പി.എം ശ്രീ: വിവാദമടങ്ങുമ്പോൾ മന്ത്രി ശിവൻകുട്ടിക്കും വകുപ്പിനും പ്രതിഛായാനഷ്ടം
text_fieldsതിരുവനന്തപുരം: പി.എം ശ്രീ കരാർ ഒപ്പുവെക്കലും വിവാദങ്ങളെ തുടർന്നുള്ള പിന്മാറ്റവും വിദ്യാഭ്യാസ വകുപ്പിനും മന്ത്രി വി. ശിവൻകുട്ടിക്കും സമ്മാനിച്ചത് പ്രതിഛായാനഷ്ടം. രണ്ടാം പിണറായി സർക്കാറിൽ പൊതുവിദ്യാഭ്യാസ വകുപ്പും മന്ത്രി വി. ശിവൻകുട്ടിയും മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചെന്ന വിലയിരുത്തലാണ് പൊതുവേ ഉണ്ടായിരുന്നത്. എന്നാൽ, ഭരണത്തിന്‍റെ അവസാന വർഷം സർക്കാറിനെയും മുന്നണിയെയും പിടിച്ചുലച്ച പി.എം ശ്രീ വിവാദം ആ ‘സൽപേര്’ കളഞ്ഞുകുളിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ലക്ഷ്യമിടുന്ന ദേശീയ വിദ്യാഭ്യാസ നയത്തെ പ്രതിരോധിക്കുന്നതിൽ മുന്നിൽനിന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമായിരുന്നു. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതി ആർ.എസ്.എസ് താൽപര്യാനുസരണം വെട്ടിമാറ്റിയപ്പോൾ അവ പുനഃസ്ഥാപിച്ച് ബദൽ പാഠപുസ്തകം ഇറക്കാൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ധൈര്യം കാട്ടി.
അതേ പൊതുവിദ്യാഭ്യാസ വകുപ്പ് രഹസ്യമായി ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് നടപ്പാക്കാൻ പി.എം ശ്രീ കരാറിൽ ഒപ്പിട്ടതോടെയാണ് ഇമേജ് തകർന്നത്. വാർത്തസമ്മേളനത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിന് എന്താണ് പ്രശ്നമെന്നും താൻ നിലപാട് മാറ്റിയെന്നും മന്ത്രി പറയുന്ന അസാധാരണ സാഹചര്യവുമുണ്ടായി.
മന്ത്രി ശിവൻകുട്ടിക്ക് അടുക്കും ചിട്ടയുമുള്ള വകുപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പിനെ മാറ്റാനായി. സ്കൂൾ തുറക്കൽ മുന്നൊരുക്കം, പാഠപുസ്തക അച്ചടി, കായിക മേളകൾ, കലോത്സവങ്ങൾ, പരീക്ഷ നടത്തിപ്പ് തുടങ്ങിയവയിലെല്ലാം മന്ത്രിയുടെ ‘ടച്ച്’ അനുഭവപ്പെട്ടു. വകുപ്പിലെ പിഴവുകളെ ന്യായീകരിക്കുന്നതിന് പകരം ശക്തമായ തിരുത്തൽ നടപടികൾക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ എടുത്ത നടപടി ഉദാഹരണം.
സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിനുള്ള കേന്ദ്രവിഹിതം 2023 മുതൽ കുടിശ്ശികയായതോടെയാണ് വകുപ്പ് പ്രതിസന്ധിയിലായത്. ഫണ്ട് തടഞ്ഞെങ്കിലും പി.എം ശ്രീയിൽ ഒപ്പിടേണ്ടതില്ലെന്ന നിലപാടിൽ ഏറെക്കാലം ഉറച്ചുനിന്ന ശേഷമാണ് മന്ത്രിയുടെ അപ്രതീക്ഷിത മനംമാറ്റം. മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ശിവൻകുട്ടിയും മാത്രം അറിഞ്ഞുള്ള ഒപ്പിടൽ ഒടുവിൽ വകുപ്പിനെത്തന്നെ പ്രതിസന്ധിയുടെ നടുക്കടലിലാക്കി.


