കാലിക്കറ്റ് വി.സിയായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു; വിജ്ഞാപനമിറക്കി ലോക്ഭവൻ
text_fieldsഡോ. പി. രവീന്ദ്രൻ
തിരുവനന്തപുരം: പ്രഫ. ഡോ. പി. രവീന്ദ്രനെ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായി നിയമിച്ച് ലോക്ഭവൻ വിജ്ഞാപനമിറക്കി. നിലവിൽ താൽക്കാലിക വി.സിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് വർഷത്തേക്കാണ് നിയമനം. വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ നിയമപരമായി അധികാരമുണ്ടെങ്കിൽ ബോധ്യപ്പെടുത്തണമെന്ന് ചാൻസലർ കൂടിയായ ഗവർണറോട് തിങ്കളാഴ്ച ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് നിയമനമെന്നത് ശ്രദ്ധേയമാണ്. നേരത്തെ സർക്കാർ നിർദേശം തള്ളി 2024ൽ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പി. രവീന്ദ്രനെ വി.സിയായി നിയമിച്ചത് വിവാദമായിരുന്നു
വിഷയത്തിൽ തിങ്കളാഴ്ച ഹൈകോടതിയിൽ വാദം നടന്നിരുന്നുയ. സർക്കാറിനാണ് വി.സി നിയമനത്തിനുള്ള അവകാശമെന്ന അഡ്വക്കറ്റ് ജനറലിന്റെ വാദത്തിന് അനുകൂലമായ നിലപാട് പ്രഥമദൃഷ്ട്യ കോടതി സ്വീകരിച്ചപ്പോൾ ചാൻസലറുടെ ഭാഗത്തു നിന്ന് എതിർപ്പുയർന്നതിനെ തുടർന്നാണ് ഇത് ബോധ്യപ്പെടുത്താൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചത്. വി.സിയെ നിയമിക്കാൻ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ലഭ്യമായ അപേക്ഷകൾ സെർച്ച് കമ്മിറ്റിക്ക് സമർപ്പിക്കാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ വകുപ്പിനാണെന്നിരിക്കെ ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം നിലനിൽക്കില്ലെന്നായിരുന്നു സർക്കാറിന്റെ വാദം. നിയമന അധികാരമാണ് ചാൻസലർക്കുള്ളതെന്നും ചൂണ്ടിക്കാട്ടി. വി.സി നിയമനത്തിന് വിജ്ഞാപനമിറക്കാൻ ചാൻസലർക്കാവില്ലെന്ന് കോടതിയും വാക്കാൽ അഭിപ്രായപ്പെട്ടു.


