പി.എം ശ്രീ: സി.പി.എമ്മിന്റെ അനുനയത്തെ സി.പി.ഐ തള്ളിയത് ‘അടവുനയ’മായി കണ്ട്
text_fieldsതിരുവനന്തപുരം: ഇടതു മുന്നണിയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി പി.എം ശ്രീയിൽ ഒപ്പുവെച്ചതിലെ തർക്കത്തിൽ സി.പി.എം മുന്നോട്ടുവെച്ച അനുനയന നിർദ്ദേശങ്ങളെ ‘അടവുനയ’മായി കണ്ടാണ് സി.പി.ഐ തള്ളിയത്. ഭരണ പങ്കാളിത്തം നഷ്ടമാകുന്ന സാഹചര്യമുണ്ടായാലും നിലപാട് ബലികൊടുക്കാനില്ലെന്നാണ് പ്രതിഷേധത്തിലൂടെ പാർട്ടി പ്രഖ്യാപിക്കുന്നത്. ഇത്രയും കാലം ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുകയും അവസാനം മന്ത്രിസഭ പോലും അറിയാതെ അതുമായി സഹകരിക്കുന്നതും സ്വന്തം അസ്തിത്വം ഇല്ലാതാക്കുന്ന സി.പി.എമ്മിന്റെ അടവുനയമായാണ് സി.പി.ഐ വിലയിരുത്തുന്നത്. അതിനാലാണ് പാർട്ടി ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറാകാത്തത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലും പ്രശ്ന പരിഹാരമുണ്ടാവാത്തതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ വിഷയത്തിൽ ഇടതുമുന്നണി കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലുമാണ്. പദ്ധതിയിൽനിന്ന് സർക്കാർ പിൻവാങ്ങണമെന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ ആവർത്തിച്ച സി.പി.ഐ പ്രശ്നം പരിഹരിക്കാത്തതിനാൽ ബുധനാഴ്ചത്തെ മന്ത്രിസഭ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും.
ഈ സർക്കാർ കാലത്ത് തൃശൂർ പൂരം കലക്കലിൽ എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യം, എലപ്പുള്ളിയിലെ ബ്രൂവറി വിഷയം തുടങ്ങിയവയിലെല്ലാം സി.പി.എം -സി.പി.ഐ ഏറ്റുമുട്ടലുണ്ടായിരുന്നെങ്കിലും അതൊന്നും മന്ത്രി സഭയിലേക്കടക്കം എത്തിയിരുന്നില്ല. ഒന്നാം പിണറായി സർക്കാർ കാലത്ത് കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയാവശ്യത്തിലാണ് ഇത്തരമൊരു നീക്കം മുമ്പുണ്ടായത്. അന്നത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത്. മന്ത്രിസഭയിൽ നിന്ന് വിട്ടുനിന്ന സി.പി.ഐ മന്ത്രിമാർ അന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയിൽ പ്രത്യേകം യോഗം ചേരുകയായിരുന്നു.
സമാനമായ അവസ്ഥയിലേക്കാണ് ഇപ്പോഴത്തെ പോക്ക്. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും പാർട്ടി കോൺഗ്രസ് രേഖകൾ തന്നെ ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കണമെന്ന് വ്യക്തമാക്കുമ്പോൾ അതുമായി സഹകരിക്കാൻ ഇടതുസർക്കാറിനെങ്ങിനെയാണ് കഴിയുക എന്ന ചോദ്യവും പ്രതിഷേധത്തോടൊപ്പം സി.പി.ഐ ഉയർത്തുന്നുണ്ട്. ഇതിന് രാഷ്ട്രീയമായി സി.പി.എം എന്തുമറുപടിയാണ് നൽകുക എന്നതും പ്രധാനമാണ്.


