കരവാളൂരിൽ ഉരുൾപൊട്ടി; വൻകൃഷിനാശം, തൊഴിലാളികൾ താമസിച്ച ഷെഡ് ഒഴുകിപ്പോയി
text_fieldsപുനലൂർ (കൊല്ലം): കരവാളൂർ പിനാക്കിൾ വ്യൂ പോയിന്റ് പച്ചയിമലയിൽ റബർ എസ്റ്റേറ്റിൽ ഉരുൾപൊട്ടൽ. വിനോദസഞ്ചാരികളായി എത്തുന്ന സ്ഥലത്ത് ആൾപാർപ്പില്ലാത്തതിനാൽ ദുരന്തം ഒഴിവായി.
ഞായറാഴ്ച വൈകീട്ട് ഉണ്ടായ ശക്തമായ മഴയെ തുടർന്ന് രാത്രി 9.30ഓടെയാണ് ഉരുൾപൊട്ടിയത്. ഉയരത്തിലുള്ള റബർ തോട്ടത്തിലെ കുന്ന് ഇടിഞ്ഞ് 300 മീറ്ററോളം താഴേക്ക് ഒഴുകി. പത്ത് അടിയോളം ഉയരത്തിലാണ് മണ്ണൊഴുകിയെത്തിയത്. റബറും വൻമരങ്ങളും ഉൾപ്പെടെ മുന്നൂറോളം മരങ്ങൾ പിഴുത് വെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി. പ്രദേശത്തെ മറ്റു കൃഷികളും നശിച്ചിട്ടുണ്ട്.
റബർ തോട്ടത്തിൽ ജോലി ചെയ്തിരുന്ന നാല് ഇതര സംസ്ഥാന തൊഴിലാളികൾ ഇന്നലെ വൈകീട്ട് ഇവിടെ നിന്ന് മാറിപോയതിനാൽ അപകടത്തിൽ നിന്നും ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഇവർ താമസിച്ചിരുന്ന ഷെഡ് പൂർണമായി തകർന്നു. സംഭവമറിഞ്ഞ് പുനലൂർ താലൂക്ക്, കരവാളൂർ പഞ്ചായത്ത് അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി.


