മണ്ണാർക്കാട് യു.ഡി.എഫിന്റെ പൊന്നാപുരം കോട്ട
text_fieldsമണ്ണാർക്കാട്: നിയമസഭയായാലും ലോക്സഭയായാലും തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ ശക്തി സ്രോതസ്സായി നിലനിൽക്കുന്ന ചരിത്രമാണ് മണ്ണാർക്കാട് നിയമസഭ മണ്ഡലത്തിന്റേത്. ലോക്സഭയിലേക്ക് പാലക്കാട് മണ്ഡലത്തിൽനിന്ന് ആര് ജയിച്ചാലും മണ്ണാർക്കാട് മണ്ഡലത്തിൽ എന്നും ലീഡ് ചെയ്തിട്ടുള്ളത് യു.ഡി.എഫ് ആണ്.
കേരളത്തിലെ ഏക ട്രൈബൽ താലൂക്കായ അട്ടപ്പാടിയും മണ്ണാർക്കാട് താലൂക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെടുന്ന 1209 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് മണ്ണാർക്കാട് നിയോജക മണ്ഡലം.
ആദ്യകാലങ്ങളിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻ തൂക്കമുണ്ടായിരുന്ന മണ്ഡലമായിരുന്നു.1957 മുതൽ 1977 വരെ ഇടതിനെ വരിച്ച മണ്ഡലത്തിൽനിന്ന് പ്രഥമ തെരെഞ്ഞെടുപ്പ് നടന്ന 1957ലും 1960ലും സി.പി.ഐയുടെ കൊങ്ങശ്ശേരി കൃഷ്ണനാണ് വിജയിച്ചത്. 1965ൽ സി.പി.എമ്മിലെ പി.എ. ശങ്കരനും 1967ൽ ഇമ്പിച്ചി ബാവയും ഇടതുമുന്നണിയെ പ്രതിനിധീകരിച്ചു.
1970ൽ സി.പി.എം പിന്തുണയോടെ കെ.എസ്.പിയുടെ ജോൺ മാഞ്ഞൂരാൻ സി.പി.ഐയുടെ കൊങ്ങശ്ശേരി കൃഷ്ണനെ തോൽപിച്ചു. 1977ൽ സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ നടന്ന മത്സരത്തിൽ സി.പി.ഐ യുടെ എ.എൻ. യൂസഫ് വിജയിച്ചു. ഈ തെരെഞ്ഞെടുപ്പിനുശേഷമാണ് മണ്ഡലം യുഡി.എഫ് ചായ്വ് പ്രകടിപ്പിച്ചു തുടങ്ങിയത്.
കുടിയേറ്റ കർഷകരുടെ സ്വാധീനം ഒരു പരിധി വരെ ഇതിനു കാരണമായിരുന്നു. പിന്നീടങ്ങോട്ട് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇരു മുന്നണികളെയും മാറി മാറി വരിക്കുന്ന കാഴ്ചയാണ് ഉണ്ടായത്. വികസനം കൊണ്ടുവരുന്നവരെ മുന്നണി നോക്കാതെ തുടർച്ചയായി വരിക്കുവാനും മണ്ഡലം തയാറായി.1980ൽ മുസ്ലിം ലീഗ് ആദ്യമായി ഐക്യ ജനാധിപത്യ മുന്നണിക്ക് വേണ്ടി എ.പി. ഹംസയിലൂടെ മണ്ഡലം പിടിച്ചെടുത്തു.
1982ൽ സി.പി.ഐ പി. കുമാരനിലൂടെ മണ്ഡലത്തെ തിരിച്ചുപിടിച്ചെങ്കിലും 1987ലും 1991ലും ലീഗിലെ കല്ലടി മുഹമ്മദ് തുടർച്ചയായി മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. 1996ൽ സി.പി.ഐയുടെ ജോസ് ബേബിയും 2001ൽ ലീഗിലെ കളത്തിൽ അബ്ദുല്ലയും 2006ൽ വീണ്ടും ജോസ് ബേബിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2011 മുതൽ മണ്ഡലത്തിലെ കാറ്റ് ഐക്യ ജനാധിപത്യ മുന്നണിക്കൊപ്പമാണ്. 2011ൽ വിജയിച്ച മുസ്ലിം ലീഗിലെ അഡ്വ. എൻ. ഷംസുദ്ദീൻ 2016ൽ ഇടതു തരംഗത്തിനിടയിലും മണ്ഡല ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുകയും 2021ൽ വിജയത്തിൽ ഹാട്രിക് തികക്കുകയും ചെയ്തു.
നിയമസഭയിലേക്ക് ഇടതു-വലതു മുന്നണികളെ മാറി വരിച്ചിരുന്ന പഴയ കാലത്തും ഇപ്പോഴും ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഐക്യ ജനാധിപത്യ മുന്നണിയെ മാത്രമേ മണ്ഡലം തുണച്ചിട്ടുള്ളു. ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യ മുന്നണിക്ക് 10000ന് മുകളിൽ ലീഡ് ലഭിക്കുന്ന മണ്ഡലമാണ് മണ്ണാർക്കാട്.
2009ൽ എം.ബി. രാജേഷ് വിജയിച്ചപ്പോഴും സതീശൻ പാച്ചേനിക്ക് 12577 വോട്ടിന്റെ ലീഡായിരുന്നു മണ്ണാർക്കാട് നൽകിയത്. 2014ൽ പാലക്കാട് ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് ലീഡ് ചെയ്ത ഏക മണ്ഡലവും മണ്ണാർക്കാട് ആയിരുന്നു. 258 വോട്ടിന്റെ ലീഡാണ് എം.പി. വീരേന്ദ്ര കുമാറിന് ലഭിച്ചത്.
2019 ആകുമ്പോഴേക്കും ലോക്സഭയിൽ മണ്ണാർക്കാട് നിന്നുള്ള യു.ഡി.എഫ് ലീഡ് 29625 ആയി ഉയരുന്ന കാഴ്ചയാണ് കണ്ടത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ മണ്ണാർക്കാടിന്റെ ചിറകിലേറിയാണ് ലോക്സഭ തെരെഞ്ഞെടുപ്പിൽ വി.കെ. ശ്രീകണ്ഠൻ പാർലമെന്റിലെത്തിയത്.
മണ്ണാർക്കാട് നഗരസഭയും കുമരംപുത്തൂർ, തെങ്കര, കോട്ടോപ്പാടം, അലനല്ലൂർ, അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുള്ളതും അടങ്ങുന്നതാണ് മണ്ണാർക്കാട് നിയോജക മണ്ഡലം. ഇതിൽ മണ്ണാർക്കാട്, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ എന്നിവ യു.ഡി.എഫും തെങ്കര, അഗളി, ഷോളയൂർ, പുതൂർ എന്നിവ എൽ.ഡി.എഫുമാണ് ഭരിക്കുന്നത്.
യു.ഡി.എഫിനകത്ത് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കാര്യമായ മുന്നണി പ്രശ്നങ്ങളോ, മറ്റ് വിഭാഗീയ പ്രശ്നങ്ങളോ നിലവിലില്ലെന്ന് മാത്രമല്ല വി.കെ. ശ്രീകണ്ഠൻ മണ്ഡലത്തിൽ സിറ്റിങ് എം.പി എന്ന നിലയിൽ സജീവവുമാണ്. എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം എ. വിജയരാഘവൻ മണ്ഡലത്തിന് അപരിചിതനല്ല.
1989ൽ വിജയിച്ച ലോക്സഭ തെരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിന് പരിചിതനാണ് അദ്ദേഹം. മുന്നണിക്കകത്തും സി.പി.എമ്മിനകത്തും സി.പി.ഐക്കകത്തും വിഭാഗീയ പ്രശ്നങ്ങൾ നിലനിൽക്കുന്ന മണ്ഡലം കൂടിയാണ് മണ്ണാർക്കാട്. പലപ്പോഴും ഇരു ഇടതുപാർട്ടികളിലും അച്ചടക്ക നടപടികളിലേക്കും പ്രശ്നങ്ങൾ എത്തിയിട്ടുണ്ട്.