‘ഒരാളെ കൊന്നശേഷം ആത്മഹത്യ ചെയ്തത് പോലെ തോന്നുന്നു’ -കല്ലടിക്കോട് രണ്ടുപേർ വെടിയേറ്റുമരിച്ച സംഭവത്തിൽ പൊലീസ്
text_fieldsപാലക്കാട്: കല്ലടിക്കോട് മൂന്നേക്കറിൽ സുഹൃത്തിനെ വെടിവെച്ചുകൊന്ന ശേഷം മറ്റെയാൾ ആത്മഹത്യ ചെയ്തതാകാമെന്ന് കരുതുന്നതായി പൊലീസ്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു (42), അയൽവാസി നിതിൻ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് മൂന്നോടെയാണ് സംഭവം. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചനയെന്ന് സംഭവസ്ഥലത്തെത്തിയ പാലക്കാട് എസ്‌പി അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് പ്രാഥമിക നിഗമനം മാത്രമാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തിയാൽ മാത്രമേ യഥാർത്ഥത്തിൽ സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം ഉച്ച 2.45ന് ശേഷമാണ് കൊലപാതകം നടന്നത് എന്നാണ് കരുതുന്നത്. മരിച്ച രണ്ടുപേരും സംഭവം നടക്കുന്നതിന് ഏകദേശം ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് വരെ ഒരുമിച്ച് ഉണ്ടായിരുന്നു. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തി. ഇതിനു സമീപത്തുള്ള വീട്ടിലാണ് നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്. റബ്ബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് ബിനുവിന്‍റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീടാണ് വീട്ടിലെ അടുക്കളയിൽ നിതിന്‍റെ മൃതദേഹം കണ്ടെത്തിയത്.
നിതിന്റെ മൃതദേഹത്തിൽ പിറകിലും ബിനുവിന് മുൻഭാഗത്തുമാണ് വെടിയേറ്റത്. ഇൻക്വസ്റ്റ് നടത്തിയ ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. സംഭവസ്ഥലത്തേക്ക് സയന്റിഫിക് ടീം, ഡോഗ് സ്ക്വാഡ്, ഫോറൻസിക് വിദഗ്ധർ എന്നിവർ എത്തി പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.


