സ്വകാര്യ സർവകലാശാല; മെഡിക്കൽ, എൻജിനീയറിങ് ഫീസ്, പ്രവേശനത്തിൽ സർക്കാറിന് നിയന്ത്രണമില്ലാതാകും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല യാഥാർഥ്യമാകുന്നതോടെ, അവക്ക് കീഴിലേക്ക് മാറുന്ന സ്വാശ്രയ മെഡിക്കൽ, ഡെന്റൽ, എൻജിനീയറിങ് ഉൾപ്പെടെ പ്രഫഷനൽ കോഴ്സുകളിലെ വിദ്യാർഥി പ്രവേശനത്തിന്റെയും ഫീസ് നിർണയത്തിന്റെയും നിയന്ത്രണം സർക്കാറിന് നഷ്ടപ്പെടും.
നിലവിൽ സർക്കാർ നിശ്ചയിച്ച ഫീ റെഗുലേറ്ററി കമ്മിറ്റിയാണ് സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിൽ ഉൾപ്പെടെ ഫീസ് നിശ്ചയിക്കുന്നത്. എൻജിനീയറിങ് ഫീസ് സർക്കാറും മാനേജ്മെന്റുകളും തമ്മിലുള്ള കരാറിലൂടെയാണ് രൂപപ്പെടുത്തുന്നത്. ഈ കോളജുകളിലേക്കെല്ലാം അലോട്ട്മെന്റ് നടത്തുന്നത് സംസ്ഥാന റാങ്ക് പട്ടിക അടിസ്ഥാനപ്പെടുത്തി പ്രവേശന പരീക്ഷ കമീഷണറുമാണ്.
സ്വകാര്യ സർവകലാശാല ബിൽ പ്രകാരം വിദ്യാർഥി പ്രവേശനം, ഫീസ് നിർണയം എന്നിവക്കുള്ള അധികാരം ബന്ധപ്പെട്ട സർവകലാശാലക്കായിരിക്കും. നിലവിൽ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകൾ നടത്തുന്ന വിദ്യാഭ്യാസ ഏജൻസികൾ ഇതിനകം സ്വകാര്യ സർവകലാശാല തുടങ്ങുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സ്വകാര്യ സർവകലാശാല തുടങ്ങുന്ന ഏജൻസികൾക്ക് കീഴിൽ സ്വാശ്രയ കോളജുകളുണ്ടെങ്കിൽ അവ പുതുതായി തുടങ്ങുന്ന സ്വകാര്യ സർവകലാശാലയുടെ ഭാഗമാക്കാനുള്ള വ്യവസ്ഥയുമുണ്ട്.
സംസ്ഥാനത്ത് നിലവിൽ 20 വീതം സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളുണ്ട്. ഇവയിൽ പലതും സ്വകാര്യ സർവകലാശാലകളുടെ ഭാഗമാകും. ഇതോടെ, ഇവയിലെ വിദ്യാർഥി പ്രവേശനം, ഫീസ് നിർണയം എന്നിവയിലെ നിയന്ത്രണം സർക്കാറിന് നഷ്ടപ്പെടും. നിലവിൽ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ മെറിറ്റ് സീറ്റുകളിൽ പൂർണമായും സംവരണ വ്യവസ്ഥ പാലിച്ചാണ് വിദ്യാർഥി പ്രവേശനം. സ്വകാര്യ സർവകലാശാലകളിൽ 40 ശതമാനം സീറ്റ് സംസ്ഥാനത്തെ വിദ്യാർഥികൾക്ക് നീക്കിവെക്കാനും അവയിൽ നിലവിലുള്ള സംവരണം പാലിക്കാനുമാണ് വ്യവസ്ഥ. അവശേഷിക്കുന്ന സീറ്റുകളിൽ ഇതര സംസ്ഥാന, വിദേശ വിദ്യാർഥികൾക്ക് പ്രവേശനം നൽകാനാകും.
ഇത് കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ മെഡിക്കൽ പ്രവേശന സാധ്യത ഗണ്യമായി കുറക്കും. സ്വകാര്യ സർവകലാശാലകളിലെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ സീറ്റുകളിലേക്ക് അഖിലേന്ത്യ തലത്തിലുള്ള നീറ്റ്-യു.ജി കൗൺസലിങ് വഴിയാണ് വിദ്യാർഥി പ്രവേശനം. ഫീസ് ബന്ധപ്പെട്ട സർവകലാശാലകൾക്ക് നിശ്ചയിക്കാനും കഴിയും. ഇതോടെ, ഫീസ് നിരക്ക് ഗണ്യമായി വർധിപ്പിക്കാനും ഏജൻസികൾക്ക് കഴിയും.
അഖിലേന്ത്യ കൗൺസലിങ് വരുന്നതോടെ, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കും ഈ കോളജുകളിലേക്ക് പ്രവേശനത്തിന് വഴിയൊരുങ്ങും. നിലവിൽ 15 ശതമാനം സീറ്റ് മാത്രമാണ് സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിൽ അഖിലേന്ത്യ ക്വോട്ടയിലുള്ളത്. ഈ സീറ്റുകളിലേക്കും പ്രവേശന പരീക്ഷ കമീഷണർ തന്നെ അലോട്ട്മെന്റ് നടത്തുന്നതിനാൽ കേരളത്തിൽ നിന്നുള്ളവർ തന്നെയാണ് പ്രവേശനം നേടുന്നത്.