സ്വകാര്യവത്കരണം പൊതുസർവകലാശാലകളുടെ സാമ്പത്തിക നില പരുങ്ങലിലാക്കും
text_fieldsതിരുവനന്തപുരം: സ്വകാര്യ സർവകലാശാലകളുടെ വരവ് പൊതു സർവകലാശാലകളെ സാമ്പത്തികമായി തകർക്കുമെന്ന് ആശങ്ക. സംസ്ഥാനത്ത് നിലവിലുള്ള വിദ്യാഭ്യാസ ഏജൻസികൾ സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതായിരിക്കും അഫിലിയേറ്റിങ് സർവകലാശാലകളെ പ്രതികൂലമായി ബാധിക്കുക. നിലവിലുള്ള വിദ്യാഭ്യാസ ഏജൻസികൾ സ്വകാര്യ സർവകലാശാല തുടങ്ങുന്നതോടെ, ഇവയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജുകളും അതിന് കീഴിലേക്ക് മാറും.
ഇത് അഫിലിയേഷൻ ഫീസ് ഇനത്തിൽ പൊതുസർവകലാശാലകളുടെ വരുമാന മാർഗത്തിൽ വൻ കുറവ് സൃഷ്ടിക്കും. സ്വാശ്രയ കോളജുകൾക്കും കോഴ്സുകൾക്കും സർവകലാശാലകൾ താൽക്കാലിക അഫിലിയേഷനും അനുമതിയുമാണ് നൽകുന്നത്. ഇത് നിശ്ചിത സമയങ്ങളിൽ ഫീസടച്ച് പുതുക്കണം.
സ്വാശ്രയ കോളജുകളിൽ നിന്നുള്ള അഫിലിയേഷൻ ഫീസ് കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല എന്നിവയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ്. നിലവിൽ സ്വാശ്രയ കോളജുകൾ നടത്തുന്ന രണ്ട് ഏജൻസികൾ ഇതിനകം സ്വകാര്യ സർവകലാശാല പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ ഒരു ഏജൻസിക്ക് കീഴിൽ മാത്രം വിവിധ സർവകലാശാലകൾക്ക് കീഴിൽ 27 സ്വാശ്രയ കോളജുകളുണ്ട്.
കൂടുതൽ വിദ്യാഭ്യാസ ഏജൻസികൾ സ്വകാര്യ സർവകലാശാലക്കായി രംഗത്തുവരുന്നതോടെ, ഇവക്ക് കീഴിലുള്ള കോളജുകളും അവയുടെ സ്വകാര്യ സർവകലാശാലക്ക് കീഴിലേക്ക് മാറും. സ്വകാര്യ സർവകലാശാലകൾക്ക് ഒന്നിലധികം കാമ്പസ് തുടങ്ങാനുള്ള വ്യവസ്ഥ പ്രകാരം കോളജുകളെ സർവകലാശാലയുടെ കാമ്പസുകളാക്കി മാറ്റാൻ കഴിയും.
വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ശ്രീനാരായണ ഓപൺ സർവകലാശാലകൾക്ക് കീഴിൽ മാത്രമാക്കിയതോടെ കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ പ്രധാന വരുമാനമാർഗങ്ങളിലൊന്ന് അടഞ്ഞിരുന്നു. സ്വാശ്രയ കോളജുകളിൽ നിന്നുള്ള അഫിലിയേഷൻ ഫീസിനത്തിനുള്ള വരവ് കൂടി കുറയുന്നത് പൊതുസർവകലാശാലകളുടെ സാമ്പത്തിക നില കൂടുതൽ പരുങ്ങലിലാക്കും.