ക്രെഡിറ്റ് വിവാദങ്ങൾക്ക് ബ്രേക്കിട്ട് രാഷ്ട്രീയകാര്യസമിതി
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ, കോൺഗ്രസിലുയർന്ന ‘ക്യാപ്റ്റൻ’ ‘ക്രെഡിറ്റ്’ വിവാദങ്ങൾ അനാവശ്യമെന്നും അവസാനിപ്പിക്കണമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. ഭിന്നതക്ക് ഇടവരുത്തുംവിധമുള്ള പരിദേവനങ്ങളും പരാമർശങ്ങളും മാറ്റിവെച്ച് ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങണം. രാഷ്ട്രീയ വിജയത്തിന്റെ മാറ്റ് കുറക്കുന്ന പരാമർശങ്ങൾ നേതാക്കളിൽ നിന്നുണ്ടാകരുതെന്നും നിലമ്പൂരിലേത് ടീം യു.ഡി.എഫിന്റെ വിജയമാണെന്നും രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.
‘താൻ പ്രതിപക്ഷ നേതാവായിരിക്കെ, എത്രയോ ഉപതെരഞ്ഞെടുപ്പുകൾ വിജയിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ പോയിട്ട് തന്നെയാരും കാലാൽപടയായി പോലും വിശേഷിപ്പിച്ചിട്ടില്ലല്ലോ’ എന്ന രമേശ് ചെന്നിത്തലയുടെ ചാനൽ അഭിമുഖ പരാമർശമാണ് പുറത്ത് ക്രെഡിറ്റ് വിവാദത്തിന് ആക്കം കൂട്ടിയത്.
എന്നാൽ, ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല തന്നെ രാഷ്ട്രീയകാര്യ സമിതിയിൽ വിശദീകരണവുമായെത്തി. ‘തന്നെക്കുറിച്ച് ആരും പേടിക്കേണ്ടെന്നും സംഘടനയിൽ ഇതിനെക്കാളും മോശം സാഹചര്യമുണ്ടായപ്പോൾ പോലും പാർട്ടിയെ മോശമാക്കുന്ന ഒരക്ഷരം മിണ്ടാത്തയാളാണ് താനെന്നും ചെന്നിത്തല വ്യക്തമാക്കി. വൈകാരികമായിരുന്നു പരാമർശങ്ങൾ.
അഭിമുഖത്തിൽ ഒരു പത്രത്തെ കുറിച്ചുള്ള പരാമർശമാണ് തെറ്റായ വ്യാഖ്യാനങ്ങൾക്കിടയാക്കിയത്. അൻവറിന്റെ വിഷയത്തിൽ യു.ഡി.എഫിന്റെ പൊതുനിലപാടിന് വിരുദ്ധമായി താനൊന്നും പറഞ്ഞിട്ടില്ല. ആ കൂട്ടായ നിലപാടിനൊപ്പമാണ് താനെന്നും ചെന്നിത്തല വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ പല ഭാഗങ്ങളിൽ നിന്നും ശ്രമമുണ്ടാകുമെന്നും ഒറ്റക്കെട്ടായി പോകണമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. നേതാക്കന്മാർ അനാവശ്യ വിവാദത്തിലേക്ക് പോകരുത്. ജയിക്കാൻ പറ്റിയ സാഹചര്യമാണ്. പരസ്പരം പ്രശ്നമുണ്ടെന്ന തോന്നൽ പുറത്തുണ്ടായാൽ അപകടകരമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. യു.ഡി.എഫിൽ ക്രെഡിറ്റിനെ പറ്റി ഒരു തർക്കവുമില്ലെന്നും വിജയം ടീം വർക്കിന് കിട്ടിയ അംഗീകാരമാണെന്നും കെ.പി.സി.സി പ്രസിഡന്റും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനവും പുനഃസംഘടനയുമായിരുന്നു പ്രധാന അജണ്ടയെങ്കിലും സാന്ദർഭികമായാണ് ക്രെഡിറ്റ് വിവാദങ്ങളിലേക്ക് ചർച്ച വഴിമാറിയത്.
ആസന്നമായ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്ന് സ്ഥാപിക്കാൻ തെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞെന്ന് യോഗം വിലയിരുത്തി. സിറ്റിങ് സീറ്റിൽ സി.പി.എമ്മിനെ പരാജയപ്പെടുത്തിയത് നിർണായക ഘട്ടത്തിലെ രാഷ്ട്രീയ വിജയമാണ്. പുനഃസംഘടന നടപടികൾ സാധ്യമാകും വേഗത്തിൽ പൂർത്തിയാക്കാനും രാഷ്ട്രീയകാര്യ സമിതിയിൽ ധാരണയായി. സമ്പൂർണ അഴിച്ചുപണിക്ക് നേതൃത്വം ഉദ്ദേശിക്കുന്നില്ല. അനിവാര്യമായ മാറ്റങ്ങൾ വരുത്തിയും മറ്റിടങ്ങളിൽ നിലവിലെ ഭാരവാഹികളെ നിലനിർത്തിയും പുനഃസംഘടന പൂർത്തിയാക്കും. രണ്ടിന് കെ.പി.സി.സി ഭാരവാഹി യോഗം ചേരുന്നുണ്ട്.