പ്രിയങ്ക വന്നു, പ്രിയങ്കരിയായി; ഇനി അങ്കം
text_fieldsകൽപറ്റ: അനേകായിരങ്ങളുടെ ആവേശത്തള്ളിച്ചക്ക് നടുവിലേക്ക് പ്രിയങ്കരിയായി അവരെത്തി. വയനാടൻ ജനതയുടെ പ്രതിനിധിയാകാനുള്ള പോർക്കളത്തിൽ പ്രിയങ്ക ഗാന്ധി വീരോചിതം അങ്കം കുറിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കൽപറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെ ആവേശപ്രചാരണങ്ങൾക്ക് ഉത്സവഛായയിൽ തുടക്കമായി. ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ തെരഞ്ഞെടുപ്പ് ഗോദയിലെ അരങ്ങേറ്റത്തിനുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന് അതോടൊപ്പം അവസാനവുമായി.
11 മണിക്ക് നിശ്ചയിച്ച റോഡ് ഷോക്ക് തുടക്കമായത് ഒരുമണിക്കൂർ വൈകിയാണ്. ചൊവ്വാഴ്ച രാത്രി സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച പ്രിയങ്ക ഗാന്ധി റോഡ് മാർഗമാണ് ബുധനാഴ്ച രാവിലെ കൽപറ്റയിലേക്ക് തിരിച്ചത്. സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജ് മൈതാനത്ത് ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ ഇറങ്ങിയ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഒപ്പമുണ്ടായിരുന്നു. റോഡ് ഷോക്ക് പിന്നാലെ 1.45ഓടെയാണ് പ്രിയങ്ക പത്രിക സമർപ്പിച്ചത്.
നാമനിർദേശ പത്രിക സമർപ്പണത്തിന്‍റെ പ്രാരംഭ നടപടികൾ പൂർത്തിയായ ശേഷമാണ് പ്രിയങ്കയും രാഹുലും പങ്കെടുത്ത റോഡ് ഷോയ്ക്ക് തുടക്കമായത്. അപ്പോഴേക്കും കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ദേശീയപാതയിൽ ഒന്നര കിലോമീറ്ററോളം ദൂരം ജനനിബിഡമായിരുന്നു. ദേശീയപാതയും കഴിഞ്ഞ് ഫുട്പാത്തും നഗര വഴികളിലെ കെട്ടിടങ്ങളും നിറഞ്ഞ് ജനമെത്തി.
പ്രിയങ്കയുടെ റോഡ് ഷോയിൽ പങ്കാളികളാകാൻ രാവിലെ ഏഴു മണി മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പുലർകാലത്ത് മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു. സമീപജില്ലകളിൽ നിന്ന് നൂറുകണക്കിനാളുകളാണ് റോഡ് ഷോയ്ക്ക് എത്തിയത്.
ഒമ്പതു മണിയോടെ പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിനു മുന്നിൽ ആളുകൾ നിറഞ്ഞുതുടങ്ങി. ഒറ്റക്കും കൂട്ടായും ആളുകളുടെ പ്രവാഹം. ചെറു സംഘങ്ങൾ മുദ്രാവാക്യം വിളികളുമായാണ് ആൾക്കൂട്ടത്തിൽ അലിഞ്ഞത്. കൈപ്പത്തി ചിഹ്നം പതിച്ച ടീഷർട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാർഡുകളേന്തിയും അണിനിരന്ന ആയിരങ്ങൾക്കൊപ്പം ത്രിവർണ ബലൂണുകളുടെ ചാരുതയും നിറം പകർന്നു. ഗോത്രവർഗ യുവാക്കൾ അണിനിരക്കുന്ന 'ഇതിഹാസ', 'നവോദയ' എന്നീ ബാൻഡ് വാദ്യ സംഘങ്ങൾ ആവേശക്കാഴ്ചകളിലേക്ക് ആരവം പകർന്നു. പൊള്ളുന്ന വെയിലിലും വാടാതെ മണിക്കൂറുകളോളം നിലയുറപ്പിച്ച ജനക്കൂട്ടം രാഹുലിന്‍റെയും പ്രിയങ്കയുടെയും വരവോടെ ആഘോഷത്തിമിർപ്പിലായി.