മുസ്ലിം പുരുഷന് ബഹുഭാര്യത്വം അനുവദനീയമാകുന്നത് എല്ലാ ഭാര്യമാർക്കും തുല്യനീതി ഉറപ്പാക്കാൻ കഴിയുമെങ്കിൽ മാത്രം -ഹൈകോടതി
text_fieldsകൊച്ചി: എല്ലാ ഭാര്യമാർക്കും തുല്യനീതി ഉറപ്പാക്കാൻ കഴിയുമെങ്കിൽ മാത്രമേ മുസ്ലിം പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കാനാവൂവെന്നാണ് ഖുർആനിന്റെ അധ്യാപനമെന്ന് ഹൈകോടതി. ഏതുസാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നത് തെറ്റിദ്ധാരണയാണ്. ഒന്നിലേറെ വിവാഹം ചെയ്യാൻ സമ്പത്തികമുണ്ടെങ്കിലും മുസ്ലിംകളിലെ ബഹുഭൂരിഭാഗം പേർക്കും ഒരു ഭാര്യ മാത്രമേയുള്ളൂ.
നീതി ഉറപ്പുവരുത്തണമെന്ന ഉദ്ഘോഷണമാണ് വിശുദ്ധഗ്രന്ഥത്തിന്റെ യഥാർഥ ആത്മാവ്. ഈ യാഥാർഥ്യം മറന്നാണ് സമുദായത്തിലെ ചിലർ ബഹുഭാര്യത്വം സ്വീകരിക്കുന്നത്. സമൂഹവും മതനേതൃത്വവും ഇവർക്ക് അറിവ് പകർന്നുനൽകേണ്ടതുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അഭിപ്രായപ്പെട്ടു. ഒന്നാം ഭാര്യ ജീവിച്ചിരിക്കെ രണ്ടാമത് വിവാഹംചെയ്ത സ്ത്രീയെ ഉപേക്ഷിച്ച് മൂന്നാം വിവാഹത്തിനൊരുങ്ങുന്ന അന്ധ യാചകന് കൗൺസലിങ് നൽകാൻ സർക്കാറിന് നിർദേശം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
യാചകനായി ജീവിക്കുന്നയാളോട് ജീവനാംശം നൽകാൻ നിർദേശിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കുടുംബ കോടതി ഉത്തരവ് ചോദ്യംചെയ്ത് പാലക്കാട് കുറ്റിപ്പുറം സ്വദേശി എൻ. സെയ്തലവിക്കെതിരെ മലപ്പുറം സ്വദേശി ജുബൈരിയ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. വെള്ളിയാഴ്ചകളിൽ പള്ളികളിൽ ഭക്ഷാടനം നടത്തിയും ചെറിയ ജോലികൾ ചെയ്തുമാണ് ജീവിക്കുന്നതെന്നും ജീവനാംശം നൽകാനാവില്ലെന്നുമായിരുന്നു സെയ്തലവിയുടെ വാദം.
എന്നാൽ, പ്രതിക്ക് 25,000 രൂപ വരുമാനമുണ്ടെന്നും അതിൽനിന്ന് 10,000 രൂപ ജീവനാംശമായി ലഭിക്കണമെന്നുമായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. ജീവനാംശം നൽകാൻ യാചകനോട് നിർദേശിക്കാനാവില്ലെന്ന കുടുംബ കോടതി ഉത്തരവ് സിംഗിൾബെഞ്ചും ശരിവെച്ചു. എന്നാൽ, രണ്ടാം ഭാര്യക്ക് ജീവനാംശം നൽകാതെ മൂന്നാം വിവാഹത്തിനൊരുങ്ങുന്ന ഇയാളുടെ നടപടി കാണാതിരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മതനിയമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാണ് മുസ്ലിം സമുദായത്തിലെ ചിലർ ബഹുഭാര്യത്വത്തെ ഉപയോഗപ്പെടുത്തുന്നതെന്ന് ഖുർആൻ വചനങ്ങൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. തുടർന്നാണ് ഹരജിക്കാരിയുടെ ഭർത്താവിന് കൗൺസലിങ് നൽകാൻ ആവശ്യപ്പെട്ടത്. മതനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ വേണം കൗൺസലിങ് നൽകേണ്ടത്.
ഭിക്ഷാടനം സംസ്ഥാനത്ത് അംഗീകരിക്കപ്പെട്ട തൊഴിലല്ല. ജീവിക്കാൻ ആരും ഭിക്ഷാടനം നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാറിന്റെയും കോടതിയുടെയും സമൂഹത്തിന്റെയും കടമയാണ്. ഭക്ഷണവും വസ്ത്രവും ഉറപ്പുവരുത്തേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാമെന്നതുകൊണ്ട് ഇക്കാര്യത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തുന്നില്ല. ‘അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്നു നീയൊന്നുതന്നെ ഞങ്ങൾക്കു തമ്പുരാൻ’ എന്ന ശ്രീനാരായണ ഗുരുവിന്റെ ‘ദൈവദശക’ത്തിലെ വരികളും കോടതി ഉദ്ധരിച്ചു.
കാഴ്ചശക്തിയുള്ള ഹരജിക്കാരിയെ കാഴ്ചയില്ലാത്ത ഭർത്താവ് മർദിക്കുന്നുവെന്ന വാദം തള്ളിയ കോടതി, വിവാഹമോചനം ചെയ്യുമെന്നും മൂന്നാമതും വിവാഹം കഴിക്കുമെന്നുമടക്കമുള്ള ഭീഷണികൾ മാനസികപീഡനവും ക്രൂരതയുമാണെന്ന് വിലയിരുത്തി.