Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി പരീക്ഷ...

പി.എസ്.സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് പിടിയിൽ

text_fields
bookmark_border
പി.എസ്.സി പരീക്ഷ തട്ടിപ്പിൽ ആദ്യ അറസ്റ്റ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് പിടിയിൽ
cancel

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പി.എസ്.സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) മുൻ പി.എസ്.സി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്.

ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചത് സതീഷായിരുന്നു. കോഴിക്കോട്ടെ വീട്ടില്‍നിന്നാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. ഇന്നു തന്നെ തിരുവനന്തപുരത്ത് എത്തിക്കും. പരീക്ഷ തട്ടിപ്പിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് എസ്.ഐ.ടിക്കു മുമ്പിൽ ഹാജരാകാനിരിക്കെയാണ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. കേസിലെ മെല്ലെപ്പോക്കിൽ സർക്കാറിനെയും അന്വേഷണ സംഘത്തെയും ഹൈകോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. പി.എസ്.സിയും സർക്കാറും ‘ഭായി ഭായി’ കളിക്കുകയാണോയെന്നായിരുന്നു കോടതിയുടെ വിമർശനം.

പി.എസ്.സി ചെയർമാനോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉച്ചക്ക് രണ്ടിന് എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ഐ.ജി അജിതാബീഗത്തിന്‍റെ നേതൃത്വത്തിലാവും മൊഴിയെടുപ്പ്. അറസ്റ്റിലായ സതീഷ് കഴിഞ്ഞ വർഷമാണ് വിരമിച്ചത്. കേസില്‍ സതീഷിനെതിരെയും പരീക്ഷാ വിഭാഗം അഡീ. സെക്രട്ടറി ആര്‍. ഹരിക്കെതിരെയും സര്‍ക്കാര്‍ നേരത്തെ നടപടി സ്വീകരിച്ചിരുന്നു. ഹരിയെ സസ്‌പെന്‍ഡ് ചെയ്യുകയും സതീഷിന്‍റെ വിരമിക്കല്‍ ആനുകൂല്യം തടയുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

58 മാര്‍ക്കിന്‍റെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കിയതില്‍ ഇവര്‍ക്കു പങ്കുണ്ടെന്നാണ് എസ്.ഐ.ടി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് മുമ്പ് സതീഷിന്‍റെ മൊഴി എസ്‌.ഐ.ടി രേഖപ്പെടുത്തിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. രണ്ടു ദിവസങ്ങളായി പി.എസ്.സി അംഗങ്ങളെ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു.

ആസൂത്രണ ബോർഡ് പരീക്ഷക്ക് പുറമെ 150ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് എസ്.ഐ.ടിയുടെ പരിഗണനയിലുള്ളത്. ഭരണഘടനാസ്ഥാപനമെന്ന നിലക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നായിരുന്നു പി.എസ്.സിയുടെ നിലപാട്. അതേസമയം, പരീക്ഷ തട്ടിപ്പ് കേസിൽ പി.എസ്‌.സി ചെയർമാനെതിരെ കമീഷനിലെ ഒരംഗം എസ്.ഐ.ടിക്ക് മൊഴി നൽകിയതായി വിവരമുണ്ട്. പരീക്ഷ കൺട്രോളറെ പോലും മറികടന്ന് പരീക്ഷ നടത്തിപ്പിന്‍റെ എല്ലാ മേഖലകളിലും ചെയർമാൻ ഇടപെടാറുണ്ടെന്നാണ് മൊഴിയെന്നാണറിയുന്നത്.

ആസൂത്രണ ബോർഡിലേക്ക് നടന്ന എഴുത്തുപരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാം. ചട്ടങ്ങള്‍ മറികടന്ന് എഴുത്തുപരീക്ഷകളുടെ മാർക്ക് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരോട് ചോദിച്ചറിയുന്ന ശീലം അദ്ദേഹത്തിനുണ്ട്. അഡീഷനൽ സെക്രട്ടറി ആർ. ഹരി എഴുത്തുപരീക്ഷകളുടെ മാർക്ക് ചെയർമാനെ മുൻകൂട്ടി അറിയിക്കാറുണ്ട്. ഇതിനെതിരെ ചില ജീവനക്കാർ തങ്ങളെ പരാതി അറിയിച്ചിരുന്നതായും അംഗം അന്വേഷണസംഘത്തെ അറിയിച്ചതായാണ് വിവരം. അതിനിടെ ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിനെച്ചൊല്ലി പി.എസ്.സിയിൽ കലഹമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന്‍റെ നിർദ്ദേശം തള്ളിയാണ് അംഗങ്ങൾ മൊഴി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:psc exam fraud kpsc SIT 
News Summary - PSC Exam Fraud: Former Deputy Secretary P. Satheesh Arrested
Next Story