Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ബഹു’ കോടതി കയറുന്നു;...

‘ബഹു’ കോടതി കയറുന്നു; 'ബഹുമാനം ചോദിച്ചുവാങ്ങേണ്ടതല്ല, ഇത് പൗരന്മാരെ രണ്ടു തട്ടിലാക്കും'

text_fields
bookmark_border
‘ബഹു’ കോടതി കയറുന്നു; ബഹുമാനം ചോദിച്ചുവാങ്ങേണ്ടതല്ല, ഇത് പൗരന്മാരെ രണ്ടു തട്ടിലാക്കും
cancel

പാലക്കാട്: സർക്കാർ ഉദ്യോഗസ്ഥർ ജനങ്ങൾക്ക് കത്തെഴുതുമ്പോൾ അതിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കാര്യം പരാമർശിക്കുന്നിടത്ത് ‘ബഹു.’ ഉപയോഗിക്കണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‍കാര വകുപ്പിന്റെ സർക്കുലറിനെതിരെ കോടതിയെ സമീപിക്കുമെന്ന് പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത.

സർക്കാർ കത്തിടപാടുകളിലും നോട്ടീസുകളിലും ശിലാഫലകങ്ങളിലും മറ്റും ‘ബഹുമാനപ്പെട്ട’ എന്ന പദം ഉപയോഗിക്കുന്നത് പൊതുജന സേവകർ നിർബന്ധമായും ആദരിക്കേണ്ടവരും ബഹുമാനിക്കേണ്ടവരുമാണെന്ന തോന്നലുണ്ടാക്കുന്നുവെന്നും പൗരന്മാരെ രണ്ടു തട്ടിലാക്കുന്നെന്നും കാണിച്ച് പാലക്കാട് സി.എൻ. പുരം സ്വദേശി ബോബൻ മാട്ടുമന്ത 2023ലാണ് പരാതിയുമായി ചീഫ് സെക്രട്ടറിയെ ആദ്യമായി സമീപിച്ചത്.

തുടർന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുത്തരമായി കഴിഞ്ഞ മാർച്ചിൽ ഔദ്യോഗിക രേഖകളിൽ ‘ബഹുമാനപ്പെട്ട’ എന്ന പ്രയോഗം ഉപയോഗിക്കണമെന്ന തരത്തിൽ സർക്കാർ നിർദേശമില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ വിഭാഗത്തിൽനിന്ന് ബോബന് മറുപടി ലഭിച്ചിരുന്നു. ബഹുമാനം അർഹിക്കുന്ന തസ്തികകളും പദവികളും സംബന്ധിച്ച പട്ടിക സർക്കാർ പ്രത്യേകം തയാറാക്കിയിട്ടില്ല എന്ന മറുപടിയാണ് പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പ് അന്ന് നൽകിയത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഫയൽ നോട്ടിൽ 2024 ജനുവരി 30ന് ബഹുമാനപ്പെട്ട എന്ന വിശേഷണം സംസ്ഥാനത്തെ പ്രധാന പദവികൾക്ക് ഔദ്യോഗികമായി നിർബന്ധമാക്കുന്നതിൽ നിയമതടസ്സമില്ല എന്നും മറ്റുള്ള ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഔദ്യോഗികമായി കത്തിടപാടുകളിൽ അഭിസംബോധന ചെയ്യുന്നതിന് ശ്രീ, ശ്രീമാൻ എന്ന് ഉപയോഗിക്കുന്നതു സംബന്ധിച്ച് ഭരണവകുപ്പിന് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും നിയമസെക്രട്ടറി അഭിപ്രായപ്പെട്ടിരുന്നു.

ഉദ്യോഗസ്ഥ ഭരണപരിഷ്‍കാര വകുപ്പ് ജനുവരി ഏഴിന് നൽകിയ നിർദേശം ഒരു വ്യക്തിയുടെ പേരിനൊപ്പം ‘‘ബഹുമാനപ്പെട്ട എന്നു ചേർത്താൽ അത് ജനാധിപത്യവിരുദ്ധമാകില്ലെന്നും ഭരണരംഗത്ത് ‘ബഹുമാനപ്പെട്ട’ എന്ന പദം ആവശ്യമെങ്കിൽ ഉപയോഗിക്കുന്നത് വിലക്കേണ്ട സാഹചര്യമോ നിർബന്ധമായി ഉപയോഗിക്കാൻ പാടില്ല എന്ന നിർദേശം പുറപ്പെടുവിക്കേണ്ട സാഹചര്യമോ നിലവിലില്ലെ’’ന്നായിരുന്നു. ഈ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ഉത്തരവാണ് കഴിഞ്ഞ ദിവസം ഇറങ്ങിയത്.

ഭരണകൂടത്തിൽനിന്നുണ്ടാകുന്ന ഇരട്ട നീതിക്കെതിരെ താൻ കോടതിയെ സമീപിക്കുമെന്ന് ബോബൻ മാട്ടുമന്ത ‘മാധ്യമ’ത്തോട് പറഞ്ഞു. ‘തെരഞ്ഞെടുപ്പ് സമയത്ത് പ്രിയരേ എന്നും ബഹുമാന്യരേ എന്നും വോട്ടർമാരെ വിശേഷിപ്പിക്കുന്ന ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ തങ്ങളാണ് ബഹുമാനിക്കപ്പെടേണ്ടവർ എന്ന് വരുത്തിത്തീർക്കാനാണ് വിഷയത്തിൽ കഴിഞ്ഞ ദിവസമിറങ്ങിയ സർക്കാർ ഉത്തരവിലൂടെ സർക്കാർ ശ്രമിക്കുന്നത്. അടുത്ത ദിവസംതന്നെ ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്യും’ -ബോബൻ പറഞ്ഞു.

Show Full Article
TAGS:Public activist Kerala Govt government circular Kerala 
News Summary - Public activist says he will approach court against circular demanding respect
Next Story