‘മത്സരിക്കാൻ മൂഡില്ല, പയ്യന്നൂരും കല്യാശേരിയും ഒഴികെ എല്ലായിടത്തും പോസ്റ്ററുണ്ട്’; പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ
text_fieldsകോഴിക്കോട്: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കാനിരിക്കെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മണ്ഡലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കായംകുളത്തും തിരുവമ്പാടിയിലുമാണ് ഒടുവിൽ മുരളീധരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ കണ്ടെത്തിയത്. കായംകുളത്ത് കോൺഗ്രസ് കൂട്ടായ്മയുടെ പേരിൽ കോൺഗ്രസ് ഓഫിസിനും നഗരത്തിലെ പ്രധാനപ്പെട്ട മറ്റിടങ്ങളിലുമാണ് പോസ്റ്ററുള്ളത്. ‘വിജയം സുനിശ്ചിതം, കേരളത്തിന്‍റെ മതേതര മുഖമായ കെ. മുരളീധരനെ കായംകുളത്തിനു തരിക’ എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളിൽ കെ. മുരളീധരന്‍റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.
‘തിരുവമ്പാടിയെ തിരിച്ചുപിടിക്കാൻ മതേതരത്വത്തിന്‍റെ കാവലാൾ, കെ. മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം’ -എന്നെഴുതിയ പോസ്റ്ററാണ് തിരുവമ്പാടിയിൽ പതിച്ചിരിക്കുന്നത്. എന്നാൽ താൻ മത്സരിക്കാനുള്ള മൂഡിലല്ല എന്നാണ് മുരളീധരന്‍റെ പ്രതികരണം. പാർട്ടി തീരുമാനിക്കട്ടെയെന്നും എല്ലാ തവണയും മത്സരിക്കുന്നതിലല്ല കാര്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഉൾപ്പെടെ ത്രികോണ മത്സരം നടക്കുന്ന ഇടങ്ങളിൽ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കും. പയ്യന്നൂരും കല്യാശേരിയും ഒഴികെ എല്ലായിടത്തും പോസ്റ്ററുകളുണ്ട്. സ്നേഹം കൊണ്ടാണോ നിഗ്രഹിക്കാനാണോ ഉദ്ദേശ്യമെന്ന് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
“മത്സരിക്കാനുള്ള മൂഡ് തന്നെ എനിക്കില്ല. എന്താവേണ്ടതെന്ന് പാർട്ടി തീരുമാനിക്കട്ടെ. എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത് ശരിയല്ലാത്തതിനാൽ ഇത്തവണ മാറി നിൽക്കാമെന്നാണ് വിചാരിച്ചത്. തിരുവനന്തപുരത്തൊക്കെ ത്രികോണ മത്സരം നടക്കുന്ന സ്ഥലമാണ്. അവിടെയൊക്കെ പാർട്ടിക്കുവേണ്ടി കേന്ദ്രീകരിച്ചു പ്രവർത്തിക്കാമെന്നാണ് കരുതിയത്. പോസ്റ്റർ എല്ലായിടത്തുമുണ്ട്. ഒറ്റത്തവണ മാത്രം കോൺഗ്രസ് ജയിച്ച ചടയമംഗലത്തും പോസ്റ്ററുണ്ട്. പയ്യന്നൂരും കല്യാശേരിയും ഒഴികെ എല്ലായിടത്തുമുണ്ട്. സ്നേഹമാണോ നിഗ്രഹമാണോ എന്നറിഞ്ഞുകൂടാ” -മുരളീധരൻ പറഞ്ഞു.


