മുഖ്യമന്ത്രിയെ പരിഹസിച്ച് പി.വി. അൻവർ: ‘ക്ലീൻ ചിറ്റിന് മാത്രം മുഖ്യമന്ത്രിയുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ബ്ലോക്ക്’
text_fieldsനിലമ്പൂർ: അനധികൃത സ്വത്ത് സമ്പാദനകേസിൽ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയതിനെതിരെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. ‘ക്ലീൻ ചിറ്റ് നൽകാൻ വേണ്ടി മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ബ്ലോക്ക് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ മുഖ്യ സവിശേഷതയാണത്രേ.!!’ എന്നായിരുന്നു അൻവറിന്റെ കുറിപ്പ്.
അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സിന്റെ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഫയല്‍ പ്രത്യേകമായി വിളിച്ചു വരുത്തിയാണ് ഇന്നലെ മുഖ്യമന്ത്രി ഒപ്പുവെച്ചത്. അജിത്കുമാർ അനധികൃതമായി സ്വത്തു സമ്പാദിച്ചതായി കാണിച്ച് പി.വി അന്‍വറാണ് വിജിലൻസിന് പരാതി നൽകിയിരുന്നത്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ലാറ്റ് വില്‍പ്പന, മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഹൗസിലെ മരം മുറി തുടങ്ങിയ ആരോപണങ്ങളായിരുന്നു അജിത് കുമാറിനെതിരെ ഉന്നയിച്ചിരുന്നത്. ഈ പരാതി തള്ളി വിജിലൻസ് തള്ളിയതോടെ സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള അജിത് കുമാറിനു മുന്നിലെ തടസ്സങ്ങൾ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
അതിനിടെ, എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജമൊഴി നല്‍കിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡി.ജഇ.പി ഷെയ്ക്ക് ദർവേഷ് സാഹിബ് കഴിഞ്ഞ ദിവസം ശിപാർശ ചെയ്തിട്ടുണ്ട്. സിവിലായും ക്രിമിനലായും കേസെടുക്കാമെന്നാണ് ശിപാർശ.