വിവരാവകാശമൊന്നും പി.എസ്.എസിക്ക് ബാധകമല്ലേ?
text_fieldsപാലക്കാട്: വിവരാവകാശ നിയമവും നടപടികളിലെ സുതാര്യതയും ഇന്നും കേരള പബ്ലിക് സർവിസ് കമീഷന് പുറത്ത്. പി.എസ്.സി നടപടിക്രമങ്ങളും നിയമന പ്രക്രിയയും ജീവനക്കാരുടെ വിവരങ്ങളും കണക്കുമെല്ലാം രഹസ്യവിവരങ്ങളെന്നാണ് വിശദീകരണം. ഇതിനിടെ, പി.എസ്.സി ഓഫിസ് മാന്വലും റിക്രൂട്ട്മെന്റ് മാന്വലും രഹസ്യരേഖയല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും, രഹസ്യരേഖകൾ ഏതൊക്കെയെന്ന് വെളിപ്പെടുത്താൻ പി.എസ്.സിയോട് തന്നെ ആവശ്യപ്പെട്ട് വിവരാവകാശ കമീഷനും തടിതപ്പി. തുടർന്നാണ് മാന്വലിലെ 21 അധ്യായ ഭാഗങ്ങളും റിക്രൂട്ട്മെന്റ് മാന്വലിലെ പ്രധാന മൂന്ന് അധ്യായ ഭാഗങ്ങളുമുൾപ്പെടെ ഭൂരിഭാഗം വിവരങ്ങളും നടപടിക്രമവും രഹസ്യരേഖയാണെന്ന് പി.എസ്.സി വെളിപ്പെടുത്തിയത്.
എന്താണ് ഫിഡ്യൂഷ്യറി?
വിവരാവകാശ നിയമം 8 (1) ഇ പ്രകാരം ‘ഫിഡ്യൂഷ്യറി ബന്ധ’ത്തിൽപെടുന്ന വിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ലാത്തതിനാൽ തരാനാകില്ലെന്നതാണ് പബ്ലിക് സർവിസ് കമീഷൻ നിലപാട്. ഉത്തമ വിശ്വാസത്തിലുള്ള ഒരു ബന്ധത്തെയാണ് ഫിഡ്യൂഷ്യറി എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്. പരീക്ഷയും നിയമനവും അതിന്റെ തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട വിഷയവും ബാങ്കിങ് വിവരങ്ങളുമാണ് പൊതുവായി ഫിഡ്യൂഷ്യറി പരിധിയിൽ വരുന്നതെങ്കിലും പി.എസ്.സി ഭൂരിഭാഗം വിവരങ്ങളും വിവരാവകാശ നിയമത്തിൽനിന്നും പൊതുസമൂഹത്തിൽനിന്നും മറക്കുകയാണ്.
പി.എസ്.സി മാന്വൽ ആഭ്യന്തര രേഖയാണോ?
‘‘ചോദ്യപേപ്പർ സൂക്ഷിക്കുന്ന രീതി, ഉത്തരക്കടലാസുകൾ കൈകാര്യംചെയ്യുന്ന വിധം തുടങ്ങി സ്വാഭാവികമായി സംരക്ഷിക്കേണ്ട രഹസ്യവിവരങ്ങൾ ഒഴികെയുള്ളവ പൗരന്മാർക്കറിയാൻ അവകാശമുണ്ട്. അത് നിഷേധിക്കരുത്. സുതാര്യമായിരുന്നാൽ മാത്രം പോരാ, അത് ജനങ്ങളെ ബോധ്യപ്പെടുത്തണം’’ -വിവരാവകാശ കമീഷണർ ദേശീയ വിവരാവകാശ കൂട്ടായ്മ പ്രവർത്തകനായ കോഴിക്കോട് സ്വദേശി എൻ.എം. ഷനോജിന്റെ പരാതിയിൽ വിധി പുറപ്പെടുവിച്ച് പറഞ്ഞതാണിത്. തുടർന്ന്, പുറത്തുവിടേണ്ടതല്ലാത്ത വിവരങ്ങൾ വെളിപ്പെടുത്തി നൽകാൻ പി.എസ്.സിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, രഹസ്യരേഖയാണെന്ന് പറഞ്ഞ് ഒട്ടുമിക്ക വിവരങ്ങളും മറച്ചുപിടിക്കുകയാണ് പി.എസ്.സി.
വിവരാവകാശ നിയമം സെക്ഷൻ 4
ആർ.ടി.ഐ സെക്ഷൻ നാല് അനുസരിച്ച് ഓരോ പൊതു അധികാരിയും ഓഫിസിലെ ലഭ്യമായ വിവരങ്ങൾ, നിയമങ്ങൾ, രേഖകൾ, ജീവനക്കാർ, സേവനങ്ങൾ, നടപടിക്രമങ്ങൾ എന്നിവ സ്വമേധയാ വെബ്സൈറ്റ് വഴിയോ നോട്ടീസ് ബോർഡ് വഴിയോ പ്രസിദ്ധീകരിക്കണം. എന്നാൽ ‘ഫിഡ്യൂഷ്യറി’യുടെ മറ പിടിച്ച് സുതാര്യത മുൻനിർത്തി നിയമപ്രകാരം ലഭ്യമാക്കേണ്ട വിവരങ്ങൾ വിവരാവകാശ അപേക്ഷയിൽ പോലും നിഷേധിക്കുകയാണ് പി.എസ്.സി.
കമീഷൻ ഉത്തരവ്
പി.എസ്.സി ഓഫിസ് മാന്വലും റിക്രൂട്ട്മെന്റ് മാന്വലും രഹസ്യരേഖയല്ലെന്നും ആവശ്യപ്പെടുന്നവർക്ക് നൽകണമെന്നായിരുന്നു വിവരാവകാശ കമീഷൻ ഉത്തരവിട്ടത്. അതേസമയം, അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ തരംതിരിച്ചു മാറ്റി ബാക്കിയുള്ളവ നൽകണമെന്ന് ഉത്തരവിടേണ്ട കമീഷൻ, നൽകേണ്ടതില്ലാത്ത വിവരം ഏതൊക്കെയെന്ന് പി.എസ്.സിയോട് പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടതിൽ വിമർശനം ഉയരുന്നുണ്ട്.
നൽകേണ്ടതില്ലെന്ന് പി.എസ്.സി പ്രഖ്യാപിച്ച വിവരങ്ങൾ
റിക്രൂട്ട്മെന്റ് മാന്വൽ, കേരള പി.എസ്.സി മാന്വൽ എന്നീ ഭാഗങ്ങളിലെ ചില അധ്യായങ്ങളാണ് വിവരം നൽകാൻ പാടില്ലാത്ത രേഖകളായി പി.എസ്.സി നിശ്ചയിച്ചത്.
റിക്രൂട്ട്മെന്റ് മാന്വൽ-3
- മൂന്നാം അധ്യായത്തിൽ ഒഴിവുകൾ നികത്താൻ അനുവർത്തിക്കുന്ന നടപടികൾ,
- നാലാം അധ്യായം: എൻ.ജെ.ഡി ( പറഞ്ഞ സമയപരിധയിൽ ജോലിയിൽ പ്രവേശിക്കാതിരുന്നതുമായി ബന്ധപ്പെട്ട് വരുന്ന ഒഴിവുകൾ), എൻ.സി.എ (പ്രത്യേക തസ്തികകളിൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇല്ലാതെ വരുന്ന ഒഴിവുകൾ), ടി.പി.ഒ (നിയമനം ശ്രദ്ധിക്കപ്പെടാതെ/അവഗണിച്ചതിനെത്തുടർന്നുണ്ടാകുന്ന ഒഴിവുകൾ)
- സ്പെഷൽ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഉത്തരവുകൾ
- കേരള പി.എസ്.സി
മാന്വൽ-21
- കെ. പി.എസ്. കമീഷൻ ഒാഫിസുകൾ, കെ.പി.എസ്.സി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ
- ജീവനക്കാർ
- വിജിലൻസ്, സുരക്ഷ
- നിർവചനങ്ങൾ
- അപേക്ഷകൾ തരംതിരിച്ച് വേർതിരിക്കുന്ന നടപടികൾ
- പരീക്ഷകൾ, ലിസ്റ്റ് തയാറാക്കൽ
- നിയമനത്തിന് അഡ്വൈസ് ലെറ്റർ നൽകുന്നത്, അവ കൈമാറുന്നത്.
- എസ്.സി, എസ്.ടി, സ്പെഷൽ റിക്രൂട്ട്മെന്റുകൾ
- ജില്ലതല തെരഞ്ഞെടുക്കലുകൾ
- പ്രാദേശിക ഓഫിസുകളെ സംബന്ധിച്ചവ
- വകുപ്പുതല പരീക്ഷകൾ
- നിയമങ്ങൾ, നിയമനടപടികൾ, അച്ചടക്ക നിയമനടപടികൾ, കൂടാതെ കമീഷനോട് നിർദേശിക്കപ്പെടുന്ന കാര്യങ്ങൾ
- രേഖകളുടെ വിതരണം.
- എസ്റ്റാബ്ലിഷ്മെൻറ്
- അക്കൗണ്ടുകൾ
- ടെലിഫോൺ, ഇന്റർനെറ്റ് വിവരങ്ങൾ
- കമ്പ്യൂട്ടറൈസേഷൻ, മറ്റു സാങ്കേതികമായ വിവരങ്ങൾ
- ഓഫിസ് നടപടിക്രമങ്ങൾ
- കമീഷൻ സിറ്റിങ്ങുകൾ
- വിവരാവകാശ രേഖകൾ
- റദ്ദാക്കൽ, ഒഴിവാക്കൽ, സംക്രമകാല വകുപ്പുകൾ
കമീഷൻ ഉത്തരവ് വിചിത്രം’’
"പി.എസ്.സി ചൂണ്ടിക്കാണിക്കുന്ന കേരള പി.എസ്.സി മാന്വലിലെ ഏതെങ്കിലും അധ്യായ ഭാഗങ്ങളോ റിക്രൂട്ട്മെന്റ് മാന്വലിലെ പ്രധാന മൂന്ന് അധ്യായ ഭാഗങ്ങളോ ‘ഫിഡ്യൂഷ്യറി’യുടെ പരിധിയിൽ വരുന്ന വിവരങ്ങളാണോ എന്ന് അപേക്ഷ പരിഗണിച്ച വിവരാവകാശ കമീഷണർ പരിഗണിക്കേണ്ടതായിരുന്നു. സെക്ഷൻ 10 അനുസരിച്ച് വിവരങ്ങൾ വേർതിരിച്ച് കൊടുക്കാവുന്നതാണെന്നാണ് പറഞ്ഞത്. ഈ രീതിയിൽ ഈ ഉത്തരവ് നൽകിയത് വിചിത്രമാണ്. ഹൈകോടതിയിലും മറ്റും ചോദ്യംചെയ്യപ്പെടേണ്ട വിഷയമാണത്." -അഡ്വ. എം.ആർ. ഹരിരാജ്