Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉപയോഗിക്കുന്ന ഐഫോണിന്...

ഉപയോഗിക്കുന്ന ഐഫോണിന് കസ്റ്റംസ് തീരുവ നൽകണമെന്ന്, ഉദ്യോഗസ്ഥരുമായി തർക്കം; കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്

text_fields
bookmark_border
ഉപയോഗിക്കുന്ന ഐഫോണിന് കസ്റ്റംസ് തീരുവ നൽകണമെന്ന്, ഉദ്യോഗസ്ഥരുമായി തർക്കം; കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്
cancel

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽവെച്ച് ഐഫോണിന് നൽകേണ്ട കസ്റ്റംസ് തീരുവയെച്ചൊല്ലി ഉദ്യോഗസ്ഥരുമായി തർക്കിച്ചതിന് യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിലാണ് കൊടകര സ്വദേശി അജാസിനെതിരെ നെടുമ്പാശ്ശേരി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച പുലർച്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദുബായിൽനിന്ന് നാട്ടിലേക്ക് വരികയായിരുന്ന അജാസ് അഞ്ച് ലക്ഷത്തിലധികം രൂപയുള്ള ഐഫോൺ 18 പ്രോയുമായിട്ടായിരുന്നു എയർപോർട്ടിലെത്തിയിരുന്നത്. എന്നാൽ ഇത്രയും വിലമതിക്കുന്ന സാധനങ്ങൾക്ക് 30,000 രൂപ തീരുവയടക്കാതെ കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ് ഫോൺ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെച്ചെന്നാണ് യുവാവിന്റെ ആരോപണം.

തുടർന്ന്, വ്യക്തിഗത ആവശ്യത്തിനുള്ളതാണെന്നും ടാക്സ് നൽകേണ്ടതില്ലെന്നും പറഞ്ഞ അജാസ്, കസ്റ്റംസ് തീരുവ അടക്കാൻ വിസമ്മതിക്കുകയും ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുകയുമായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇതേക്കുറിച്ച് വിഡിയോ ചെയ്ത് പങ്കുവെക്കുകയും ചെയ്തു.

എന്നാൽ, കസ്റ്റംസ് ഉദ്യോഗസ്ഥർ സി.ഐ.എസ്.എഫ് ഇടപെട്ട് യാത്രക്കാരനെ നീക്കുകയും തുടർനടപടികൾക്കായി ലോക്കൽ പൊലീസിന് കൈമാറുകയുമാണുണ്ടായത്.

യാത്രക്കാർക്ക് അനുവദനീയമായ പരിധിക്ക് അപ്പുറമുള്ള വിലകൂടിയ ഇലക്ട്രോണിക്സ് സാധനങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഈടാക്കുന്നത് നിയമപരമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ, യു.എ.ഇയിൽ നിന്ന് പുതിയ ഐഫോണുകൾ കൊണ്ടുവരുന്നവർക്ക് മേൽ അന്യായമായി നികുതി അടിച്ചേൽപ്പിച്ച് പണം തട്ടിയെടുക്കുകയാണെന്നാണ് യാത്രക്കാരന്റെ ആരോപണം. കൈവശം രണ്ട് ഫോണുകൾ ഉണ്ടെന്ന കാരണം പറഞ്ഞ് കസ്റ്റംസ് അധികൃതർ ഫോൺ കസ്റ്റഡിയിൽ വെക്കുകയായിരുന്നുവെന്നും, ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ഹൈകോടതിയെ സമീപിക്കുമെന്നും യുവാവ് അറിയിച്ചു.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. വിമാനത്താവളങ്ങളിലെ കസ്റ്റംസ് പരിശോധനകളിൽ സുതാര്യത വേണമെന്ന ആവശ്യവുമായി നിരവധി പ്രവാസികൾ രംഗത്തെത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:India News iPhone Kochi International Airport customs duty nedumbassery 
News Summary - Police Register Case Against Youth Who Protested at Airport Following Dispute with Customs Officials Over iPhone Duty
Next Story