'ബഷീറിന്‍റെ കൃതികളിൽ ചിലത് മോഷണമാണോ എന്ന ചോദ്യം..!, അവരാ പുസ്തകങ്ങൾ വായിച്ച് ഒത്തുനോക്കിയിട്ടുണ്ടോ എന്ന ഉത്തരം'; ബഷീറിന്‍റെ കത്ത് നിധിപോലെ കാത്ത് പ്രേംരാജൻ
text_fieldsഅരൂർ: വീണ്ടുമൊരു ബഷീർ ജന്മദിനമെത്തുമ്പോൾ കെ.ആർ. പ്രേംരാജൻ ആ കത്ത് ഒന്നുകൂടി നിവർത്തി. അത് വെറും അക്ഷരങ്ങളായിരുന്നില്ല. കഴിഞ്ഞ 40 വർഷമായി ഹൃദയത്തിൽ കൊണ്ടുനടക്കുന്ന വാക്കുകൾ. 1985ലാണ് അപ്രതീക്ഷിതമായി എഴുത്തിന്‍റെ സുൽത്താനിൽനിന്ന് കത്ത് ലഭിക്കുന്നത്. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത നിമിഷമായി അത്.
ബഷീറിന്‍റെ കൃതികളിൽ ചിലത് മോഷണമാണെന്ന ആരോപണം ഉയർന്ന കാലം. ഈ കേൾക്കുന്നതെല്ലാം ശരിയാണോ എന്നായിരുന്നു ബഷീറിന്‍റെ കടുത്ത ആരാധകനായ പ്രേംരാജന് അറിയേണ്ടിയിരുന്നത്. സാക്ഷാൽ ബഷീറിനോടുതന്നെ പ്രേംരാജൻ അത് ചോദിച്ചു. ചോദ്യത്തെ പൂർണമായും മുഖവിലയ്ക്കെടുത്ത് ബഷീർ എഴുതിയ മറുപടി ആധികാരികമായിരുന്നു. ഏത് ആനുകാലികങ്ങളിലും അക്കാലത്ത് ബഷീറിന്‍റെ മറുപടിയായി പ്രസിദ്ധീകരിക്കപ്പെടേണ്ട വരികളായിരുന്നു അതിൽ.
തന്‍റെ കൃതികൾ വായിച്ചുനോക്കൂ, മോഷണം ആരോപിക്കപ്പെടുന്ന പുസ്തകങ്ങളുമായി താരതമ്യം ചെയ്യൂ എന്നാണ് ബഷീർ നൽകുന്ന ഉപദേശം. പഴയകാല ഇൻലൻഡിൽ മൂന്നുപേജ് നിറയെ വരികളുമായാണ് ബഷീറിന്‍റെ കത്ത്. തന്‍റെ പുസ്തകങ്ങളിൽ പലതും സ്കോട്ട്ലൻഡിലെ എഡിൻബറോ യൂനിവേഴ്സിറ്റി പ്രസാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതെന്ന് ബഷീർ കത്തിൽ പറയുന്നു. ബഹുഭാഷാ പണ്ഡിതൻ ഡോ. റൊണാൾഡ് ഇ. ആഷറും ഇംഗ്ലീഷ് പ്രഫസർമാരായ അച്ചാമ്മ കോയിൽപറമ്പിൽ, ചന്ദ്രശേഖരൻ എന്നിവരുമാണ് ഇംഗ്ലീഷിലേക്ക് കൃതികൾ മൊഴിമാറ്റിയതെന്നും ബഷീർ കുറിച്ചു.
തനിക്കെതിരായ സാഹിത്യ ചോരണത്തിന് പിന്നിൽ ‘വ്യക്തിവൈരാഗ്യം, കഠിനമായ വർഗീയവിഷം’ എന്നും മറുപടിയായി ബഷീർ പറയുന്നു. മോഷണ ആരോപണം വന്നതിനെക്കുറിച്ച് ബഷീർ കത്തിൽ എഴുതി ‘‘കുങ്കുമം വാരികയിൽ വന്നതാണ് മലയാള മനോരമ എടുത്ത് കൊടുത്തത്. അവർക്ക് ബോധ്യമായോ? അവരാ പുസ്തകങ്ങൾ വായിച്ച് ഒത്തുനോക്കിയിട്ടുണ്ടോ? ആരോപണം പുതിയതല്ല. ഇടയ്ക്കിടെ ആരോപണങ്ങൾ ഉയരും പിന്നെ അടങ്ങും പിന്നെയും ഉയരും...’’ എന്നും അദ്ദേഹം തുടർന്നെഴുതി.
‘‘ബാല്യകാലസഖി, ന്‍റുപ്പാപ്പാക്ക് ഒരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട്, മതിലുകൾ, ശബ്ദങ്ങൾ, മുച്ചീട്ട് കളിക്കാരന്‍റെ മകൾ, ആനവാരിയും പൊൻകുരിശും, സ്ഥലത്തെ പ്രധാന ദിവ്യൻ, മാന്ത്രികപ്പൂച്ച മുതലായ പുസ്തകങ്ങൾ ഇംഗ്ലീഷിൽ വന്നിട്ടുണ്ട്. സ്ഥലത്തെ പ്രധാനദിവ്യൻ ഒറ്റപ്പെട്ട കഥയല്ല. മുച്ചീട്ടു കളിക്കാരന്‍റെ മകൾ, ആനവാരിയും പൊൻകുരിശും എന്നിവയുടെ ബാക്കിയാണ്. ഒരേ കഥാപാത്രങ്ങൾ’’ എന്നും ബഷീർ വ്യക്തമാക്കുന്നു.
കത്ത് എഴുതിയ പ്രേംരാജനോട് അവസാനമായി ഇങ്ങനെയും പറഞ്ഞു. ‘താങ്കൾ ചിന്തിക്കുക, അഭിപ്രായം രൂപീകരിക്കുക, ക്ഷേമം നേരുന്നു’. ഇപ്പോൾ 60കാരനായ പ്രേംരാജൻ ‘മാധ്യമം’ പത്രത്തിൽ ലേ ഔട്ട് ആർട്ടിസ്റ്റായിരുന്നു. ‘ചിത്തിര അരൂർ’ എന്ന പേരിൽ അറിയപ്പെടുന്ന പോക്കറ്റ് കാർട്ടൂണിസ്റ്റുമാണ്.