‘ഇന്ന് യുഡിഎഫ്, നാളെ എൽ.ഡി.എഫ് പിന്നെ ബി.ജെ.പി; പാലായിൽ ഒരു കൊച്ചിനെ മുൻനിർത്തി തെരുവ് രാഷ്ട്രീയം കളിക്കുന്നു’ -ആഞ്ഞടിച്ച് ജോസ് കെ. മാണി
text_fieldsജോസ് കെ. മാണി, ദിയ ബിനു പുളിക്കകണ്ടം
പാലാ: അവിശ്വാസപ്രമേയത്തിലൂടെ പാലാ നഗരസഭ ചെയർപേഴ്സൺ യു.ഡി.എഫിലെ ദിയ ബിനു പുളിക്കകണ്ടത്തിനെ പുറത്താക്കിയതിൽ വിശദീകരണവുമായി മാണി കോൺഗ്രസ് നേതാവ് ജോസ് കെ. മാണി. ചെയർപേഴ്സനായ ദിയയെ മുന്നിൽ നിർത്തി പിതാവ് ബിനു പുളിക്കക്കണ്ടം തെരുവ് രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
‘പാലായുടെ നിലവാരവും പ്രതിഛായയും കഴിഞ്ഞ ആറുമാസക്കാലം കൊണ്ട് തകർന്നിരിക്കുകയാണ്. ഒരു കൊച്ചിനെ, മകളെ മുന്നിൽ മുന്നിൽ തെരുവ് രാഷ്ട്രീയം കളിച്ച് ആ പ്രതിഛായ കളഞ്ഞു കുളിച്ചു. ഈ സ്വതന്ത്ര കൗൺസിൽമാരുടെ കൂട്ടായ്മയുടെ രാഷ്ട്രീയമോ നിലപാടോ എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റില്ല. പഴയ ചരിത്രം എടുത്തു നോക്കിയാൽ എപ്പോഴും കാണുവാൻ കഴിയുന്നത്, അവർ ഇന്ന് യുഡിഎഫ് ആണെങ്കിൽ നാളെ എൽഡിഎഫ് ആണ്. പിറ്റെ നാൾ ബിജെപി ആണ്’ -ജോസ് കെ. മാണി പറഞ്ഞു.
‘പാല നഗരസഭയിലേത് ഒരു പ്രാദേശിക വിഷയമാണ്. ആ പ്രാദേശിക വിഷയത്തിൽ എൽഡിഎഫും കേരള കോൺഗ്രസ് നേതാക്കളും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുത്തു. ഇതുമായി ബന്ധപ്പെട്ട് അവിടുത്തെ പ്രാദേശിക നേതാക്കൾ സംസാരിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം ശേഷം പാലാ മുൻസിപ്പാലിറ്റിയിൽ എൽഡിഎഫിനാണ് ഭൂരിപക്ഷം. എൽഡിഎഫിന് 12 മുൻസിപ്പൽ കൗൺസിലേഴ്സ് ഉണ്ട്. പക്ഷെ ടെക്നിക്കലായി ഭരിക്കുവാൻ പറ്റിയില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ ഭരണത്തിലേക്ക് വന്നില്ല.
അപ്പോൾ യുഡിഎഫ് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ, പ്രത്യേകിച്ച് ഒരു കുടുംബ കൂട്ടായ്മമായി ബന്ധപ്പെട്ടവരെ കൂട്ടി ഭരണത്തിൽ കയറി. പാലായ്ക്ക് എപ്പോഴും പാലായുടെ നിലവാരവും പ്രതിച്ഛായയും ഉണ്ട്. ആ നിലവാരവും പ്രതിഛായയും കഴിഞ്ഞ ആറുമാസക്കാലം കൊണ്ട് തകർന്നിരിക്കുകയാണ്. ഒരു കൊച്ചിനെ, മകളെ മുന്നിൽ നിർത്തി തെരുവ് രാഷ്ട്രീയം കളിച്ച് ആ പ്രതിച്ഛായ കളഞ്ഞു കുളിച്ചു.
പ്രതിപക്ഷം എന്ന നിലക്ക് ഞങ്ങൾക്ക് നോക്കി നിൽക്കാൻ പാടില്ല കഴിയില്ല. അതുകൊണ്ടാണ് ഈ അവിശ്വാസവുമായി മുന്നോട്ടു പോയത്. ഈ കൂട്ടായ്മ ഈ സ്വാതന്ത്ര കൗൺസിൽമാരുടെ കൂട്ടായ്മയുടെ രാഷ്ട്രീയമോ നിലപാടോ എന്താണെന്ന് നമുക്ക് ഒരിക്കലും അറിയാൻ പറ്റത്തില്ല. പഴയ ചരിത്രം എടുത്തു നോക്കിയാൽ കാണുവാൻ കഴിയുന്നത്, ഇന്ന് അവർ യുഡിഎഫ് ആണെങ്കിൽ നാളെ എൽഡിഎഫ് ആണ്. പിറ്റന്നാള് ബിജെപി ആണ്. ആ രീതിയിലാണ് അവരുടെ പ്രവർത്തനങ്ങൾ പോകുന്നത്. ഇതൊക്കെ നേരത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ഞങ്ങൾ ആ കൂട്ടായ്മയായി ഒത്തുപോകാത്തത്.
പാലായുടെ വികസനത്തിൽ രാഷ്ട്രീയം ഉണ്ടാകാൻ പാടില്ല. നല്ലൊരു ഭരണം ഉണ്ടാകണം. അതാണ് കേരള കോൺഗ്രസിന്റെയും എൽഡിഎഫിന്റെയും അഭിപ്രായം. അട്ടിമറി നടത്തി ഭരണത്തിലേറാൻ തയ്യാറല്ല. അവിശുദ്ധമായ രീതിയിൽ ഭരണത്തിലേക്ക് വരാൻ എൽ.ഡി.എഫ് തയ്യാറല്ല’ -അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് പാലാ നഗരസഭയുടെ ഭരണം യു.ഡി.എഫിന് നഷ്ടമായത്. നഗരസഭ ചെയർപേഴ്സൻ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ 17 പേർ പിന്തുണച്ചു. ഇതിൽ നാല് കോൺഗ്രസ് അംഗങ്ങളും ഉൾപ്പെടും.
പ്രതിപക്ഷത്തെ 12 പേർ ഒപ്പിട്ടാണ് തദ്ദേശ വകുപ്പ് ജോയന്റ് സെക്രട്ടറിക്ക് അവിശ്വാസ നോട്ടീസ് നൽകിയത്. കേരള കോൺഗ്രസ് എം ഉൾപ്പെടുന്ന എൽ.ഡി.എഫ് മുന്നണിക്ക് 12 കൗൺസിലർമാരാണുള്ളത്. കോൺഗ്രസ് -6, കേരള കോൺഗ്രസ് ജോസഫ്-3, കെ.ഡി.പി-1 എന്നതാണ് യു.ഡി.എഫ് കക്ഷിനില. കോൺഗ്രസ് വിമതയുടെയും സ്വതന്ത്ര മുന്നണിയിലെ മൂന്ന് അംഗങ്ങളുടെയും പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭ ഭരിക്കുന്നത്.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് അനുവദിച്ചത് സംബന്ധിച്ച് സ്വതന്ത്ര മുന്നണിയും കോൺഗ്രസ് വാർഡ് കൗൺസിലറും തമ്മിൽ വാക്കേറ്റവും നാടകീയ രംഗങ്ങളും അരങ്ങേറിയിരുന്നു. വാർഡ് കൗൺസിലർക്കെതിരെ നഗരസഭ ചെയർപേഴ്സൻ മോഷണക്കുറ്റം ആരോപിച്ചും ചട്ടം ലംഘിച്ച് ഓഫിസിൽ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് നഗരസഭ സെക്രട്ടറിയും പൊലീസിൽ പരാതി നൽകിയിരുന്നു.
സ്വതന്ത്ര മുന്നണിയിലെ രണ്ട് അംഗങ്ങൾക്കെതിരെ മർദിക്കാൻ ശ്രമിച്ചു എന്ന് കാണിച്ച് വാർഡ് കൗൺസിലറും പരാതി നൽകി. കോൺഗ്രസ് ജില്ല നേതൃത്വം ഇടപെട്ടാണ് വലിയ പ്രശ്നത്തിന് പരിഹാരം നിർദേശിച്ചത്.
ചെയർപേഴ്സന്റെ നീക്കത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ചെയർപേഴ്സനു പിന്തുണയില്ലെന്ന തുറന്ന കത്ത് ജില്ല നേതൃത്വത്തിന് നൽകുകയും ചെയ്തിരുന്നു. മുതിർന്ന നേതാക്കൾ നടത്തിയ മാരത്തൺ ചർച്ചയിൽ ഒരു വിധം അസ്വാരസ്യങ്ങൾ കെട്ടടങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ കൗൺസിലിൽ ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനത്തിന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് വിട്ടുനൽകുന്ന വിഷയം അജണ്ടയായി ചർച്ചക്കെടുത്തത് കോൺഗ്രസ് അംഗങ്ങളെ വീണ്ടും ചൊടിപ്പിച്ചു.
കോൺഗ്രസ് എതിർപ്പ് അവഗണിച്ച് ചെയർപേഴ്സൻ വിഷയം വോട്ടിനിടുകയും ഇടതുപിന്തുണയോടെ പാസാക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങൾ സ്വതന്ത്ര മുന്നണിക്കുള്ള പിന്തുണ പിൻവലിച്ചതോടെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്.


