അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനം; ഉത്തരക്കടലാസിൽ മലയാളത്തെ ഒഴിവാക്കി പി.എസ്.സി
text_fieldsതിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ നിയമനത്തിനുള്ള തെരഞ്ഞെടുപ്പ് നടപടികളിൽ അട്ടിമറിയുമായി കേരള പബ്ലിക് സർവിസ് കമീഷൻ. തസ്തികയിലേക്ക് ഏപ്രിൽ 30ന് നടത്തുന്ന മുഖ്യപരീക്ഷ ഇത്തവണ ഇംഗ്ലീഷിൽ മാത്രമേ എഴുതാവൂവെന്നാണ് പി.എസ്.സിയുടെ പുതിയ ചട്ടം. 2021ൽ ബന്ധപ്പെട്ട തസ്തികയിലേക്ക് ഫെബ്രുവരിയിൽ നടത്തിയ എഴുത്തുപരീക്ഷയിൽ മലയാളത്തിലും ഇംഗ്ലീഷിലും ഉത്തരമെഴുതാൻ അവസരം ഉദ്യോഗാർഥികൾക്ക് പി.എസ്.സി നൽകിയിരുന്നു. മലയാള ഭാഷാപരിജ്ഞാനം ആവശ്യമുള്ള തസ്തികയിൽ മലയാളത്തെ അവഗണിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നു.
ഒരു തസ്തികയുടെ തെരഞ്ഞെടുപ്പ് നടപടിക്രമം തുടങ്ങിയശേഷം അതിൽ തോന്നുംപോലെ മാറ്റംവരുത്തരുതെന്ന് സുപ്രീംകോടതി പി.എസ്.സിക്ക് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, കോടതിയുടെ നിർദേശത്തെപ്പോലും മുഖവിലക്കെടുക്കാതെയാണ് അസി. ഇൻഫർമേഷൻ ഓഫിസർ നിയമനത്തിന്റെ തുടക്കംമുതലുള്ള തെരഞ്ഞെടുപ്പ് നടപടികളിൽ പി.എസ്.സിയുടെ ഇടപെടൽ. ബന്ധപ്പെട്ട തസ്തികയിലേക്ക് കഴിഞ്ഞവർഷം ഒക്ടോബറിൽ ഒ.എം.ആർ പരീക്ഷ നടത്തിയിരുന്നു. എന്നാൽ, ഇത് പ്രാഥമിക പരീക്ഷയാണെന്ന വിവരം ഉദ്യോഗാർഥികളെ പി.എസ്.സി മുൻകൂട്ടി അറിയിച്ചില്ല. അർഹത പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് തങ്ങളെഴുതിയ പരീക്ഷ പ്രാഥമിക പരീക്ഷയാണെന്നും ഇനി മുഖ്യപരീക്ഷയുണ്ടെന്നും അപേക്ഷകർ അറിയുന്നത്.
2024 ഡിസംബർ 31വരെ പ്രസിദ്ധീകരിച്ച മുഴുവൻ വിജ്ഞാപനങ്ങളുടെയും പരീക്ഷകളുടെയും ഏകദേശമാസം വാർഷിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടും ഇൻഫർമേഷൻ ഓഫിസർ മുഖ്യപരീക്ഷയെ സംബന്ധിച്ച് ഒരു വിവരവും വാർഷിക കലണ്ടറിൽ പി.എസ്.സി നൽകിയിരുന്നില്ല. അർഹത പട്ടികയിൽ ഉൾപ്പെട്ടവർ അന്വേഷിച്ചപ്പോൾ മുഖ്യപരീക്ഷയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നാണ് പി.എസ്.സി അറിയിച്ചത്. എന്നാൽ, കഴിഞ്ഞയാഴ്ച മുഖ്യപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചപ്പോഴാണ് മലയാളത്തെ ഉത്തരക്കടലാസിൽ നിന്ന് പി.എസ്.സി ഒഴിവാക്കിയ വിവരം ഉദ്യോഗാർഥികൾ അറിയുന്നത്.
കഴിഞ്ഞ തവണയും ഇതേ തസ്തികയുടെ പരീക്ഷകളെക്കുറിച്ച് വ്യാപക പരാതികളാണ് പി.എസ്.സിക്കെതിരെ ഉയർന്നത്. ബിരുദതല തസ്തികകളുടെ പൊതുപാഠ്യപദ്ധതിയിൽ നിന്ന് ചോദ്യങ്ങൾ തയാറാക്കിയതോടെ, പത്രപ്രവർത്തനരംഗത്തെ സംബന്ധിച്ച ചോദ്യങ്ങൾ പുറത്തായി. ഇതിനെതിരെ പരാതികൾ വ്യാപകമായതോടെ, രണ്ടാംഘട്ടമായി ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനെ ആസ്പദമാക്കിയാണ് മുഖ്യപരീക്ഷ നടത്തിയത്. ഇത്തവണ അത്തരം പരാതികൾ ഒഴിവാക്കുന്നതിന് പുതിയ പാഠ്യപദ്ധതിയാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്.
പ്രാഥമിക പരീക്ഷയെന്ന് പി.എസ്.സി അവകാശപ്പെടുന്ന ഒക്ടോബറിലെ പരീക്ഷക്ക് ജേണലിസത്തിൽ നിന്നും മാസ് കമ്യൂണിക്കേഷനിൽ നിന്നും 40 മാർക്കിന്റെ ചോദ്യങ്ങളുണ്ടായിരുന്നു. വീണ്ടും അതേ വിഷയത്തിൽ തന്നെ മുഖ്യപരീക്ഷ നടത്തുന്നതിലെ ഔചിത്യമാണ് ഉദ്യോഗാർഥികൾ ചോദ്യം ചെയ്യുന്നത്.