പ്രോസിക്യൂഷൻ ഡയറക്ടറേറ്റിൽ വഴിവിട്ട സ്ഥലംമാറ്റ നീക്കമെന്ന് ആരോപണം
text_fieldsപാലക്കാട്: ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽ അസി. പബ്ലിക് പ്രോസിക്യൂട്ടർമാരുടെയും ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെയും പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വിവാദം. സാധാരണയായി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടത്തേണ്ട സ്ഥലംമാറ്റ നടപടികൾ സമയബന്ധിതമായി ആരംഭിക്കാതെ ജനറൽ ട്രാൻസ്ഫറിന്റെ പേരിൽ ചിലർക്ക് അനുകൂലമായും മറ്റു ചിലർക്ക് പ്രതികൂലമായും സ്ഥലം മാറ്റാൻ ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം. ഇതിന് പിന്നിൽ രാഷ്ട്രീയ-സംഘടന ഇടപെടലുകളുണ്ടെന്നും വിമർശനമുണ്ട്. ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽനിന്ന് മാതൃവകുപ്പിലേക്ക് കൈമാറിയതായി പറയപ്പെടുന്ന സ്ഥലംമാറ്റപ്പട്ടികയിലെ നിർദേശങ്ങൾ മറികടന്ന് ചില ഉദ്യോഗസ്ഥർക്ക് അനുകൂലമായ ഉത്തരവുകൾ ഇറക്കാൻ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.
ഇതുവരെ സ്ഥലംമാറ്റ ഉത്തരവുകളിറങ്ങിയിട്ടില്ലെങ്കിലും ജനറൽ ട്രാൻസ്ഫറിന്റെ പേരിൽ വ്യാപകമായ സ്ഥലംമാറ്റങ്ങൾക്ക് വഴിയൊരുക്കാനുള്ള അണിയറ നീക്കം നടക്കുന്നതായാണ് ആക്ഷേപമുയരുന്നത്. അക്കാദമിക വർഷത്തിന്‍റെ മധ്യത്തിലുള്ള സ്ഥലംമാറ്റം ഉദ്യോഗസ്ഥരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയുമുണ്ട്. ജനറൽ ട്രാൻസ്ഫറിന്റെ മറവിൽ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ചില സംഘടന നേതൃത്വങ്ങളുടെ നിർദേശങ്ങൾ നടപ്പാക്കുന്നതിനും ശ്രമം നടക്കുന്നതായാണ് മറ്റൊരു ആരോപണം.
കൊല്ലം എ.പി.പി ആയിരുന്ന എസ്. അനീഷ്യയുടെ ആത്മഹത്യാക്കേസിലെ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥനെ വയനാട്ടിൽനിന്ന് വീടിനടുത്തേക്ക് സ്ഥലംമാറ്റിയ സംഭവവും ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ചർച്ചയാകുന്നുണ്ട്. കേസിലെ പ്രതിപ്പട്ടികയിലുള്ളവരും അവരുമായി ബന്ധപ്പെട്ട സ്വാധീനശക്തികളും നിലവിലെ സ്ഥലംമാറ്റ നീക്കങ്ങളിൽ ഇടപെടുന്നതായാണ് ആരോപണം.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ പങ്കും അധികാരപരിധിയും വ്യക്തമാക്കണമെന്നും ഓൺലൈൻ സ്ഥലംമാറ്റ സംവിധാനത്തിന്റെ ലക്ഷ്യമായ സുതാര്യതയും തുല്യനീതിയും ഉറപ്പാക്കണമെന്നും ഒരു വിഭാഗം പ്രോസിക്യൂട്ടർമാർ ആവശ്യപ്പെടുന്നു. ആരോപണങ്ങൾ പരിശോധിച്ച് വസ്തുതയുണ്ടെങ്കിൽ ഉത്തരവാദികളായവരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും സ്ഥലംമാറ്റ നിർദേശങ്ങളുടെ അടിസ്ഥാനവും പിന്തുടരുന്ന മാനദണ്ഡങ്ങളും വ്യക്തമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്.


