പാലാ നഗരസഭയിൽ യു.ഡി.എഫിനെ ‘പുളിക്കക്കണ്ടം കുടുംബം’ പിന്തുണച്ചേക്കും; പകരം ദിയ ബിനുവിന് അധ്യക്ഷ പദവി
text_fieldsകോട്ടയം: പാലാ നഗരസഭയിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതികരണവുമായി സ്വതന്ത്ര സ്ഥാനാർഥി ബിനു പുളിക്കക്കണ്ടം രംഗത്ത്. തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ മര്യാദ പാലിക്കാതെ തേജോവധം ചെയ്തവർ പിന്തുണക്കായി സമീപിച്ചെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു.
തങ്ങൾക്കെതിരെ ഊമക്കത്ത് അയച്ച് രാഷ്ട്രീയത്തിന്‍റെ മാന്യത പാലിക്കാത്തവർ അതെല്ലാം ബോധപൂർവം മറന്നിരിക്കുകയാണ്. ഏത് കാര്യത്തിലും മൂന്നു പേരും കൂട്ടായ തീരുമാനമാണ് സ്വീകരിക്കുക. തങ്ങളുടെ ആശയങ്ങളോട് വിശ്വാസം അർപ്പിച്ച ആൾക്കാരോട് ആശയവിനിമയം നടത്തുമെന്നും തെരഞ്ഞെടുപ്പിൽ വിജയിച്ച ബിനുവും മകൾ ദിയയും സഹോദരൻ ബിജുവും വ്യക്തമാക്കി.
അതേസമയം, പാലാ നഗരസഭയിൽ പുളിക്കക്കണ്ടം കുടുംബത്തിന്‍റെ പിന്തുണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഈ സാധ്യത മുന്നിൽകണ്ട് ബിനുവും ദിയയും ബിജുവും മത്സരിച്ച വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.
കൂടാതെ, കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മായാ രാഹുലും യു.ഡി.എഫിനൊപ്പം നിൽക്കാനാണ് സാധ്യത. ദിയ ബിനുവിനെ നഗരസഭ അധ്യക്ഷയാക്കാമെന്ന ഉറപ്പിലാകും പുളിക്കക്കണ്ടം കുടുംബം യു.ഡി.എഫിനൊപ്പം ചേരുക. ആദ്യം ടേമിൽ തന്നെ ദിയക്ക് അധ്യക്ഷ പദവി നൽകാനും യു.ഡി.എഫ് തയാറാണെന്നാണ് ലഭിക്കുന്ന വിവരം. കന്നി മത്സരത്തിനിറങ്ങിയ 21കാരി ദിയ, മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബി.എ കഴിഞ്ഞ് എം.ബി.എക്കുള്ള ഒരുക്കത്തിലാണ്.
കേരള കോൺഗ്രസ് എമ്മിലൂടെ സ്വന്തമാക്കാമെന്ന് എൽ.ഡി.എഫ് ഉറപ്പിച്ച പാലാ നഗരസഭ ഭരണമാണ് ഇപ്പോൾ തുലാസിലായത്. ആകെയുള്ള 26 സീറ്റിൽ എൽ.ഡി.എഫ് 11, യു.ഡി.എഫ് 10, സ്വതന്ത്രർ 5 എന്നതാണ് കക്ഷിനില. എൽ.ഡി.എഫാണ് കൂടുതൽ സീറ്റ് നേടിയെങ്കിലും വിജയിച്ച അഞ്ച് സ്വതന്ത്രരിൽ മൂന്നും പുളിക്കക്കണ്ടം കുടുംബത്തിൽ നിന്നുള്ളവരാണ്. ഇവരുടെ തീരുമാനമാണ് നിർണായകമാകുക.
നഗരസഭ അധ്യക്ഷസ്ഥാനം സി.പി.എം നിഷേധിച്ചതിനെ തുടർന്ന് കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടമാണ് ഇവിടെ കേരള കോൺഗ്രസ് എമ്മിനും എൽ.ഡി.എഫിനും വെല്ലുവിളിയാകുന്നത്. സി.പി.എം പുറത്താക്കിയതിനെ തുടർന്ന് പാലാ മുനിസിപ്പാലിറ്റിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച ബിനുവിനൊപ്പം സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവരും വിജയിച്ചു.
13, 14 15 വാർഡുകളിൽ നിന്നാണ് ഇവർ വിജയിച്ചത്. 20 വർഷമായി കൗൺസിലറായ ബിനു, ഒരു തവണ ബി.ജെ.പി സ്ഥാനാർഥിയായും ഒരു തവണ സി.പി.എം സ്ഥാനാർഥിയായും രണ്ടു തവണ സ്വതന്ത്രനായുമാണ് ജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. എന്നാൽ, മുൻധാരണപ്രകാരം അധ്യക്ഷ സ്ഥാനം സി.പി.എം നൽകാത്തതിനെ തുടർന്ന് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞിരുന്നു. കേരള കോൺഗ്രസ് എം നേതൃത്വവുമായി ബിനു കടുത്ത തർക്കത്തിലുമായി. ഇതിനൊടുവിലാണ് ബിനുവിനെ സി.പി.എം പുറത്താക്കിയത്.
40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി. സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും. പാലായിൽ വലിയ സ്വാധീനവും ബന്ധുബലവുമുള്ള കുടുംബമാണ് തങ്ങളുടേതെന്ന് ഒരിക്കൽ കൂടി ഇവർ തെളിയിച്ചിരിക്കുകയാണ്.


