Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംവരണം പലതരം; സ്വകാര്യ...

സംവരണം പലതരം; സ്വകാര്യ സർവകലാശാലകൾക്ക്​ ഏത്​ ബാധകം?

text_fields
bookmark_border
സംവരണം പലതരം; സ്വകാര്യ സർവകലാശാലകൾക്ക്​ ഏത്​ ബാധകം?
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ വിദ്യാഭ്യാസ സംവരണം ഏകീകരിക്കാത്തത്​ സ്വകാര്യ സർവകലാശാലയിൽ സംവരണം നടപ്പാക്കുന്നതിന്​ വെല്ലുവിളി. വിവിധതരം സ്ഥാപനങ്ങൾക്കും കോഴ്​സുകൾക്കും​ വ്യത്യസ്ത സംവരണ മാനദണ്ഡമാണുള്ളത്​. സ്വകാര്യ സർവകലാശാലകളിൽ ഏത്​ രീതിയിലുള്ള സംവരണമായിരിക്കും നടപ്പാക്കുക എന്നത്​ സംബന്ധിച്ച്​ വിശദീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനും കഴിയുന്നില്ല. ഗവ. ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകളിലെ പ്രവേശന സംവരണ രീതിയല്ല എയ്​ഡഡ്​, സ്വാശ്രയ കോളജുകളിലേത്​​.

മൊത്തം സംവരണ സീറ്റുകളുടെ ശതമാനത്തിലും വിഭാഗം തിരിച്ച വിഹിതത്തിലും വ്യത്യാസമുണ്ട്​. ഈ രീതിയിൽനിന്ന്​ വ്യത്യസ്തമായ സംവരണമാണ്​ മെഡിക്കൽ, എൻജിനീയറിങ്​ ഉൾപ്പെടെ പ്രഫഷനൽ യു.ജി, പി.ജി കോഴ്​സുകളിൽ​. മെഡിക്കൽ അനുബന്ധ പി.ജി കോഴ്​സുകൾക്കാകട്ടെ, യു.ജി കോഴ്​സുകളിൽനിന്ന്​ വ്യത്യസ്തവും. മെഡിക്കൽ, എൻജിനീയറിങ്​, നിയമം, സയൻസ്​, കോമേഴ്​സ്​, മാനവികം ഉൾപ്പെടെ വ്യത്യസ്ത കോഴ്​സുകൾ നടത്താവുന്ന മൾട്ടി ഡിസിപ്ലിനറി സർവകലാശാലയായാണ്​ സ്വകാര്യ സർവകലാശാലകൾക്ക്​ അനുമതി നൽകുക. പലതരം സംവരണരീതി തുടരുന്ന കോഴ്​സുകൾ ഒരു സർവകലാശാലക്ക്​ കീഴിൽ വരുമ്പോൾ ഏത്​ രീതി നടപ്പാക്കുമെന്നതിൽ​ വ്യക്തത വേണ്ടിവരും.

നേരത്തെ ബിൽ​ തയാറാക്കിയപ്പോൾ എസ്​.സി വിഭാഗത്തിന്​ 15ഉം എസ്​.ടി വിഭാഗത്തിന്​ അഞ്ചും ശതമാനം സംവരണത്തിനായിരുന്നു വ്യവസ്ഥ. മന്ത്രി കെ. രാജൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ മൊത്തം സീറ്റുകളിൽ 40 ശതമാനം കേരളത്തിലെ കുട്ടികൾക്ക്​ നീക്കിവെക്കാനും അതിൽ സംസ്ഥാനത്ത്​ നിലവിലുള്ള സംവരണ രീതി നടപ്പാക്കാനും വ്യവസ്ഥ വെച്ചത്​​.

നിലവിൽ വരുന്നത്​ സ്വകാര്യ സർവകലാശാലയായതിനാൽ അവ്യക്തതയുടെ പഴുത്​ മാനേജ്​മെന്‍റുകൾ ആയുധമാക്കും. മെഡിക്കൽ, എൻജിനീയറിങ്​ ​യു.ജി കോഴ്​സുകളിൽ എസ്​.ഇ.ബി.സി സംവരണം 30 ശതമാനവും മെഡിക്കൽ പി.ജി കോഴ്​സുകളിൽ ഇത്​ 27 ശതമാനവുമാണ്​. സർക്കാർ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകളിൽ എസ്​.ഇ.ബി.സി സംവരണം 20 ശതമാനവും​. എയ്​ഡഡ്​ കോളജുകളിൽ എസ്​.സി, എസ്​.ടി സംവരണം മാത്രമാണുള്ളത്​.

സ്വാശ്രയ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജുകളിൽ സർക്കാർ, മാനേജ്​മെന്‍റ്​ സീറ്റ്​ വിഹിതം 50:50 അനുപാതത്തിലാണ്​. ഇതിൽ സർക്കാർ സീറ്റിന്‍റെ 25 ശതമാനമാണ്​ എസ്​.ഇ.ബി.സി സംവരണം. എയ്​ഡഡ്​ കോളജുകളിലെ സ്വാശ്രയ കോഴ്​സുകൾക്കും ഇതുതന്നെ ബാധകം. ചില കോഴ്​സുകളിൽ സാമ്പത്തിക പിന്നാക്ക (ഇ.ഡബ്ല്യു.എസ്​) സംവരണം 10 ശതമാനമെങ്കിൽ ചില കോഴ്​സുകളിൽ 10​ ശതമാനം അധിക സീറ്റ്​ സൃഷ്ടിച്ചാണ്​ ഈ​ സംവരണം.

സ്വാശ്രയാടിസ്ഥാനത്തിൽ വ്യത്യസ്ത കോഴ്​സുകളുമായി തുടങ്ങുന്ന സ്വകാര്യ സർവകലാശാലക്ക്​ നിലവിലുള്ള സംവരണരീതി അനുസരിച്ച്​ ഏകീകൃത സംവരണ പാറ്റേൺ പിന്തുടരാൻ കഴിയില്ല. സംവരണം ഏകീകൃത പാറ്റേണിലേക്ക്​ കൊണ്ടുവരണമെന്ന പിന്നാക്ക സംഘടനകളുടെ ആവശ്യത്തിന്​ പതിറ്റാണ്ടിലേറെ പഴക്കമുണ്ടെങ്കിലും സർക്കാർ മുഖംതിരിച്ചുനിൽക്കുകയാണ്​.

Show Full Article
TAGS:Private University Bill Educational reservation 
News Summary - Private university bill
Next Story