Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഗ്ദാനം...

വാഗ്ദാനം ഫേസ്ബുക്കിലൊതുങ്ങി; സുരേഷ് ഗോപി പ്രഖ്യാപിച്ച കേന്ദ്രഫണ്ട്‌ കിട്ടാതെ പുലികളി സംഘങ്ങൾ

text_fields
bookmark_border
വാഗ്ദാനം ഫേസ്ബുക്കിലൊതുങ്ങി; സുരേഷ് ഗോപി പ്രഖ്യാപിച്ച കേന്ദ്രഫണ്ട്‌ കിട്ടാതെ പുലികളി സംഘങ്ങൾ
cancel
camera_alt

സു​രേ​ഷ് ഗോ​പി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, തൃശൂരിലെ പുലികളി സംഘങ്ങൾക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തത് വിവാദമാകുന്നു. കഴിഞ്ഞ ഓണക്കാലത്ത് പുലികളി സംഘങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം നൽകുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം വാഗ്‌ദാനത്തിൽ മാത്രം ഒതുങ്ങിയതോടെയാണ് വിവാദങ്ങൾ ഉടലെടുക്കുന്നത്.

സെപ്റ്റംബർ ഏഴിനാണ് കേന്ദ്രമന്ത്രിയും സ്ഥലം എം.പിയുമായ സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ സഹായധനം പ്രഖ്യാപിച്ചത്. കേന്ദ്ര ടൂറിസം-സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് നന്ദി അറിയിച്ചായിരുന്നു പോസ്റ്റ്. ‘ആഭ്യന്തര പ്രോത്സാഹനവും പ്രചാരണവും ആതിഥേയത്വം ഉൾപ്പെടെയുള്ള പദ്ധതി’യിൽ (ഡി.പി.പി.എച്ച്) ഉൾപ്പെടുത്തി എട്ട് പുലികളി സംഘങ്ങൾക്ക് മൂന്നുലക്ഷം രൂപ വീതം അനുവദിച്ചെന്നായിരുന്നു അറിയിപ്പ്. എന്നാൽ, പുലികളി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഒരു രൂപപോലും സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല.

അപേക്ഷ എവിടെ നൽകണം? എന്തൊക്കെ നൽകണം...?

കേന്ദ്ര ഫണ്ട് ലഭിക്കുന്നതിനായി ആരെ സമീപിക്കണമെന്നോ ഏതൊക്കെ രേഖകൾ സമർപ്പിക്കണമെന്നോ അറിയാതെ നട്ടം തിരിയുകയാണ് സംഘാടകർ. കേന്ദ്രമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ ‘അറിയില്ല’ എന്ന മറുപടിയാണ് ലഭിച്ചതെന്ന് സംഘാടകർ പറയുന്നു. ഡിസ്ട്രിക്ട് ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും അവർക്കും അറിയില്ല എന്നതായിരുന്നു ലഭിച്ച മറുപടി. തഞ്ചാവൂരിലെ സൗത്ത് സോൺ കൾചറൽ സെന്റർ വാഗ്ദാനംചെയ്ത ഒരു ലക്ഷം രൂപയിൽ 90,000 രൂപ മാത്രമാണ് ലഭിച്ചത്.

വാഗ്ദാനം വിനയായി; സ്പോൺസർമാരും കൈവിട്ടു

കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവെച്ചതെന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. 15 ലക്ഷം മുതൽ 23 ലക്ഷം രൂപ വരെയാണ് ഒരു സംഘത്തിന് പുലികളിക്ക് ചെലവ് വരുന്നത്. കോർപറേഷൻ നൽകുന്ന 3.13 ലക്ഷത്തിന് പുറമെ സ്പോൺസർമാരെ കണ്ടെത്തിയാണ് ബാക്കി തുക സമാഹരിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ മൂന്നുലക്ഷം രൂപ ലഭിക്കുമെന്ന വാർത്ത പരന്നതോടെ സ്‌പോൺസർമാർ കുറഞ്ഞതായും പുലികളി സംഘങ്ങൾ പറയുന്നു. കേന്ദ്രഫണ്ട് വരുമെന്ന പ്രതീക്ഷയിൽ ഇക്കുറി പുലികളി കൂടുതൽ വർണാഭമാക്കിയ സംഘങ്ങൾ ഇതോടെ വെട്ടിലായി. പല ദേശങ്ങളും നിലവിൽ മൂന്നു മുതൽ നാലു ലക്ഷം രൂപ വരെ കടക്കെണിയിലാണ്.

രാഷ്ട്രീയപ്പോര് മുറുകുന്നു

സ്ഥിരമായി കോർപറേഷൻ കൗൺസിലിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കുന്ന ഒന്നാണ് ‘ഫണ്ട് വിവാദം’. കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാന സർക്കാർ തടഞ്ഞുവെക്കുന്നുവെന്നാണ് ബി.ജെ.പി കൗൺസിലർമാരുടെ ആരോപണം. എന്നാൽ, അപേക്ഷപോലും സമർപ്പിക്കാത്ത ഫണ്ട് സംസ്ഥാന സർക്കാർ എങ്ങനെ തടഞ്ഞുവെക്കുമെന്ന ചോദ്യമാണ് ഇടതുപക്ഷ കൗൺസിലർമാർ ഉന്നയിക്കുന്നത്. തഞ്ചാവൂർ സൗത്ത് സോൺ കൾചറൽ സെന്ററിലും കോർപറേഷനിലും കൃത്യമായ രേഖകൾ സമർപ്പിച്ചാണ് തുക അനുവദിച്ചുകിട്ടിയതെന്നും കേന്ദ്ര ഫണ്ടിന് അപേക്ഷ അയക്കാൻപോലും മാർഗമില്ലാത്ത അവസ്ഥയാണെന്നും സംഘാടകർ വ്യക്തമാക്കുന്നു.

അപേക്ഷ കൊടുക്കാത്തതുകൊണ്ടാണ് പണം ലഭിക്കാത്തതെന്ന് പറയുന്നവർ അപേക്ഷ എവിടെ, ആർക്ക് കൊടുക്കണമെന്നുകൂടി വ്യക്തമാക്കണം. പണം ലഭിച്ചില്ലേ, പിന്നെ എന്തിനാണ് നഷ്ടക്കണക്ക് പറയുന്നത് എന്നാണ് പലരും ചോദിക്കുന്നത്. കേന്ദ്രമന്ത്രിയുടെ ഓഫിസിൽ വിളിച്ചപ്പോൾ അറിയില്ലെന്നും, കോർപറേഷനുമായി ബന്ധപ്പെട്ടപ്പോൾ മന്ത്രി പ്രഖ്യാപിച്ചതല്ലേ അവിടെത്തന്നെ ചോദിക്കൂ എന്നുമാണ് മറുപടി ലഭിക്കുന്നതെന്നും വിയ്യൂർ പുലികളി സംഘം ഭാരവാഹികൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

Show Full Article
TAGS:Promises facebook post Suresh Gopi central minister Pulikali Artist 
News Summary - Promise made on Facebook; Pulikali groups fail to receive central funds announced by Suresh Gopi
Next Story