സ്വകാര്യ സർവകലാശാല; വിയോജനക്കുറിപ്പിൽ ‘മാധ്യമം’ വാർത്തകളും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുള്ള ബില്ലിന് നിയമസഭ സബ്ജക്ട് കമ്മിറ്റിയിൽ പ്രതിപക്ഷ അംഗങ്ങൾ നൽകിയ വിയോജനക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയത് ‘മാധ്യമം’ വാർത്തയിലൂടെ പുറത്തുകൊണ്ടുവന്ന വിവരങ്ങൾ. വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ നൽകിയ വിയോജനക്കുറിപ്പിലാണ് സ്വകാര്യ സർവകലാശാല ബില്ലിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്തകളിലെ വിവരങ്ങൾ ഉൾപ്പെടുത്തിയത്.
സ്വകാര്യ സർവകലാശാലകളിലെ ഫീസിളവിന്‍റെ പരിധിയിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ട വിദ്യാർഥികളെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഉൾപ്പെടുത്താത്തത് ‘മാധ്യമം’ വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ ബില്ലിൽ വിയോജിപ്പ് രേഖപ്പെടുത്തി സമർപ്പിച്ച കുറിപ്പിൽ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ സർവകലാശാല വരുന്നതോടെ അതിലേക്ക് കൂട്ടിച്ചേർക്കുന്ന സ്പോൺസറിങ് ബോഡിയുടെ കീഴിലുള്ള മെഡിക്കൽ, എൻജിനീയറിങ് കോളജുകളിലെ ഫീസ് നിർണയാധികാരം സർക്കാറിന് നഷ്ടപ്പെടുമെന്നും വിയോജനക്കുറിപ്പിൽ പറയുന്നു.
ഇതുവഴി ഫീസ് വർധനക്കും ദരിദ്ര വിദ്യാർഥികളുടെ പഠനാവസരം നിഷേധിക്കുന്ന സാഹചര്യവുമുണ്ടാകും. എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് വിവിധതരം കോഴ്സുകളിൽ വ്യത്യസ്ത അനുപാതം സംവരണമാണ് നിലവിലുള്ളത്. വ്യത്യസ്തതരം കോഴ്സുകൾ പഠിപ്പിക്കുന്ന (മൾട്ടി ഡിസിപ്ലിനറി) സ്വകാര്യ സർവകലാശാലയിൽ ഏത് രീതിയിലുള്ള സംവരണം പാലിക്കുമെന്നും വിയോജനക്കുറിപ്പിലുണ്ട്. സംവരണം കഴിഞ്ഞാൽ ശേഷിക്കുന്ന 60 ശതമാനം സീറ്റിലേക്ക് സംസ്ഥാനത്തിന് പുറത്തുള്ളവർക്കും പ്രവേശനം നൽകാമെന്നും അതുവഴി പ്രഫഷനൽ കോഴ്സുകളിൽ കേരളത്തിലെ വിദ്യാർഥികൾക്ക് സീറ്റ് നഷ്ടമുണ്ടാകുമെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രവേശന മാനദണ്ഡങ്ങൾ വ്യക്തമായി ഉൾപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽ ഇത് നിയമപോരാട്ടത്തിലേക്ക് വഴിതുറക്കുമെന്നും സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിന് കാരണമാകുമെന്നും വിയോജനക്കുറിപ്പിൽ പറയുന്നു. എന്നാൽ ഉപരിപഠനത്തിനായി സംസ്ഥാനത്തെ വിദ്യാർഥികൾ വിദേശ സർവകലാശാലകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകാനുള്ള സർക്കാറിന്‍റെ നയംമാറ്റത്തെ സ്വാഗതം ചെയ്യുന്നതായും പ്രതിപക്ഷ അംഗങ്ങൾ വിയോജനക്കുറിപ്പിൽ പറയുന്നു.