സി.പി.എമ്മിൽ ചോദ്യങ്ങൾ ബാക്കി കരാറിൽനിന്ന് ഒഴിവാകാൻ കടമ്പകളേറെ
text_fieldsതിരുവനന്തപുരം: സി.പി.ഐയുടെ രാഷ്ട്രീയ സമ്മർദത്തിനൊടുവിൽ പി.എം ശ്രീയിൽനിന്ന് സർക്കാർ പിന്മാറിയെങ്കിലും സമവായമുണ്ടാക്കാതെ ‘രഹസ്യമായി’ ധാരണാപത്രം ഒപ്പുവെച്ചതിലടക്കം സി.പി.എമ്മിനുള്ളിലുയർന്ന ചോദ്യങ്ങളും വിമർശനങ്ങളും കെട്ടടങ്ങിയില്ല.
തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിവാദ പദ്ധതിയിൽ ഒപ്പിടാനുള്ള സാഹചര്യം എന്താണെന്നതാണ് ഉയരുന്ന ചോദ്യം. സി.പി.എമ്മിന്‍റെയും സി.പി.ഐയുടെയും പാർട്ടി കോൺഗ്രസുകൾ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞ ദേശീയ വിദ്യാഭ്യാസ നയമടക്കം പരോക്ഷമായി അംഗീകരിച്ച സർക്കാറിന്‍റെ ജാഗ്രതക്കുറവ് പാർട്ടി സെക്രട്ടേറിയറ്റ് ഗൗരവത്തിൽ ചർച്ച ചെയ്യും. ഒപ്പിട്ട ശേഷമാണ് പാർട്ടിയും ഇക്കാര്യം അറിഞ്ഞത്.
ഇടതുമുന്നണിയിൽ പോലും സമവായമുണ്ടാകാത്തതിനാൽ പദ്ധതിയിൽനിന്ന് വേഗം ‘തലയൂരുക’ എന്നതാണ് സി.പി.എമ്മിലെ പൊതുവികാരം. സി.പി.ഐ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച പാർട്ടിയും സി.പി.എം രാഷ്ട്രീയ നിലപാട് ബലികൊടുത്ത പാർട്ടിയുമെന്ന തരത്തിൽ ഉയർന്ന ചർച്ചകൾ അവസാനിപ്പിക്കുകയാണ് പാർട്ടിക്ക് മുന്നിലെ മറ്റൊരു വെല്ലുവിളി.
ഇടതുമുന്നണിയുടെ കെട്ടുറപ്പ് ദുർബലമാവാതിരിക്കാനാണ് ഇരുപക്ഷത്തെയും നേതാക്കൾ വാക്പോരിന്‍റെ സാഹചര്യം തന്നെ ഒഴിവാക്കുന്നത്. വളഞ്ഞിട്ട് ആക്രമിച്ചെന്ന തരത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രസ്താവന പോലും നേതാക്കൾ ഏറ്റുപിടിക്കാത്തതും ഇക്കാരണത്താലാണ്.
ആദ്യം എതിർക്കുന്ന പദ്ധതികൾ കാലക്രമേണ പാർട്ടി അംഗീകരിക്കുന്നുവെന്നും ബി.ജെ.പി ഒളിച്ചുകടത്തുന്ന ഹിന്ദുത്വ നയങ്ങളെ വളഞ്ഞവഴികളിലൂടെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള വാദം അന്തരീക്ഷത്തിലുണ്ട്. ഇത് തെരഞ്ഞെടുപ്പ് വേളയിൽ ന്യൂനപക്ഷങ്ങളുടെയടക്കം അപ്രീതിക്ക് കാരണമാവുകയും പാർട്ടിയുടെ സംഘ്പരിവാർ പ്രതിരോധത്തിന്‍റെ മുനയൊടിക്കുകയും ചെയ്യുന്നതിനാൽ പദ്ധതിയിൽ ഇനി പുനരാലോചനയുണ്ടാവില്ല.
പദ്ധതിയിൽനിന്ന് പിന്മാറി മുഖം രക്ഷിച്ചെങ്കിലും കരാറിൽനിന്ന് ഒഴിവാകാൻ സർക്കാറിനുമുന്നിൽ കടമ്പകളേറെയാണ്. 2022ൽ പഞ്ചാബ് സർക്കാർ പദ്ധതിയുടെ ഭാഗമായെങ്കിലും 2023ൽ പിന്മാറി. എന്നാൽ, കരാറിൽനിന്ന് പിന്മാറാനാവില്ലെന്ന നിലപാട് കേന്ദ്രം കൈക്കൊണ്ടതോടെ 2024ൽ വീണ്ടും പദ്ധതിയുടെ ഭാഗമായി. സമാന പ്രശ്നമാണ് കേരളത്തിന്‍റെ കാര്യത്തിലും ഉണ്ടായേക്കുക. അതിനാൽതന്നെ കരാർ മരവിപ്പിച്ചെങ്കിലും പി.എം ശ്രീ ഏറെക്കാലം കുരുക്കായി സി.പി.എമ്മിന്‍റെയും സർക്കാറിന്‍റെയും കഴുത്തിലുണ്ടാകും.


