Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ശ്രീ:...

പി.എം ശ്രീ: എതിർപ്പിലുറച്ച് യൂത്ത് ലീഗും എം.എസ്.എഫും

text_fields
bookmark_border
പി.എം ശ്രീ: എതിർപ്പിലുറച്ച് യൂത്ത് ലീഗും എം.എസ്.എഫും
cancel

മലപ്പുറം: പി.എം ശ്രീ കേരളത്തിൽ നടപ്പാക്കുന്നതിൽ സർക്കാർതലത്തിൽ അടിയന്തര കൂടിയാലോചനകൾ നടക്കുന്നതിനിടെ, പദ്ധതിയോട് വിയോജിപ്പ് ആവർത്തിച്ച് യൂത്ത് ലീഗും എം.എസ്.എഫും. പദ്ധതിയിൽ തുടരാനുള്ള സാധ്യതകൾ മുഖ്യമന്ത്രി വി.ഡി. സതീശൻ തേടുന്നതിനിടെയാണ് മുസ്‍ലിം ലീഗിന്റെ പോഷക സംഘടന നേതൃത്വങ്ങൾ വീണ്ടും പരസ്യമായി രംഗത്ത്‍ വന്നത്.

യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം മലപ്പുറം ജില്ല സമ്മേളനത്തിലും തുടർന്ന് കോഴിക്കോട്ടും ശനിയാഴ്ച ദുബൈയിലും പദ്ധതിയോട് വിയോജിപ്പ് പരസ്യമായി പ്രകടപ്പിച്ചു. പി.എം ശ്രീ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേവലം ഫണ്ടിനപ്പുറം കേന്ദ്രഅജണ്ട നടപ്പാക്കുന്നതാണ് പദ്ധതിയെങ്കിൽ അംഗീകരിക്കില്ലെന്നുമാണ് മുനവ്വറലി തങ്ങൾ പറഞ്ഞത്. നേരത്തെ, ലീഗിന്റെ വിദ്യാർഥി സംഘടനയായ എം.എസ്.എഫും ശക്തമായ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. പദ്ധതി നടപ്പാക്കാമെന്ന് ഒരു സർക്കാറും വ്യാമോഹിക്കേണ്ടൈന്നും ഭരണം മാറുന്നതിനനുസരിച്ച് തങ്ങളുടെ നിലപാട് മാറില്ലെന്നുമാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ വ്യക്തമാക്കിയത്.

മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് പോഷക സംഘടന നേതൃത്വങ്ങളുടെ പ്രതികരണങ്ങളെന്നാണ് സൂചന. അതേസമയം, ചർച്ചകൾക്കും കൂടിയാലോചനകൾക്കുംശേഷം സർക്കാർ നിലപാട് മുഖ്യമന്ത്രി പറയുമെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമതിയിൽ ഭിന്നസ്വരമുണ്ടായെങ്കിലും പദ്ധതിയിൽ തുടരണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് മുഖമന്ത്രി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോൾ കേന്ദ്രഫണ്ട് വേണ്ടെന്നുവെക്കാനാവില്ലെന്ന നിലപാടിലാണ് അദ്ദേഹം. തുടർ നടപടിക്ക് കേന്ദ്രം വീണ്ടും കത്തയച്ച സാഹചര്യത്തിൽ പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ച മന്ത്രിസഭ ഉപസമിതി വീണ്ടും ചേരാനിരിക്കെയാണ് ലീഗിന്റെ പോഷക സംഘടനകളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് ഉയരുന്നത്. ഫണ്ടിനപ്പുറം പി.എം ശ്രീയിലൂടെ അടിച്ചേൽപ്പിക്കപ്പെടുന്ന കേന്ദ്ര പാഠ്യപദ്ധതിയാണ് പ്രശ്നമെന്നും സംഘ്പരിവാർ അജണ്ടയും കാവിവത്കരണവും അനുവദിക്കാനാവില്ലെന്നുമാണ് യൂത്ത് ലീഗും എം.എസ്.എഫും ആവർത്തിക്കുന്നത്.

Show Full Article
TAGS:PM SHRI opposition youth league MSF 
News Summary - PM SHRI: Youth League and MSF Stand Firm in Opposition
Next Story