പി.എം ശ്രീ: ഘടകകക്ഷികളുടെ പ്രതിഷേധം അതിരുകടന്നു, നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചു -മന്ത്രി ശിവന്‍കുട്ടി
text_fieldsവി. ശിവന്‍കുട്ടി.
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് പ്രതിഷേധം അതിരു കടന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇത് സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള പ്രശ്‌നമാണ്. ഇതില്‍ ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കളുടെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോയാല്‍ വിദ്യാഭ്യാസമന്ത്രിയെ തെരുവില്‍ നേരിടുമെന്ന് എ.ഐ.എസ്.എഫ് പ്രസ്താവിച്ചിരുന്നു.
“പി.എം ശ്രീ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കമാണ് ഉണ്ടായിരുന്നത്. ഒരു വിഷയമുണ്ടാകുമ്പോള്‍ ഘടകകക്ഷികള്‍, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സംഘടനകള്‍ ഉപയോഗിക്കേണ്ട വാക്കുകളും നടത്തേണ്ട പ്രവൃത്തികളും അവര്‍ ഒന്നുകൂടി പക്വതയോടെ ചെയ്യണമായിരുന്നു. ഒരിക്കലും ആര്‍ക്കും വേദന ഉണ്ടാകുന്ന കാര്യം ചെയ്യാന്‍ പാടില്ലായിരുന്നു. പ്രയോഗിക്കുന്ന വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിക്കുന്നത് എല്ലാവര്‍ക്കും നല്ലതാണ്. വേദന തോന്നുന്ന തരത്തിലുള്ള പ്രതിഷേധം ഒരിക്കലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ ഉണ്ടാകാന്‍ പാടില്ല” -മന്ത്രി പറഞ്ഞു.
നേരത്തെ പി.എം ശ്രീയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്ന് എ.എ റഹീം എം.പി പറഞ്ഞു. സാമ്പത്തികമായ ഒരു സാഹചര്യത്തെ മറികടക്കാനുള്ള നീക്കമായിരുന്നു. അനിവാര്യമായ സാഹചര്യത്തിലാണ് അത് ചെയ്തത്. ദുർബലരായ മനുഷ്യരാണ് പല തൊഴിലാളികളും. അവരെ സഹായിക്കാൻ കൂടിയുള്ള നീക്കമാണ് നടത്തിയത്. ഫെഡറൽ രാജ്യത്ത് ഒരുതരത്തിലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഒപ്പിട്ടില്ലെങ്കിൽ കേരളത്തിന് അവകാശപ്പെട്ട പണം തരില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അതിനാലാണ് ഒപ്പിട്ടത്.
പി.എം ശ്രീയിൽ ഒപ്പിട്ടതിൽ തെറ്റില്ല. നേരത്തെ പി.എം ഉഷയിൽ ഒപ്പിട്ടതും കാബിനറ്റ് കാണാതെയാണെന്നും റഹീം പറഞ്ഞു. പി.എം ശ്രീയിൽ എന്താണ് പ്രശ്‌നമെന്ന് കോൺഗ്രസിന് അവരുടെ വർക്കിങ് കമ്മിറ്റി അംഗമായ ശശി തരൂരിനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. അവരാണ് സി.പി.ഐയെ കുറിച്ച് ചോദിക്കുന്നത്. സി.പി.ഐ മറ്റൊരു രാഷ്ട്രീയ പാർട്ടിയാണ്. അവർക്ക് അവരുടെ വിമർശനം ഉന്നയിക്കാം. അവരുടെ പരാതികൾ പരിഹരിക്കാനുള്ള ശരിയായ രാഷ്ട്രീയ ആരോഗ്യം ഇടത് മുന്നണിക്കുണ്ടെന്നും റഹീം പറഞ്ഞു.
അതേസമയം പി.എം ശ്രീയുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും പരാതികളും ഉയർന്ന സാഹചര്യത്തിൽ പുനഃപരിശോധിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.രാജൻ, റോഷി അഗസ്റ്റിൻ, പി.രാജീവ്, പി.പ്രസാദ്, കെ.കൃഷ്ണൻ കുട്ടി, എ.കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിലുള്ളത്. ഉപസമിതി റിപ്പോർട്ട് വരുന്നത് വരെ പി.എം.ശ്രീയിൽ തുടർ നടപടികൾ ഉണ്ടാവില്ല. ഇതുസംബന്ധിച്ച് കേന്ദ്രത്തിന് കത്തയക്കും. വിദ്യാഭ്യാസ മന്ത്രിയായിരിക്കും സമിതിയുടെ അധ്യക്ഷൻ.


