‘ഓവർടേക്കിന് ശേഷം പഴയ ലെയ്നിലേക്ക് മാറണം’; പുതിയ ദേശീയപാതയിൽ യാത്രക്കാർക്ക് മാർഗനിര്‍ദേശവുമായി പൊലീസ്
text_fieldsതിരുവനന്തപുരം: നവീകരിച്ച ദേശീയ പാത ഉൾപ്പെടെയുള്ള ആറുവരി പാതകളിൽ ലെയ്ൻ ട്രാഫിക് കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ മാർഗനിർദേശങ്ങളുമായി പൊലീസ്. ഇരുചക്രവാഹന യാത്രക്കാർ നിരന്തരമായി ഗതാഗത നിയമലംഘനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊലീസിന്റെ നീക്കം.
കേരളത്തിലെ വിവിധ റോഡുകളില്‍, പ്രത്യേകിച്ച് ദേശീയ പാതകളിൽ, ഇരുചക്ര വാഹനയാത്രക്കാര്‍ റോഡിന്റെ വലതുവശം ചേര്‍ന്നും മീഡിയനോട് ചേര്‍ന്നും വാഹനം ഓടിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി കേരള പൊലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റിന്റെ നിരീക്ഷണത്തില്‍ വ്യക്തമായി.
ദേശീയ പാതയുൾപ്പെടെ വിവിധ റോഡുകളില്‍ പാലിക്കേണ്ട ലെയ്ന്‍ ട്രാഫിക് സംവിധാനം കാര്യക്ഷമമായി പാലിക്കപ്പെടാത്തതാണ് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണം. റോഡിലെ ഗതാഗതം സുഗമമാക്കുന്നതിനായി വാഹനങ്ങള്‍ ഓരോ വരിയായി ക്രമീകരിക്കുന്ന രീതിയാണ് ലെയ്ന്‍ ട്രാഫിക് സംവിധാനം.
ഓരോ വരിയും ആർക്കൊക്കെ ഉപയോഗിക്കാം?
- സാവധാനം പോകുന്ന വാഹനങ്ങളും ഭാരമേറിയ വാഹനങ്ങളും എപ്പോഴും റോഡിന്റെ ഏറ്റവും ഇടതുവശത്തുള്ള ലെയ്ന്‍ ഉപയോഗിക്കണം.
- സാധാരണ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കായി മധ്യഭാഗത്തെ ലെയ്നുകള്‍ ഉപയോഗിക്കാം.
- മറ്റു വാഹനങ്ങളെ മറികടക്കാന്‍ മാത്രമാണ് സാധാരണയായി ഏറ്റവും വലതുവശത്തെ ലെയ്ന്‍ ഉപയോഗിക്കുന്നത്.
- മറികടന്ന ശേഷം വീണ്ടും പഴയ ലെയ്നിലേക്ക് മാറണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- ലെയ്ന്‍ മാറുന്നതിന് മുമ്പ് ഇന്‍ഡിക്കേറ്റര്‍
- റിയര്‍ വ്യൂ- സൈഡ് മിറർ നോക്കി ലെയ്ൻ മാറുക
- അകലം പാലിക്കുക
- മുറിഞ്ഞ വെള്ള വരകളുള്ള ഇടങ്ങളില്‍ സുരക്ഷിതമെങ്കില്‍ ലെയ്ന്‍ മാറാം.
- മുറിയാത്ത വെള്ള വരകളുള്ള ഇടങ്ങളില്‍ ലെയ്ന്‍ മാറ്റം അനുവദനീയമല്ല.
- മഞ്ഞ വരകളുള്ള ഇടങ്ങളില്‍ ഓവർടേക്ക് ഒഴിവാക്കുക.
- ജങ്ഷനുകളിലും സീബ്ര ക്രോസിങ്ങുകളിലും ലെയ്ന്‍ മാറുന്നത് ഒഴിവാക്കുക.


