പന്തല്ലൂർ മുടിക്കോട് പൊലീസ് എയ്ഡ് പോസ്റ്റ് സംരക്ഷിത സ്മാരകമാക്കും
text_fieldsപന്തല്ലൂരിലെ പൊലീസ് എയ്ഡ് പോസ്റ്റ്
മഞ്ചേരി: ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പായ പന്തല്ലൂർ പൊലീസ് എയിഡ് പോസ്റ്റ് സംരക്ഷിത സ്മാരകമാക്കാനൊരുങ്ങി സർക്കാർ. ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടികൾ. നിലവിൽ റവന്യൂവകുപ്പിന്റെ കൈയിലുള്ള സ്ഥലം പുരാവസ്തു വകുപ്പിന് കൈമാറും.
റവന്യൂരേഖകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാൻ ജില്ല കലക്ടർ ഏറനാട് തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലത്തിന്റെ അതിർത്തി, സ്കെച്ച് എന്നിവ ഉൾപ്പടെ പരിശോധിച്ചായിരിക്കും തുടർനടപടികൾ. ഇതിനുശേഷം പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കും. പരാതികൾ കേൾക്കാൻ രണ്ട് മാസത്തെ സമയം നൽകും. ഇതിന് ശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും.
പതിറ്റാണ്ടുകളായി അവഗണനയുടെ കാട് മൂടിയ സ്ഥലം കഴിഞ്ഞ വർഷം കാടു വെട്ടി, മണ്ണു നീക്കി ചരിത്ര ശേഷിപ്പുകൾ വീണ്ടെടുക്കാനുള്ള നടപടികൾ പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. വർഷങ്ങളായി അടിഞ്ഞു കൂടിയ മണ്ണും നീക്കം ചെയ്തു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പഴശ്ശിരാജ മ്യൂസിയം ഇൻ ചാർജ് ഓഫിസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലായിരുന്നു വീണ്ടെടുക്കൽ നടപടികൾ നടത്തിയത്. മഴയും വെയിലും ഏൽക്കുന്നത് തടയാൻ താൽക്കാലികമായി ഷീറ്റ് കെട്ടിയിരുന്നു. ഇതിന് നാശം സംഭവിച്ചതോടെ സ്ഥിരമായി ഷീറ്റിടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
മലബാർ സമരകാലത്ത്, 1921 ആഗസ്റ്റ് 30ന് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലുള്ള സമര പോരാളികൾ എയിഡ് പോസ്റ്റ് ആക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പന്തല്ലൂരിലെയും പരിസര പ്രദേശങ്ങളിലെയും ബ്രിട്ടീഷ് വിരുദ്ധ പോരാളികളെ വീക്ഷിക്കാൻ നിർമിച്ച പൊലീസ് എയിഡ് പോസ്റ്റാണിത്. മുടിക്കോട് വില്ലേജ് ഓഫിസിന് സമീപത്താണ് പൊലീസ് എയിഡ് പോസ്റ്റും തടവറയും സ്ഥിതി ചെയ്യുന്നത്. ഖിലാഫത്ത് പ്രവർത്തകരെ പിടിച്ച് ക്രൂരമായി മർദിച്ച ജയിൽ കെട്ടിടമായിരുന്നു.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് സമര പോരാളികളെ തടവിലിട്ട എയിഡ് പോസ്റ്റും അതോടനുബന്ധിച്ച ജയിലറയും പതിറ്റാണ്ടുകളായി കാടു കയറി നശിക്കുകയായിരുന്നു. ഖിലാഫത്ത് പ്രവർത്തകരെ ഇവിടെ തടവിൽ പാർപ്പിച്ചിരുന്നു. പഴകി ദ്രവിച്ച കെട്ടിടവും ലോക്കപ് മുറിയുമാണ് ഇന്ന് അവശേഷിക്കുന്നത്. സമരം ശക്തി പ്രാപിച്ചപ്പോൾ പട്ടാളം സമരക്കാരെ വീക്ഷിച്ചത് എയ്ഡ് പോസ്റ്റ് കേന്ദ്രീകരിച്ചായിരുന്നു. പന്തല്ലൂർ മലനിരകൾ കേന്ദ്രീകരിച്ചാണ് പോരാളികൾ പട്ടാളത്തിനെതിരെ ഒളിപ്പോരാട്ടം നടത്തിയിരുന്നത്.
പിടിച്ച് ജയിലിലിടുന്ന പോരാളികളെ പാണ്ടിക്കാട്ടെ പ്രധാന ജയിലിലേക്ക് കൊണ്ടുപോകുന്നത് വരെ ഇവിടെ പാർപ്പിക്കുകയും പിന്നീട് പുഴയിലൂടെ പാണ്ടിക്കാട് പട്ടാള ക്യാമ്പിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ഔട്ട് പോസ്റ്റിൽനിന്ന് ക്യാമ്പിലേക്ക് പ്രത്യേക മാർഗവും ഉണ്ടായിരുന്നു.