പി.എം ശ്രീ: പൊളിയുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന് ‘കേരള ബദൽ’ എന്ന സർക്കാർ അവകാശവാദം
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാനുള്ള സർക്കാർ തീരുമാനത്തോടെ പൊളിഞ്ഞുവീഴുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന് (എൻ.ഇ.പി) ‘കേരള ബദൽ’ എന്ന സർക്കാർ അവകാശവാദം. സ്കൂൾ വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും എൻ.ഇ.പി അടിസ്ഥാനപ്പെടുത്തി കേന്ദ്രം പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപപ്പെടുത്തിയിരുന്നു.
ഹിന്ദുത്വ ആശയങ്ങൾ ഒളിച്ചുകടത്താൻ ലക്ഷ്യമിടുന്ന എൻ.ഇ.പി അധിഷ്ഠിത പാഠ്യപദ്ധതി ചട്ടക്കൂട് തള്ളി കേരളം രണ്ട് മേഖലയിലും പ്രത്യേക പാഠ്യപദ്ധതി ചട്ടക്കൂടും പാഠ്യപദ്ധതിയുമൊരുക്കി. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്കൂളുകളിൽ പാഠപുസ്തക പരിഷ്കരണവും സർവകലാശാല തലത്തിൽ നാല് വർഷ ബിരുദ പ്രോഗ്രാമും നടപ്പാക്കിയത്. ഇത് നടപ്പാക്കിയപ്പോഴെല്ലാം കേരളം എൻ.ഇ.പി നടപ്പാക്കില്ലെന്നും ബദൽ നയമാണ് നടപ്പാക്കുന്നതെന്നുമായിരുന്നു പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും സി.പി.എമ്മും വിശദീകരിച്ചത്.
എന്നാൽ, പി.എം ശ്രീക്ക് വേണ്ടി കേന്ദ്രസർക്കാർ തയാറാക്കിയ ധാരണപത്രത്തിൽ ഒപ്പിടുന്നതോടെ കേരളം എൻ.ഇ.പിക്ക് കീഴടങ്ങേണ്ടിവരും. പദ്ധതിക്കായി ഒപ്പിടേണ്ട ധാരണപത്രത്തിൽ എൻ.ഇ.പിയുടെ എല്ലാ വ്യവസ്ഥകളും ബന്ധപ്പെട്ട സംസ്ഥാനം നടപ്പാക്കുമെന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. പി.എം ശ്രീയിലേക്ക് തിരഞ്ഞെടുക്കുന്ന സ്കൂളുകളിൽ എൻ.ഇ.പി അധിഷ്ഠിതമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പാഠ്യപദ്ധതിയും നടപ്പാക്കേണ്ടി വരും.
കേന്ദ്രസർക്കാർ പുറത്തിറക്കിയ രേഖയിൽ പി.എം ശ്രീയുടെ ആറ് തൂണുകളായി എണ്ണിപ്പറയുന്നതിൽ ഒന്നാമത്തേത് എൻ.ഇ.പി അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതി, ബോധനരീതി, വിലയിരുത്തൽ എന്നിവയാണ്. എൻ.ഇ.പി അടിസ്ഥാനപ്പെടുത്തി എൻ.സി.ഇ.ആർ.ടിയാണ് കേന്ദ്രസർക്കാറിന് വേണ്ടി ദേശീയ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂട് (എൻ.സി.എഫ്.എസ്.ഇ) രൂപപ്പെടുത്തിയത്.
എൻ.സി.എഫ്.എസ്.ഇക്ക് പുറമെ എൻ.ഇ.പി അധിഷ്ഠിതമായി സംസ്ഥാനങ്ങൾ തയാറാക്കിയ പാഠ്യപദ്ധതിയും പി.എം ശ്രീ സ്കൂളുകൾക്ക് പിന്തുടരാം.
-


