Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫണ്ട് വേണോ, നിലപാടിൽ...

ഫണ്ട് വേണോ, നിലപാടിൽ ഉറച്ചുനിൽക്കണോ? പി.എം ശ്രീയിൽ കുരുങ്ങി സർക്കാർ

text_fields
bookmark_border
ഫണ്ട് വേണോ, നിലപാടിൽ ഉറച്ചുനിൽക്കണോ? പി.എം ശ്രീയിൽ കുരുങ്ങി സർക്കാർ
cancel

തിരുവനന്തപുരം: ഫണ്ട് വേണോ, നിലപാടിൽ ഉറച്ചുനിൽക്കണോ എന്ന പ്രതിസന്ധിയിൽ കുരുങ്ങി പി.എം ശ്രീയിൽ സർക്കാർ തീരുമാനം അനിശ്ചിതത്വത്തിൽ. പദ്ധതിയിൽ തുടരുന്നതിനുള്ള സാധ്യത തേടാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചെങ്കിലും രണ്ട് യോഗം ചേർന്നതല്ലാതെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. അടുത്ത യോഗം ചേർന്ന് റിപ്പോർട്ട് അന്തിമമാക്കാമെന്ന് തീരുമാനിച്ച് പിരിഞ്ഞിട്ട് ഒന്നര മാസത്തോളമായി. മൂന്നാമത്തെ യോഗം ചേരാൻ നിശ്ചയിച്ചത് മന്ത്രിമാർ പ്രളയ ദുരിതാശ്വാസ ചുമതലയിലായതോടെ മാറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞ സർക്കാർ ധാരണാപത്രം ഒപ്പിട്ട പദ്ധതിയിൽ തുടർപ്രവർത്തനങ്ങൾ സ്വീകരിക്കാത്തതിനാൽ, വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രധാന പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രഫണ്ട് തടസപ്പെട്ടിരിക്കുകയാണ്. 2026-27 വർഷത്തിൽ സമഗ്രശിക്ഷ പദ്ധതിയിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടത് 450 കോടിയോളം രൂപയാണ്. ഇതിൽ ആദ്യഗഡു പോലും ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള ഘടകങ്ങളായ സൗജന്യ പാഠപുസ്തകം, യൂനിഫോം എന്നിവക്കുള്ള പണമൊഴികൊയുള്ളതെല്ലാം കേന്ദ്രസർക്കാർ തടഞ്ഞിരിക്കുകയാണ്.

ഇതിന് പുറമെ 2022-23 വർഷം മുതലുള്ള 1150 കോടിയോളം രൂപയുടെ കുടിശ്ശികയുമുണ്ട്. കുടിശ്ശിക ലഭിക്കാനുള്ള സാധ്യതയില്ലെങ്കിലും ഇനിയങ്ങോട്ടുള്ള ഫണ്ട് ലഭിച്ചില്ലെങ്കിൽ പ്രവർത്തനം താളംതെറ്റുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. സംസ്ഥാനത്തിന്‍റെ താൽപര്യം സംരക്ഷിച്ച് ഫണ്ട് നേടിയെടുക്കണമെന്നും മുൻ സർക്കാർ ഒപ്പിട്ട ധാരണാപത്രത്തിൽ നിന്ന് പിൻമാറാൻ വ്യവസ്ഥയില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നിലപാട്. എന്നാൽ ഇതിനപ്പുറത്ത് പദ്ധതിയിൽ തുടരുന്നതിൽ മുസ്ലിം ലീഗിൽ നിന്നും കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും എതിർപ്പുയർന്നതാണ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയത്.

പ്രതിപക്ഷത്തായിരുന്നപ്പോൾ പി.എം ശ്രീ പദ്ധതിക്കെതിരെ എടുത്ത നിലപാട് ഭരണത്തിലേറിയപ്പോൾ വിഴുങ്ങുന്നുവെന്ന വിമർശനമാണ് ലീഗിൽ നിന്നും കോൺഗ്രസിലെ ഒരു വിഭാഗത്തിൽ നിന്നും ഉയരുന്നത്. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പദ്ധതിയിൽ കേരളം തുടരുന്നതിനെതിരെയുള്ള നിലപാട് രാഷ്ട്രീയകാര്യ സമിതിയിൽ ഉയർത്തി. എന്നാൽ പദ്ധതിയിൽ തുർന്നില്ലെങ്കിൽ സ്കൂൾ വിദ്യാഭ്യാസത്തിനുള്ള ഫണ്ട് ലഭിക്കില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധികാലത്ത് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രവർത്തനങ്ങളെ ഇത് ഞെരുക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഉപസമിതി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി എന്ന് തീരുമാനിച്ചെങ്കിലും റിപ്പോർട്ട് വൈകുന്നതിന് പോലും മുന്നണിയിലും സർക്കാറിലും തുടരുന്ന ഭിന്നസ്വരം കാരണമായി മാറി.

Show Full Article
TAGS:fund position PM SHRI Government of Kerala 
News Summary - PM Shri: Govt Caught in Dilemma
Next Story