിന്റെ സമയം ആറുമണി മുതൽ ആറുമണി വരെ ആക്കണം’ -എന്നായിരുന്നു ശ്രീമതി പറഞ്ഞത്.

അപ്പോൾ, ‘അങ്ങനെ സമയക്രമം ഇല്ലല്ലോ ടീച്ചറേ’ എന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ‘ഒൻപത് മണി മുതൽ എന്ന് പറഞ്ഞു’ എന്നായി ടീച്ചർ. അത് ഇന്നലത്തെ കാര്യമാണെന്നും ഉദ്ഘാടനം ചെയ്യുമ്പോൾ മാത്രം പറഞ്ഞതാണെന്നും മാധ്യമപ്രവർത്തകർ വിശദീകരിച്ചു. ‘ഞാൻ കേട്ടത് ഒൻപത് മണി മുതൽ ആണെന്നാണ്. ഏത് സമയത്തും എപ്പോഴും പോകാമല്ലേ. അങ്ങനെയാണെങ്കിൽ സോറി... അത് എനിക്ക് വന്ന ഒരു തെറ്റിദ്ധാരണയാണ്’ -എന്ന് പറഞ്ഞ് ടീച്ചർ തടിയൂ​രുകയായിരുന്നു.

‘പ്രിയദർശിനി പദ്ധതി എല്ലാ ബസുകളിലും നടപ്പാക്കിയില്ല. ബഹുമാന്യനായ എംപി രാഹുൽ ഗാന്ധി അന്ന് ഇവിടെ നടത്തിയ പ്രസംഗം ഞാൻ കേട്ടിരുന്നു. കേരളത്തിലെ സ്ത്രീകൾക്കെല്ലാം ഒരുതരത്തിലുള്ള വ്യത്യാസവുമില്ലാതെ, പണക്കാരെന്നോ ദരിദ്രരെന്നോ സമ്പന്നരന്നോ തൊഴിലില്ലാത്തവർ എന്നോ ഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യമായിട്ട് ഇനി കെഎസ്ആർടിസിയിൽ യാത്ര എന്നാണ് പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനത്തിൽ നിൽക്കുകയാണ് വേണ്ടത്. അതാണ് മാന്യത അതാണ് മര്യാദയും. പക്ഷേ, പ്രഖ്യാപനത്തിൽനിന്ന് വഴുതി ഇന്ന ബസ്സിൽ മാത്രമേ കയറാവൂ, ഇന്ന ബസ്സിൽ മാത്രമേ സൗജന്യം കിട്ടൂ എന്ന് പറയുന്നതല്ല ശരി. നമുക്ക് ഇവിടെ ഡൽഹിയിലെല്ലാം കാണുന്നപോലെ സർക്കാരിന്റെ ഏത് ബസ്സിലും സൗജന്യമാണല്ലോ. ഒരു തവണ ഞാൻ കയറിയതാ ഒരു തവണ ഞാനൊന്ന് വെറുതെ ഒന്ന് കയറി നോക്കിയിരുന്നു.

ആ പ്രഖ്യാപനം നടത്തിയത് നമ്മുടെ യുഡിഎഫ് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന, അഖിലേന്ത്യാതലത്തിലെ ഏറ്റവും ഉയർന്ന നേതാവാണ്. ഉന്നതതലത്തിലുള്ള നേതാവാണ് അവിടെ വന്ന് കേരളത്തിലെ മുഴുവൻ ജനങ്ങളും കേൾക്കത്തക്ക വിധത്തിൽ ഈ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. അപ്പോൾ പ്രഖ്യാപനം നടപ്പിലാക്കുക എന്നത് ഒരു ഔചിത്യം മാത്രമാണ്. ആ ഔചിത്യം തീർച്ചയായും യുഡിഎഫ് ഗവൺമെന്റിന് ഉണ്ടാവണം. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സൗജന്യ യാത്ര നിങ്ങൾ നൽകും എന്ന് പറഞ്ഞ ആ വാഗ്ദാനം നടപ്പിലാക്കണം’ -ശ്രീമതി ആവശ്യപ്പെട്ടു.

Show Full Article
TAGS:PK Sreemathi Free Travel For Women KSRTC Apology 
News Summary - P.K. Sreemathi Says KSRTC Free Travel Timing Should Be Changed; Says 'Sorry' After Realizing mistake
Next Story