Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ നേതൃത്വത്തിൽ...

ദേശീയ നേതൃത്വത്തിൽ സമ്മർദം; എലത്തൂർ മണ്ഡലത്തിൽ എ.കെ. ശശീന്ദ്രനുതന്നെ സാധ്യത

text_fields
bookmark_border
A.K. Sassendran
cancel
camera_alt

എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി എ.കെ. ശശീന്ദ്രന് സാധ്യത തെളിയുന്നു. കഴിഞ്ഞദിവസം നടന്ന എൻ.സി.പി സംസ്ഥാന സമിതി യോഗത്തിൽ ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ നടത്തിയ പരാമർശത്തെത്തുടർന്ന് പാർട്ടിയിലുണ്ടായ അസ്വാരസ്യങ്ങളും വിവാദങ്ങളുമാണ് എ.കെ.ശശീന്ദ്രൻ തന്നെ സ്ഥാനാർഥിയാകുമെന്ന സൂചന നൽകുന്നത്. സംസ്ഥാന സമിതിയിൽ ഭൂരിപക്ഷമുള്ള വിഭാഗത്തെ ചൊടിപ്പിക്കുംവിധം എ.കെ.ശശീന്ദ്രൻ ഇത്തവണ തെരഞ്ഞെടുപ്പിൽനിന്ന് മാറി നിൽക്കണമെന്ന് പി.സി. ചാക്കോ ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് എ.കെ. ശശീന്ദ്രൻ ഇറങ്ങിപോയി. സംസ്ഥാന സമിതിയിലെ 11 അംഗങ്ങളിൽ ഒന്നോ രണ്ടോ നേതാക്കളൊഴിച്ച് മുതിർന്ന നേതാക്കളെല്ലാം ശശീന്ദ്രനുവേണ്ടി നീക്കം നടത്തി. എ.കെ. ശശീന്ദ്രനെ തന്നെ എലത്തൂരിൽ സ്ഥാനാർഥിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിർന്ന നേതാവും എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗവുമായ പീതാംബരൻ മാസ്റ്റർ കഴിഞ്ഞ ദിവസം ദേശീയ നേതാവ് ശരദ് പവാറിന് ഫാക്സ് സന്ദേശമയച്ചു.

എ.കെ. ശശീന്ദ്രനെതിരെ രംഗത്തുവന്ന മുക്കം മുഹമ്മദ് സ്ഥാനാർഥിയായാൽ മലപ്പുറത്തും കോഴിക്കോടും ഒരേ സമുദായത്തിൽപെട്ടവർതന്നെയാകുന്നത് പാർട്ടിയിലെ സാമുദായിക ഐക്യം ഇല്ലാതാക്കുമെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. കോഴിക്കോടുനിന്നുള്ള ഇടതുപക്ഷ സ്ഥാനാർഥികളിൽ കോഴിക്കോട് സൗത്ത്, ബേപ്പുർ, എലത്തൂർ, കുന്ദമംഗലം, കൊടുവള്ളി ബെൽറ്റിൽ മുസ്ലിം വിഭാഗത്തിൽപെടുന്നവരെ സ്ഥാനാർഥിയാക്കുന്നത് ബി.ജെ.പി പ്രചാരണായുധമാക്കുമെന്ന് സി.പി.എം നേതാക്കളും വിലയിരുത്തുന്നു.

മാത്രവുമല്ല, എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഇത്തവണയും മത്സരിക്കട്ടെയെന്ന നിർദേശം ശരദ്പവാർ അറിയിച്ചതായി സംസ്ഥാന സമിതിയിൽ പി.സി.ചാക്കോ അറിയിച്ചതുമാണെന്ന് നേതാക്കൾ പറയുന്നു. നിലവിലെ മന്ത്രിമാരെയും എം.എൽ.എമാരെയും മത്സരിക്കാൻ വീണ്ടും അനുവദിക്കുമ്പോൾ എ.കെ. ശശീന്ദ്രനെ മാറ്റി നിർത്തുന്നത് മോശമാകുമെന്ന വിലയിരുത്തലുമുണ്ട്. തോമസ് കെ. തോമസിനെ മാത്രം പരിഗണിക്കുന്നതും പാർട്ടിയിൽ ഭിന്നിപ്പിനിടയാക്കുമെന്നതിനാൽ എ.കെ. ശശീന്ദ്രനുതന്നെയാണ് മേൽക്കൈ കിട്ടുന്നത്.

എൻ.സി.പിയുടെ സംസ്ഥാനമൊട്ടുക്കും അറിയപ്പെടുന്ന നേതാവിനെ മാറ്റിനിർത്തുന്നത് അഭികാമ്യമല്ലെന്നാണ് പൊതുഅഭിപ്രായം. എ.കെ. ശശീന്ദ്രൻ മാറി നിൽക്കണമെന്ന ജില്ല കമ്മിറ്റിയുടെ പ്രമേയത്തിലും എൻ.സി.പി സംസ്ഥാന നേതാക്കൾ അവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. മാർച്ച് 16ന് വീണ്ടും കോഴിക്കോട്ട് ജില്ല കമ്മിറ്റി വിളിച്ചുചേർത്ത് എ.കെ. ശശീന്ദ്രനെതിരെ മുക്കം മുഹമ്മദ് വിഭാഗം പടക്ക് കോപ്പുകൂട്ടുന്നുണ്ട്. വ്യാഴാഴ്ച രാവിലെ മുക്കം മുഹമ്മദിനെ നേരിൽ കണ്ട് താനാണ് മത്സരിക്കുന്നതെങ്കിൽ പിന്തുണ തരണമെന്നും മുക്കം മുഹമ്മദ് മത്സരിക്കുകയാണെങ്കിൽ താൻ പിന്തുണ നൽകാമെന്നും എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ, മുക്കം മുഹമ്മദ് സമ്മതം അറിയിച്ചില്ല.

Show Full Article
TAGS:Elathur constituency AK Saseendran national leadership Assembly elections 
News Summary - Pressure from national leadership; A.K. Saseendran himself is likely to contest in Elathur constituency
Next Story