സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യം കൂടുന്നു
text_fieldsകൊച്ചി: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാലിന്യം വൻതോതിൽ കൂടുന്നു. ഒരു വർഷത്തിനിടെ വിവിധ ജില്ലകളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽനിന്ന് ക്ലീൻ കേരള കമ്പനി നീക്കിയത് 1,27,568.43 കിലോ മാലിന്യം. മലയോര വിനോദ സഞ്ചാര മേഖലകളിൽ ഒക്ടോബർ ഒന്നുമുതൽ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപനയും നിരോധിച്ച ഹൈകോടതി നടപടി ഇവിടങ്ങൾ മാലിന്യമുക്തമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുകളും (ഡി.ടി.പി.സി) തദ്ദേശ സ്ഥാപനങ്ങളും ശേഖരിച്ചു നൽകിയ മാലിന്യമാണ് ക്ലീൻ കേരള കമ്പനി നീക്കിയത്. സഞ്ചാരികൾ കൂടുതലെത്തുന്ന പല പ്രധാന കേന്ദ്രങ്ങളിലും മാലിന്യം ശേഖരിച്ച് കൈമാറാൻ ഡി.ടി.പി.സി ശാസ്ത്രീയ സംവിധാനം ഒരുക്കിയിട്ടില്ല. ഒരുവർഷത്തിനിടെ കൂടുതൽ മാലിന്യം നീക്കിയത് തൃശൂർ ജില്ലയിൽനിന്നാണ് -42,265 കിലോ. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്ന് മാലിന്യം ശേഖരിച്ച് കൈമാറിയിട്ടില്ല.
വിനോദ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന മാലിന്യം സമയബന്ധിതമായി നീക്കുന്നുണ്ടെന്നും എല്ലായിടത്തും കൃത്യമായി ശേഖരിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പാക്കേണ്ടതുണ്ടെന്നും ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു. ബീച്ചുകളും പാർക്കുകളും ഉൾപ്പെടെ വിനോദ കേന്ദ്രങ്ങളിലെ മാലിന്യത്തിൽ ഏറെയും സഞ്ചാരികൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നവയാണ്. പ്ലാസ്റ്റിക് കുപ്പി, കവർ, ഭക്ഷ്യവസ്തു പാക്കറ്റ് എന്നിവയാണ് കൂടുതലും.
ഹൈകോടതി നിർദേശങ്ങൾ
- ശുദ്ധജലം നൽകാൻ മലയോര വിനോദ മേഖലകളിൽ ജല കിയോസ്ക് സ്ഥാപിക്കണം. ഗ്ലാസ് കുപ്പി, കിയോസ്കുകൾ തുടങ്ങിയവ വഴി വെള്ളം ലഭ്യമാക്കണം. ഗ്ലാസ്, ലോഹക്കുപ്പികളിൽ ശുദ്ധജല വിൽപനക്ക് സൗകര്യം ഒരുക്കണം.
- ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുമായി മലയോര വിനോദ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നത് തടയണം. മറ്റു വെള്ളക്കുപ്പികൾ അനുവദിക്കാം.
- നദികളടക്കം ജല സ്രോതസ്സുകളിൽ പ്ലാസ്റ്റിക് തള്ളുന്നത് തടയാൻ സർക്കാറും തദ്ദേശ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം.