Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവിസ് പബ്ലിക്കല്ല,...

സർവിസ് പബ്ലിക്കല്ല, മാർക്ക് വിവരം നൽകില്ലെന്ന്; വിവരാവകാശ കമീഷൻ ഉത്തരവ് തള്ളി പി.എസ്.സി

text_fields
bookmark_border
സർവിസ് പബ്ലിക്കല്ല, മാർക്ക് വിവരം നൽകില്ലെന്ന്; വിവരാവകാശ കമീഷൻ ഉത്തരവ് തള്ളി പി.എസ്.സി
cancel
camera_alt

പി.എസ്.സി ആസ്ഥാനം

തിരുവനന്തപുരം: ക്രമക്കേട് പുറത്തുവന്ന സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലെ പരീക്ഷയുടെ മാർക്ക് വിവരങ്ങൾ ഉദ്യോഗാർഥിക്ക് നൽകണമെന്ന വിവരാവകാശ കമീഷൻ ഉത്തരവ് തള്ളി പി.എസ്‌.സി. ഇക്കാര്യം വ്യക്തമാക്കി പി.എസ്.സി സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറായ അണ്ടർ സെക്രട്ടറി വിവരാവകാശ കമീഷൻ സെക്രട്ടറിക്ക് കത്ത് നൽകി. പകർപ്പ് ഉദ്യോഗാർഥി ശ്യാംകൃഷ്ണനും നൽകി.

സർക്കാർ തീരുമാനപ്രകാരം ക്രൈംബ്രാഞ്ചും പി.എസ്.സി തീരുമാനപ്രകാരം ആഭ്യന്തര വിജിലൻസും അന്വേഷിക്കുന്ന ക്രമക്കേടിലെ വിവരങ്ങളാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിക്ക് നൽകാനാകില്ലെന്ന് പി.എസ്.സി നിലപാടെടുത്തത്. ഏഴ് ദിവസത്തിനകം മാർക്ക് വിവരങ്ങൾ നൽകണമെന്ന വിവരാവകാശ കമീഷൻ ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാൻ പി.എസ്.സി തീരുമാനിച്ചതായും കത്തിൽ പറയുന്നു. ഇതിനായി ഹൈകോടതിയെ സമീപിക്കും.

പ്ലാനിങ് ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആന്‍റ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ), ചീഫ് (പെഴ്സ്പെക്ടിവ് പ്ലാനിങ് ഡിവിഷൻ), ചീഫ് (പ്ലാൻ കോഓഡിനേഷൻ ഡിവിഷൻ) എന്നീ തസ്തികകളിലേക്ക് നടന്നത് പൊതുപരീക്ഷയാണെന്നും അതിനാൽ ചീഫ് പെഴ്സ്പെക്ടിവ് പ്ലാനിങ് ഡിവിഷൻ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽവരാത്ത സാഹചര്യത്തിൽ കെ. ശ്യാംകൃഷ്ണൻ വിവരാവകാശം മുഖേന ആവശ്യപ്പെട്ട, റാങ്ക് പട്ടികയിലുൾപ്പെട്ടവരുടെ എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്‍റെയും മാർക്കുകൾ കൈമാറാൻ നിർവാഹമില്ലെന്നും പി.എസ്.സി കത്തിൽ പറയുന്നു.

അതേസമയം, പരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾക്ക് മാർക്കിട്ടില്ലെന്നും വീഴ്ചയുണ്ടായെന്നും പി.എസ്‌.സി പരീക്ഷാ കൺട്രോളർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേത്തുടർന്ന് ആഭ്യന്തര വിജിലൻസ് എസ്.പിയെ തുടരന്വേഷണത്തിന് നിയോഗിച്ചിരിക്കുകയാണ്. ഇതിനു പുറമേയാണ് സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം. രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പി.എസ്‌.സിക്ക് കത്ത് നൽകുകയും ചെയ്തു. ഇതിനിടയിലാണ് വിവരാവകാശ കമീഷൻ ഉത്തരവ് പ്രകാരം ഉദ്യോഗാർഥിക്ക് വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്.

ക്രൈംബ്രാഞ്ച് സംഘം വീണ്ടും പി.എസ്.സി ആസ്ഥാനത്ത്

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും പി.എസ്.സി ആസ്ഥാനത്തെത്തി. പരീക്ഷയുമായി ബന്ധപ്പെട്ട ചില രേഖകൾ പി.എസ്.സി അധികൃതരുടെ സാന്നിധ്യത്തിൽ പരിശോധിച്ചതായാണ് വിവരം. എന്നാൽ, പി.എസ്.സി ഒരു രേഖയും കൈമാറിയില്ലെന്നറിയുന്നു. രേഖകൾ ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കത്ത് നൽകിയതിന് പിന്നാലെയാണ് വ്യാഴാഴ്ച നേരിട്ട് എത്തിയത്.

പരീക്ഷകളുടെ ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്‍റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകളാണ് പ്രധാനമായും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. ഇതെല്ലാം കൈമാറാനാണ് സാധ്യത. എന്നാൽ, എസ്.ഐ.ടി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.സിയെന്നറിയുന്നു. പരീക്ഷാപേപ്പറുകളുടെ മൂല്യനിർണയം നടത്തിയ അധ്യാപകരുടെ വിശദാംശങ്ങളും മറ്റും കൈമാറാൻ തയാറല്ല.

Show Full Article
TAGS:Kerala Latest Kerala News psc Right to Information Commission crime branch psc rank list 
News Summary - PSC rejects RTI Commission's decision saying it will not provide information on marks as it is not a public service
Next Story