സ്വകാര്യ സർവകലാശാല കരട് ബിൽ; നിർദേശിച്ചിരിക്കുന്നത് ഏത് വിഷയവും പഠിപ്പിക്കാവുന്ന മൾട്ടി ഡിസിപ്ലിനറി സർവകലാശാല
text_fieldsതിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ മുൻകൈയിൽ കൊണ്ടുവരുന്ന സ്വകാര്യ സർവകലാശാല ബില്ലിലെ വ്യവസ്ഥകളിൽ ആരോഗ്യം, കാർഷിക വികസന വകുപ്പുകൾക്ക് എതിർപ്പ്. എല്ലാത്തരം വിഷയങ്ങളും പഠിക്കാവുന്ന മൾട്ടി ഡിസിപ്ലിനറി സ്വഭാവത്തിലുള്ള സർവകലാശാലയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇതുപ്രകാരം സ്വകാര്യ സർവകലാശാലക്ക് കീഴിൽ പരമ്പരാഗത ആർട്സ്, കോമേഴ്സ്, സയൻസ് വിഷയങ്ങൾക്ക് പുറമെ, മെഡിക്കൽ, അഗ്രികൾച്ചർ മേഖലയിൽ ഉൾപ്പെടെയുള്ള കോഴ്സുകൾ തുടങ്ങാനാകും. നിലവിൽ മെഡിക്കൽ കോഴ്സുകളുടെ അംഗീകാരം ആരോഗ്യ വകുപ്പുമായും ആരോഗ്യ സർവകലാശാലയുമായും ബന്ധപ്പെട്ടുള്ളതാണ്.
അഗ്രികൾച്ചർ കോഴ്സുകൾ കാർഷിക വികസന വകുപ്പിന്റെ പരിധിയിലുള്ള കാർഷിക സർവകലാശാലക്ക് കീഴിലുമാണ് നടത്തുന്നത്. സ്വകാര്യ സർവകലാശാലകളിൽ ഇത്തരം കോഴ്സുകൾ വരുമ്പോൾ രണ്ട് വകുപ്പുകൾക്കും റോളുണ്ടാകില്ല. സ്വകാര്യ സർവകലാശാലകൾക്ക് കീഴിൽ ഇത്തരം കോഴ്സുകൾ തുടങ്ങുമ്പോൾ ആരോഗ്യ, കാർഷിക സർവകലാശാലകളുടെ കീഴിൽ നടത്തുന്ന കോഴ്സുകളുടെ ഭാവി എന്തായിരിക്കുമെന്ന ആശങ്കയും വകുപ്പുകൾക്കുണ്ട്. ഇതിനുപുറമെ, കരട് ബില്ലിലെ വ്യവസ്ഥ പ്രകാരം സ്വകാര്യ സർവകലാശാലകളുടെ വിസിറ്റർ പദവിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കും.
സ്വകാര്യ സർവകലാശാലകളുടെ സിൻഡിക്കേറ്റ്/ എക്സിക്യൂട്ടിവ് കൗൺസിൽ പോലുള്ള ഭരണസമിതികളിൽ സർക്കാറിനെ പ്രതിനിധീകരിക്കുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയോ വകുപ്പ് നിർദേശിക്കുന്ന പ്രതിനിധിയോ ആയിരിക്കും. ഇത്തരം സമിതികളിലൊന്നും കൃഷി, ആരോഗ്യ വകുപ്പുകൾക്ക് പ്രാതിനിധ്യവുമില്ല. ഇതും ബില്ലിലെ വ്യവസ്ഥകൾക്കെതിരെ രണ്ട് വകുപ്പുകളുടെ എതിർപ്പിന് കാരണമായെന്നാണ് സൂചന.