പി.എം ശ്രീ: എതിർപ്പിലുറച്ച് സി.പി.ഐ; ഇടതുമുന്നണി ചർച്ച ചെയ്തേക്കും
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ പദ്ധതിയായ പി.എം ശ്രീ കരാർ ഒപ്പിടാനും അതുവഴി സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനും വഴിതുറക്കുന്ന നീക്കം വിവാദമായതോടെ, വിഷയം ഇടതുമുന്നണി ചർച്ച ചെയ്തേക്കും. സി.പി.ഐ പരസ്യമായി രംഗത്തുവന്നതോടെ, അടുത്ത മന്ത്രിസഭ യോഗത്തിൽ വിഷയം വീണ്ടും അജണ്ടയായി കൊണ്ടുവരാനുള്ള തീരുമാനവും മാറ്റിയേക്കും.
കഴിഞ്ഞ മന്ത്രിസഭയിൽ വിഷയം അജണ്ടയായി വന്നെങ്കിലും സി.പി.ഐ മന്ത്രിമാർ എതിർപ്പ് പ്രകടിപ്പിച്ചതോടെ, ചർച്ചകൾക്കുശേഷം പരിഗണിക്കാൻ മാറ്റി. പിന്നാലെ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. തെരഞ്ഞെടുത്ത സ്കൂളുകളുടെ ഭൗതിക, അക്കാദമിക നിലവാരമുയർത്താൻ ലക്ഷ്യമിടുന്ന പി.എം ശ്രീ പദ്ധതിയുടെ മാനദണ്ഡങ്ങളാണ് എതിർപ്പിന് കാരണം.
സ്കൂളുകളുടെ അക്കാദമിക നിയന്ത്രണം പദ്ധതി നടപ്പാക്കുന്നതോടെ, കേന്ദ്രം നിർദേശിക്കുന്ന രീതിയിലായിരിക്കും. സ്കൂളിന്റെ പേരിന് മുന്നിൽ പി.എം ശ്രീ എന്ന് ചേർത്ത് ബോർഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉൾപ്പെടുത്തണം. പദ്ധതി നടപ്പാക്കുന്നതോടെ, വിദ്യാഭ്യാസ മേഖലയിൽ കാവിവത്കരണ അജണ്ട ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയം പൂർണാർഥത്തിൽ കേരളം നടപ്പാക്കണം.
പി.എം ശ്രീയുടെ ഭാഗമാകുന്ന സ്കൂളുകൾ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നേട്ടങ്ങളുടെ പ്രദർശന കേന്ദ്രങ്ങൾ കൂടിയാക്കി മാറ്റണം. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളാണ് പി.എം ശ്രീയിൽ ഉൾപ്പെടുത്തുക. സ്കൂളിന് വികസന പ്രവർത്തനങ്ങൾക്ക് പരമാവധി ഒരു കോടി രൂപ വരെ ലഭിക്കും.
60 ശതമാനം കേന്ദ്രം ചെലവഴിക്കുമ്പോൾ 40 ശതമാനം സംസ്ഥാനം വഹിക്കണം. സംസ്ഥാന സർക്കാർ സ്ഥാപിച്ച് പരിപാലിച്ചുപോരുന്ന സ്കൂളുകൾ ബി.ജെ.പി സർക്കാറിന്റെ കാവിവത്കരണ അജണ്ട നടപ്പാക്കാനുള്ള ഇടമാക്കി വിട്ടുകൊടുക്കുന്നത് എന്തിനെന്ന ചോദ്യമാണ് സി.പി.ഐ ഉന്നയിക്കുന്നത്. സി.പി.ഐ അധ്യാപക സംഘടനായ എ.കെ.എസ്.ടി.യുവും പദ്ധതിക്കെതിരെ രംഗത്തുണ്ട്.
ദേശീയ വിദ്യാഭ്യാസ നയം പൂർണാർഥത്തിൽ നടപ്പാക്കണമെന്നതുൾപ്പെടെയുള്ള കരാർ വ്യവസ്ഥകളിൽ ഒപ്പിടുന്നതോടെ, ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കാൻ കേന്ദ്രത്തിന് കഴിയും. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിനെ തുടർന്ന് സമഗ്രശിക്ഷ പദ്ധതികളുടെ ഫണ്ട് വിഹിതം കേന്ദ്രം തടഞ്ഞതോടെയാണ് കരാറിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയത്.