‘ഫ്രീസ് ചെയ്ത പണം വിട്ടുനിൽകണം’; കോടതിയെ സമീപിച്ച് പൾസർ സുനിയുടെ മാതാവ്
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ വിധിക്കാനിരിക്കെ കോടതിക്ക് മുമ്പാകെ അപേക്ഷയുമായി ഒന്നാം പ്രതി പൾസർ സുനിയുടെ മാതാവ്. ഫ്രീസ് ചെയ്ത പണം വിട്ടുനൽകണമെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
ബാങ്ക് അക്കൗണ്ട് വഴിയുള്ള പണമിടപാട് മരവിച്ച തീരുമാനം പിൻവലിക്കണമെന്നാണ് മാതാവിന്റെ ആവശ്യം. തന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ ഫ്രീസ് ചെയ്തിരിക്കുകയാണെന്നും വിട്ടുനൽകണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി എന്ന സുനില്‍ എന്‍.എസ്. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ പ്രേരണാക്കുറ്റം, തെളിവ് നശിപ്പിക്കൽ ഗൂഢാലോചന, ബലപ്രയോഗത്തിലൂടെ സ്ത്രീകളെ അപമാനിക്കൽ, നഗ്നയാകാൻ നിർബന്ധിക്കൽ, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അന്യായമായി തടവിൽ പാർപ്പിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
എട്ടാം പ്രതി നടൻ ദിലീപ് എന്ന പി. ഗോപാലകൃഷ്ണൻ അടക്കം നാല് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. വിചാരണ നേരിട്ട ഏഴ്, ഒമ്പത്, 15 പ്രതികളായ കണ്ണൂർ ഇരിട്ടി കിളിയന്തറ പൂപ്പാളി വീട്ടിൽ ചാർളി തോമസ് (50), പത്തനംതിട്ട കോഴഞ്ചേരി മിലിപ്പാറ വെട്ടിപുരം സ്നേഹ ഭവനത്തിൽ സനിൽ കുമാർ എന്ന മേസ്തിരി സനൽ (48), ദിലീപിന്റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി. നായർ എന്നിവരെയാണ് വെറുതെവിട്ടത്.


