സംസ്ഥാന പാതയിൽ യാത്രക്കാർക്ക് കെണി ഒരുക്കി സ്വകാര്യ ടെലിഫോൺ കമ്പനി
text_fieldsറാന്നി: സംസ്ഥാന പാതയിൽ യാത്രക്കാർക്ക് കെണി ഒരുക്കി സ്വകാര്യ ടെലിഫോൺ കമ്പനികൾ. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ബ്ലോക്ക്പടി ജംഗ്ഷനിൽ നിന്ന് കോഴഞ്ചേരിയിലേക്ക് തിരിയുന്ന ഭാഗത്ത് ടെലിഫോൺ കമ്പനികൾ കേബിളിടാൻ നിർമിച്ച കുഴികൾ അപകടക്കെണിയായി.
വേണ്ടത്ര വീതിയില്ലാത്ത റോഡിന്റെ വശത്ത്, ഒരാഴ്ചയായി എടുത്ത കുഴികൾ മണ്ണിട്ട് മൂടുകയോ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിട്ടില്ല. ശാസ്ത്രീയമല്ലാത്ത നിർമാണവും ഡിവൈഡറും കാരണം ഗതാഗതക്കുരുക്ക് പതിവായ ജംഗ്ഷനിൽ, എടുത്ത കുഴികൾ നികത്താതെ വീണ്ടും അടുത്ത കുഴിയെടുക്കുന്നത് അപകടസാധ്യത വർധിപ്പിച്ചു.
കഴിഞ്ഞ ദിവസം കുഴിയിൽ വീണ് ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ഒരു സ്കൂട്ടർ അപകടത്തിൽപ്പെടുകയും ചെയ്തു.പത്ത് ദിവസമായിട്ടും കുഴികൾ നികത്താത്തതിൽ ശക്തമായ പ്രതിഷേധവുമായി രാഷ്ട്രീയ-സാംസ്കാരിക സംഘടനകളും സമൂഹ മാധ്യമ കൂട്ടായ്മകളും രംഗത്തെത്തി.
കഴിഞ്ഞ മാസം വൈക്കം ഭാഗത്ത് പൈപ്പ് ലൈനും പൊട്ടിച്ചു റോഡും തകർത്തു. മന്ദിരം, വൈക്കം,ബ്ലോക്കുപടി ,വടശ്ശേരിക്കര റോഡ് എന്നിവിടങ്ങളിൽ പണി കഴിഞ്ഞിട്ട് കുഴി വൃത്തിയായി മൂടുകയോ കോൺക്രീറ്റ് നടത്തുകയോ ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് കുഴികൾ നികത്തി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ഉപരോധമടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഇവർ അധികൃതർക്ക് മുന്നറിയിപ്പ് നൽകി. അടിയന്തര നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.