പ്രിൻസിപ്പലിനെ സ്കൂളിനുള്ളിൽ പൂട്ടിയിട്ടു; അഞ്ച് എസ്.എഫ്.ഐക്കാർക്കെതിരെ കേസ്
text_fieldsപൊലീസ് പൂട്ട് പൊളിച്ച് പ്രിൻസിപ്പലിനെ പുറത്തെത്തിക്കുന്ന പൊലീസ്
കിളിമാനൂർ: പ്രിൻസിപ്പലിനെ സ്കൂളിനുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽ അഞ്ച് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കിളിമാനൂർ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ പ്രവർത്തകരായ അഫ്സൽ, ഫാത്തിമ ഹിസാന, മറ്റ് മൂന്ന് വിദ്യാർഥികൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. തട്ടത്തുമല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിന്‍റെ പരാതിയെ തുടർന്നാണ് നടപടി.
സ്കൂൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സംഭവങ്ങൾക്ക് കാരണം. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ അഞ്ച് പേരടങ്ങുന്ന എസ്.എഫ്.ഐ സംഘം പ്രിൻസിപ്പലിന്റെ മുറിയിലെത്തുകയും സി.സി.ടി.വി കാമറ ഓഫാക്കി പ്രിൻസിപ്പലിന്‍റെ റൂമിനോട് ചേർന്ന പുറത്തുള്ള പ്രധാന കവാടം പൂട്ടുകയുമായിരുന്നു. തുടർന്ന് പ്രിൻസിപ്പൽ കിളിമാനൂർ പൊലീസിൽ അറിയിക്കുകയും പൊലീസ് എത്തി പൂട്ടുപൊളിച്ചാണ് പ്രിൻസിപ്പലിനെ പുറത്തിറക്കിയത്.
സ്കൂൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പേര് നൽകിയ എസ്.എഫ്.ഐ വിദ്യാർഥിയെ കെ.എസ്.യുക്കാരനായ മറ്റൊരു വിദ്യാർഥി ഭീഷണിപ്പെടുത്തിയെന്നും ആ വിദ്യാർഥിക്കെതിരെ നടപടിയെടുക്കാൻ പ്രിൻസിപ്പലിന് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്നുമാണ് ആരോപണം. ഇതിലുള്ള പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
അതേസമയം, പരാതി ലഭിച്ച വിദ്യാർഥിയെയും രക്ഷിതാവിനെയും സ്കൂളിൽ വിളിച്ച് വരുത്തി പ്രശ്നം പരിഹരിച്ചിരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു.