പ്ലസ് വൺ വിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; റാഗിങ്ങെന്ന് പിതാവ്, നിഷേധിച്ച് സ്കൂൾ അധികൃതർ
text_fieldsരുദ്ര രാജേഷ്
കല്ലേക്കാട് (പാലക്കാട്): പ്ലസ് വൺ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്ര രാജേഷിനെയാണ് (16) ബുധനാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഒറ്റപ്പാലം വരോട് സ്വദേശികളായ രാജേഷ്-ശ്രീജ ദമ്പതികളുടെ മകളാണ്.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂളിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തി. മകൾ മരിച്ചത് സീനിയർ വിദ്യാർഥികളുടെ റാഗിങ് മൂലമാണെന്ന് പിതാവ് രാജേഷ് ആരോപിച്ചു. സീനിയർ വിദ്യാർഥികൾ മകളെ മർദിക്കാൻ ശ്രമിച്ചെന്നും ഹോസ്റ്റൽ വാർഡന് എല്ലാം അറിയാമെന്നും പിതാവ് പറയുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ചൈൽഡ് ലൈനിലും പൊലീസിലും കുടുംബം പരാതി നൽകി.
അതേസമയം, പിതാവിന്‍റെ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. റാഗിങ്ങുമായി ബന്ധപ്പെട്ട് വിദ്യാർഥിനിയോ കുടുംബമോ പരാതി നൽകിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് സ്കൂളിലെത്തി അന്വേഷണം നടത്തും. മരിച്ച രുദ്രയുടെ സഹപാഠികളിൽനിന്നും അധ്യാപകരിൽനിന്നും മൊഴി രേഖപ്പെടുത്തും. പാലക്കാട് ടൗൺ നോർത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്.
ജില്ല ആശുപത്രിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഉച്ചക്ക് 1.30ഓടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ടൗൺ നോർത്ത് പൊലീസിന്‍റെ നേതൃത്വത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.


