വലിച്ചെറിഞ്ഞ പാഠപുസ്തകങ്ങൾ, അനാഥമായ ചാമ്പമരം
text_fieldsതിരുവനന്തപുരം: വീടിന്റെ മുറ്റത്ത് വലിച്ചെറിഞ്ഞ കാർഡ് ബോർഡ് പെട്ടിക്കരികിലായി നന്നായി പുറംചട്ട പൊതിഞ്ഞ നെയിംസ്ലിപ് ഒട്ടിച്ച പാഠപുസ്തകങ്ങൾ. തൊട്ടടുത്ത് പകുതിയെഴുതിയ അടപ്പില്ലാത്ത പേന, മലർക്കെത്തുറന്ന നോട്ടുപുസ്തകങ്ങൾ. പഠനമുറിയിലെ ടേബിളിൽ ചിട്ടയിൽ ഒതുക്കി വെക്കേണ്ട ഇവയെല്ലാം അനാഥമായി ചിതറിക്കിടക്കുന്നു. ഇനിയും എത്രയോ പുറങ്ങൾ എഴുതിത്തികയ്ക്കേണ്ട ജീവിതമാണ് ജ്യേഷ്ഠൻ അഫാന്റെ ചുറ്റികക്കിരയായി പാതിവഴിയിലൊടുങ്ങിയത്. ശാന്തമായി ഒഴുകിയിരിയുന്ന അഞ്ച് ജീവിതങ്ങൾ അപ്രതീക്ഷിതമായി ചുഴറ്റിയെറിയപ്പെട്ടതിന്റെ നേർസാക്ഷ്യങ്ങളാണ് വീട്ടുമുറ്റത്തെ പാഠപുസ്തകങ്ങൾ മുതൽ ചിതിറക്കിടക്കുന്ന ചെരുപ്പുകളും തുണിത്തരങ്ങളും വരെ.
വെഞ്ഞാറമൂട് നിന്ന് പനവൂരിലേക്കുള്ള പ്രധാന റോഡിൽ പത്ത് മീറ്റർ മൺപാത പിന്നിട്ടാണ് ക്രൂരകൊലകൾക്ക് കേന്ദ്രമായ അഫാന്റെ വീട്. വീടിന്റെ വലതുഭാഗത്തായി ചാമ്പ മരമുണ്ട്. വിളവെടുക്കാൻ കാത്തിരിക്കുന്നത് പോലെ നിറയെ ചാമ്പക്കകൾ. അഫാനും മാതാവ് ഷെമിയും സഹോദരൻ അഫ്സാനുമടക്കം മൂന്ന് പേർ കഴിഞ്ഞിരുന്ന വീട് ഒരു രാവിരുട്ടി വെളുക്കുമ്പോൾ പൊലീസ് കാവലിലാണ്. അമ്പരപ്പോടെ കൈമലർത്തുന്നതല്ലാതെ നാട്ടുകാർക്ക് പറയാൻ വാക്കുകളും കിട്ടുന്നില്ല.
ചായ നൽകി
പതിവായി പള്ളിയിൽ നമസ്കരിക്കാനെത്തുന്ന ലത്തീഫിനെ കാണാത്തതോടെയാണ് അയൽവാസികൾ അന്വേഷണം തുടങ്ങിയത്. ഇതിനിടെയിലാണ് ലത്തീഫിന്റെ മാതാവ് മരണപ്പെട്ട വിവരമെത്തിയത്. അഫാന്റെ പിതൃസഹോദരൻ ലത്തീഫും ഭാര്യ ഷാഹിദയും താമസിക്കുന്നത് ചുള്ളാളം എസ്.എൻ പുരത്താണ്. പേരുമലയിൽനിന്ന് കൃത്യം ഏഴ് കിലോമീറ്റർ. നേരത്തെ സൈന്യത്തിലും പിന്നീട് വിദേശത്തുമായിരുന്നു ലത്തീഫ്. റബർ കൃഷിയും മറ്റുമായി നാട്ടിൽ കഴിഞ്ഞ് കൂടുകയായിരുന്നു. തൊട്ടടുത്ത് വാങ്ങിയതാകാം, ദിവസങ്ങൾ മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ വീടിന് പുറകിലായിട്ടുണ്ട്. ഇവക്കുള്ള തീറ്റയും വെള്ളവുമെല്ലാം കരുതിയിട്ടുമുണ്ട്. ആടിന് കൊടുക്കാൻ വെട്ടിയെടുത്ത ഇലക്കെട്ട് തൊട്ടടുത്തായി വെച്ചിരിക്കുന്നു.
ലത്തീഫിന്റെ മൃതദേഹം സോഫയിൽ ഇരിക്കുന്ന നിലയിലായിരുന്നു. ഭാര്യയുടേത് അടുക്കളയിൽ കിടക്കുന്ന രീതിയിലും. ലത്തീഫിന്റെ തല മുതൽ ഉദരം വരെയുള്ള ഭാഗങ്ങളിൽ ഇരുപതോളം വട്ടം ചുറ്റിക കൊണ്ട് അടിച്ചതിന്റെ പാടുകൾ ഉണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. വീട്ടിൽ ചായ ഇട്ടതിന്റെ തെളിവുണ്ട്. അതായത് വീട്ടിലെത്തിയ അഫാന് ചായ ഇട്ടു നൽകിയതാകാം.