സ്വകാര്യ സർവകലാശാല; മൾട്ടി കാമ്പസിനും സർക്കാർ അനുമതി വേണം
text_fieldsതിരുവനന്തപുരം: ഒന്നിലധികം കാമ്പസ് തുറക്കാനും സർക്കാറിന്റെ അനുമതി വേണമെന്ന വ്യവസ്ഥ സ്വകാര്യ സർവകലാശാല ബില്ലിൽ ഉൾപ്പെടുത്താൻ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ശിപാർശ. നിലവിൽ സ്വകാര്യ സർവകലാശാല ആരംഭിക്കുമ്പോൾ മാത്രമാണ് ബില്ലിൽ സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥയുള്ളത്.
ഒന്നിലധികം കാമ്പസ് തുറക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. എന്നാൽ, കൂടുതൽ കാമ്പസുകൾ തുറക്കുന്നതിന് സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേർക്കാനാണ് ചൊവ്വാഴ്ച ചേർന്ന സബ്ജക്ട് കമ്മിറ്റിയുടെ ശിപാർശ. ഈ വ്യവസ്ഥയില്ലെങ്കിൽ സ്വകാര്യ സർവകലാശാലകൾ യഥേഷ്ടം കാമ്പസുകൾ തുറക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഇത് കച്ചവടവത്കരണത്തിനും ഗുണനിലവാരത്തകർച്ചക്കും വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കാമ്പസുകൾക്കും സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ ചേർക്കുന്നത്. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നതുപ്രകാരമുള്ള സ്വകാര്യ സർവകലാശാല ബില്ല് 24നും സർവകലാശാല നിയമഭേദഗതി ബില്ല് 25നും നിയമസഭയുടെ പരിഗണനക്ക് വരും. ഈ ദിവസങ്ങളിൽ ബില്ല് പാസാക്കി ഗവർണറുടെ അംഗീകാരത്തിനയക്കാനാണ് സർക്കാർ തീരുമാനം.