വിവാഹം കഴിച്ച് പോക്സോ കേസിൽപ്പെടുന്നവർ
text_fieldsകൽപറ്റ: ഗോത്രാചാരപ്രകാരം വിവാഹിതരാകുന്ന ആദിവാസി യുവാക്കളെപ്പോലെത്തന്നെ വിവാഹത്തിന് തയാറെടുക്കുന്നവരും പോക്സോ കേസിൽ കുരുങ്ങുന്നു. ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമമാണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് (പോക്സോ). ഗോത്ര വിഭാഗങ്ങൾക്കിടയിൽ പെൺകുട്ടികൾ 18 വയസ്സിനു മുമ്പേ വിവാഹിതരാവാറുണ്ട്. വരനും 18 പൂർത്തിയാകണമെന്നില്ല. എന്നാൽ, ഇത്തരത്തിൽ പെൺകുട്ടികൾ വിവാഹിതരായാൽ ഭർത്താവിനും രക്ഷിതാക്കൾക്കുമെതിരെ പോക്സോ കേസെടുക്കാം. വിവാഹിതരായി കുട്ടികളുമായി ജീവിക്കുന്നവരാണെങ്കിലും ഇതാണ് സ്ഥിതി. വർഷങ്ങൾ നീണ്ട തടവടക്കം കനത്ത ശിക്ഷയാണ് ലഭിക്കുക.
ഇതേപോലെ, ഇഷ്ടത്തിലായ പെൺകുട്ടിയുമായി വിവാഹത്തിന് തയാറെടുക്കുന്ന ഗോത്ര യുവാക്കളും പോക്സോ കേസുകളിലുൾപ്പെടുന്ന സംഭവങ്ങൾ കൂടിവരുകയാണ്. വിവാഹം കഴിക്കാതെത്തന്നെ പെൺകുട്ടിയുടെ വീട്ടിൽ പ്രതിശ്രുത വരൻ താമസിക്കാറുണ്ട്. വർഷങ്ങൾ കഴിഞ്ഞായിരിക്കും താലികെട്ടടക്കം നടക്കുക. ചൊവ്വാഴ്ച കൽപറ്റ പൊലീസ് സ്റ്റേഷനിൽ 17കാരനായ ആദിവാസി ബാലൻ ഗോകുൽ തൂങ്ങിമരിച്ച സംഭവവും സമാനമാണ്. പരിചയക്കാരിയായ പെൺകുട്ടിയുമൊത്ത് കണ്ട ഗോകുലിനെ കസ്റ്റഡിയിലെടുത്ത കൽപറ്റ പൊലീസ് 17കാരനെന്ന പരിഗണന നൽകാതെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ചു. തനിക്ക് 18 വയസ്സായി എന്ന് ഗോകുൽ പറഞ്ഞത് മാത്രം പൊലീസ് കേൾക്കുകയായിരുന്നു.
പോക്സോ പ്രകാരമുള്ള തുടർ പരിശോധനകൾ നടത്താനാണ് ഗോകുലിനെ സ്റ്റേഷനിൽ പാർപ്പിച്ചതെന്നാണ് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി പറഞ്ഞത്. ഗോകുലിനെ കൈയിൽ കിട്ടിയാൽ പുറംലോകം കാണിക്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നുണ്ട്. നേരത്തെ, പനമരത്ത് ആദിവാസി യുവാവായ രതിൻ തൂങ്ങിമരിച്ചിരുന്നു. കൂട്ടുകാരിക്കൊപ്പം കണ്ട രതിനെ പൊലീസ് ഭീഷണിപ്പെടുത്തി. പോക്സോ കേസ് ഭയന്നാണ് തൂങ്ങിമരണമെന്നാണ് ആരോപണം. കുട്ടികൾ ഉൾപ്പെടുന്ന കേസുകളാണെങ്കിൽ പൊലീസ് അപ്പോൾതന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി.ഡബ്ല്യു.സി) മുന്നിൽ കുട്ടികളെ ഹാജരാക്കണം.
പോക്സോ വകുപ്പ് വരുന്നതാണെങ്കിൽ സി.സി.എൽ (ചൈൽഡ് ഇൻ കോൺഫ്ലിക്റ്റ് വിത്ത് ലോ) എന്ന രൂപത്തിലാണ് കുട്ടികളെ പരിഗണിക്കേണ്ടത്. എഫ്.ഐ.ആറിന് പകരം എസ്.ബി.ആർ (സോഷ്യൽ ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട്) ആണ് പൊലീസ് തയാറാക്കേണ്ടത്. ഇതൊന്നും പക്ഷേ, ഇത്തരം സംഭവങ്ങളിൽ പൊലീസ് ചെയ്യുന്നില്ല. ആദിവാസി മേഖലകളില്‍ കാര്യമായ ബോധവത്കരണം നടക്കാത്തതിനാൽ വയനാട്ടിലും അട്ടപ്പാടിയിലും മറ്റ് ആദിവാസി മേഖലകളിലും നിരവധിപേർ ജയിലിലാകുന്നുണ്ട്. വസ്തുതകൾ പരിഗണിച്ച് ഇത്തരം സംഭവങ്ങളിൽ അനുഭാവപൂർവമായ പരിഗണന നൽകുകയാണ് വേണ്ടതെന്ന് ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി.ആർ. ചന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.