Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കെടിഡിസി:...

‘കെടിഡിസി: മുഖ്യമന്ത്രി, സണ്ണി വക്കീൽ, ജ്യേഷ്ഠതുല്യനായ കുഞ്ഞാലിക്കുട്ടി എന്നിവരോട് ഞാൻ മുൻപേ പറഞ്ഞിരുന്നു; ആ കത്ത് ഞാൻ കൊടുത്തത് തന്നെ’ സ്ഥിരീകരിച്ച് പി.വി. അൻവർ

text_fields
bookmark_border
‘കെടിഡിസി: മുഖ്യമന്ത്രി, സണ്ണി വക്കീൽ, ജ്യേഷ്ഠതുല്യനായ കുഞ്ഞാലിക്കുട്ടി എന്നിവരോട് ഞാൻ മുൻപേ പറഞ്ഞിരുന്നു; ആ കത്ത് ഞാൻ കൊടുത്തത് തന്നെ’ സ്ഥിരീകരിച്ച് പി.വി. അൻവർ
cancel

കോഴിക്കോട്: കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കത്ത് നൽകിയതായി സ്ഥിരീകരിച്ച് പി.വി. അൻവർ. ബേപ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പുതന്നെ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിച്ചിരുന്നുവെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരോടാണ് അന്ന് ആവശ്യം ഉന്നയിച്ചത്. യുഡിഎഫിന്റെ അസോസിയേറ്റ് കക്ഷിയെന്ന നിലയിൽ നേതൃത്വത്തിന് കത്ത് നൽകാൻ തനിക്ക് അവകാശമുണ്ട്.

ബേപ്പൂരിലെ തന്റെ മത്സരം കോഴിക്കോട് ജില്ലയിലാകെ യുഡിഎഫിന് ഗുണം ചെയ്തുവെന്നും 13 മണ്ഡലങ്ങളിൽ 12 എണ്ണത്തിലും മുന്നണി വിജയിക്കുന്ന സാഹചര്യമുണ്ടായെന്നും അൻവർ അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ഉപാധി മുന്നോട്ടുവെച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘കഴിഞ്ഞ സർക്കാരിനെതിരെ ഞാൻ നടത്തിയ പോരാട്ടങ്ങൾ യുഡിഎഫിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായകമായിട്ടുണ്ട്. ആഭ്യന്തര വകുപ്പിലെ വീഴ്ചകൾക്കും വനനിയമ ഭേദഗതി ബില്ലിനുമെതിരെ പോരാട്ടം നടത്തി. എംഎൽഎ സ്ഥാനം രാജിവെച്ച് പ്രതിപക്ഷത്തിനൊപ്പം നിലകൊണ്ടു. ഈ പോരാട്ടങ്ങളുടെ ഭാഗമായി നിരവധി ക്രിമിനൽ, സിവിൽ കേസുകൾ നേരിടേണ്ടിവന്നു’ -അദ്ദേഹം ഓർമിപ്പിച്ചു.

ടൂറിസം മേഖലയിലെ ദീർഘകാല അനുഭവപരിചയമാണ് കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെടാൻ കാരണമെന്നും അൻവർ വിശദീകരിച്ചു. കേരളത്തിലെ ടൂറിസം സാധാരണക്കാരിലേക്ക് എത്തിക്കാനും ഗ്രാമീണ കുടുംബങ്ങൾക്ക് ഉപജീവനമാർഗം സൃഷ്ടിക്കാനുമുള്ള പദ്ധതികൾ തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് പദവിക്ക് അർഹതയില്ലെന്ന് പറയാനാകില്ലെന്നും എന്നാൽ അന്തിമ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണെന്നും അൻവർ വ്യക്തമാക്കി. ചില വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സമയമാകുമ്പോൾ പ്രതികരിക്കും. തന്റെ നിലപാടുകളിൽ മാറ്റമുണ്ടായിട്ടില്ലെന്നും മാറ്റമുണ്ടാകില്ലെന്നും പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

കെടിഡിസി ചെയർമാൻ സ്ഥാനത്തിനൊപ്പം അനുയായികൾക്കായി മറ്റ് ബോർഡ്-കോർപറേഷൻ പദവികളും അൻവർ ആവശ്യപ്പെട്ടതായി നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു.

കത്തിന്റെ പൂർണരൂപം:

“പി വി അൻവറിന്റെ കത്ത്”

വിശദമായി പറയാം….

അതിനുമുമ്പ്,

ഈ ഫേസ്ബുക്ക് പോസ്റ്റ് എഴുതാനുള്ള സാഹചര്യം പറയേണ്ടതുണ്ട്.

വാർത്തകൾ….

വാർത്തകൾക്ക് മുകളിൽ വാർത്തകൾ….

വിഷയം പി വി അൻവർ യുഡിഎഫ് നേതൃത്വത്തിന് കൊടുത്ത ഒരു കത്താണ്.

എന്റെ മൊബൈൽ ഫോൺ നിർത്താതെ ശബ്ദിക്കുന്നു.

മാധ്യമ സുഹൃത്തുക്കൾ,

അഭ്യുദയകാംക്ഷികൾ,

രാഷ്ട്രീയ സൗഹൃദങ്ങൾ,

മറ്റുള്ളവർ ….

എല്ലാവർക്കും വേണ്ടത് വിശദീകരണമാണ്.

ഈ സ്ഥിതി യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായി കാണണം.

അപ്പോൾ പിന്നെ വിശദീകരണം ഞാൻ തന്നെ നൽകാം.

അങ്ങനെ ഒരു “കത്ത്”കൊടുത്തിട്ടുണ്ടോ?

“ഉണ്ട്”

എന്താ, എനിക്ക് യുഡിഎഫ് നേതൃത്വത്തിന് ഒരു കത്ത് കൊടുത്തുകൂടെ?

തീർച്ചയായും കൊടുക്കാം.

കാരണം,

കേരളത്തിലെ ജനങ്ങളുടെ മുമ്പാകെ പിവി അൻവർ യുഡിഎഫിന്റെ അസോസിയേറ്റ് കക്ഷിയാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ട സത്യമാണ്.

അപ്പോൾ പിന്നെ ഇത്തരം വിഷയങ്ങളിൽ ഞാൻ യുഡിഎഫ് നേതൃത്വത്തിന് ഒരു കത്ത് നൽകിയതിൽ എന്ത് അതിശയോക്തിയാണുള്ളത്?

എന്തായിരുന്നു കത്തിലൂടെ ആവശ്യപ്പെട്ട വിഷയം?

വാർത്തകളിൽ വന്നത് തന്നെ.

“കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന്”

ഇനി,

അത് ആവശ്യപ്പെടാനുള്ള പശ്ചാത്തലം എന്താണ്?

ബേപ്പൂരിൽ ഒരു ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്നതിനു മുമ്പ്

യുഡിഎഫിന്റെ സമുന്നതരായ നേതൃത്വത്തോട് ഞാൻ ഇതേ കാര്യം അന്നും പറഞ്ഞിരുന്നു.

ആരോടെല്ലാം?

അന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായിരുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്,

കെപിസിസിയുടെ സമാദരണീയനായ പ്രസിഡന്റ് ശ്രീ സണ്ണി വക്കീലിനോട്,

മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും സമുന്നതനായ നേതാവ്, ജ്യേഷ്ഠ സഹോദരതുല്യനായ കുഞ്ഞാലിക്കുട്ടി സാഹിബിനോട് ..

ഈ വിഷയത്തിൽ അന്ന് എനിക്ക് കൃത്യമായ ഉറപ്പും ലഭിച്ചിരുന്നു.

എന്തൊക്കെയാണ് ഞാൻ അന്ന് യുഡിഎഫ് നേതൃത്വത്തിന് മുമ്പാകെ പറഞ്ഞത്?

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോൾ 102 സീറ്റിന്റെ മഹത്തായ വിജയത്തിലേക്ക് യുഡിഎഫ് നടന്നു കയറി, എന്നാൽ അതിന് സമാരംഭം കുറിച്ചതിൽ നിലമ്പൂരിൽ നിന്നും നിയമസഭാംഗമായിരുന്ന എന്റെ നേതൃതത്തിൽ കഴിഞ്ഞ സർക്കാരിനെതിരെ അന്ന് നടന്ന പോരാട്ടങ്ങളുടെയും കൂടി പങ്കുണ്ടെന്ന്,

ഇക്കാര്യം ഇത് വായിക്കുന്ന നിങ്ങൾക്ക് നിഷേധിക്കാൻ സാധിക്കുമോ?

ഞാൻ ഉയർത്തിയ ആരോപണങ്ങൾ ..

കഴിഞ്ഞ സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിലെ ചില പുഴുക്കുത്തുകൾക്കെതിരെ,

സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ,

സംഘപരിവാറിനോട് താദാത്മ്യം പ്രാപിക്കാനുള്ള ശ്രമങ്ങൾക്കും നയങ്ങൾക്കും എതിരെ,

സർക്കാരിന്റെ ഫാസിസ്റ്റ്-ഏകാധിപത്യ പ്രവണതകൾക്കെതിരെ,

ഭരണകൂട ഭീകരതക്കെതിരെ,

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും-ഭരണത്തിനും എതിരെ,

അതിനെല്ലാമുപരി മലയോര കർഷക ജനതയെ വഴിയാധാരമാക്കാൻ ഉദ്ദേശിച്ച് സർക്കാർ പാസാക്കാൻ ശ്രമിച്ച വനനിയമ ഭേദഗതി ബില്ലിനെതിരെ ,

ധാർമ്മികതയിലൂന്നി, നിലപാടിൽ അധിഷ്ഠിതമായി നിയമസഭാംഗം എന്ന നിലയിലുള്ള എന്റെ സാമാജികത്വം സ്വമേധയാ രാജിവെച്ച് പ്രതിപക്ഷനിരയോടൊപ്പം ചേർന്നുനിൽക്കാൻ തീരുമാനമെടുത്തതിനെക്കുറിച്ച്

അവസാനം,

നിയമസഭാംഗമായിരുന്ന എന്നെ ജയിലിലടച്ചിട്ടും തുടർന്ന പോരാട്ടത്തിലൂടെ വനനിയമ ഭേദഗതി ബില്ല് പിൻവലിക്കേണ്ടി വന്ന അവസ്ഥാവിശേഷം ……..

അന്ന് മുതൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലം,

എന്റെ ജീവനും ജീവിതവും സമ്പത്തും സമയവും ഉപയോഗിച്ച് ഞാൻ ഇടവേളകളില്ലാതെ പോരാടി.

വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ എടുത്തു.

പ്രലോഭനങ്ങൾ,

ഭീഷണി

എല്ലാം അവഗണിച്ചു.

ജനങ്ങൾക്ക് വേണ്ടി

സത്യത്തിനു വേണ്ടി നിലകൊണ്ടു.

ഞാൻ ഉയർത്തിയ ആരോപണങ്ങൾ ഓരോന്നും എത്രത്തോളം ശരിയായിരുന്നുവെന്ന് പിന്നീട് നടന്ന സംഭവങ്ങളും വന്ന വാർത്തകളും തെളിയിച്ചു. അതിന്നും തുടരുന്നു…..

എനിക്ക് നിറയെ പാരിതോഷികങ്ങൾ ലഭിച്ചു. 12 ക്രിമിനൽ കേസുകൾ, നാല് സിവിൽ കേസുകൾ, വിജിലൻസ് കേസ്, അതിനെത്തുടർന്ന് ഇഡി കേസ്. ഒട്ടും തലകുനിക്കാതെ നടുവളയാതെ ഞാൻ ധീരമായി നേരിട്ടു.

അങ്ങനെ ഞാൻ ബേപ്പൂരിൽ മത്സരിക്കാൻ തീരുമാനമെടുത്തു.

എന്തിനുവേണ്ടി?

അതും ഞാൻ യുഡിഎഫ് നേതൃത്വത്തിന് മുമ്പാകെ വിശദീകരിച്ചു…

ഞാൻ ഉയർത്തിയ ആരോപണങ്ങൾക്കും വിഷയങ്ങൾക്കും എതിരെ നേരിട്ട് ഞാൻ നടത്തുന്ന മത്സരം പ്രതിപക്ഷ പോരാട്ടത്തിന് മൂർച്ച കൂട്ടും,

ബേപ്പൂരിൽ ശക്തമായ മത്സരം കാഴ്ചവെക്കുമ്പോൾ മലബാറിലാകെ യുഡിഎഫിന്റെ പോരാട്ടങ്ങൾക്ക് പുത്തനുണർവ് നൽകും,

ബേപ്പൂരിൽ നിന്നും വീട്ടിൽ പോയി വരാൻ പോലും സമയം കിട്ടാത്ത രീതിയിൽ എന്നോട് എതിരിടേണ്ടി വരുന്ന എതിർ സ്ഥാനാർത്ഥിക്ക് കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ അത് ജില്ലയിലാകെ യുഡിഎഫിന്റെ മഹത്തായ വിജയത്തിന് കാരണമായി തീരും. …

എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. അക്ഷരംപ്രതി അങ്ങനെ തന്നെ സംഭവിച്ചു. ഫലം വന്നപ്പോൾ കോഴിക്കോട് ജില്ലയിൽ 2 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫ് 13 ൽ 12 ഉം നേടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി.

ബേപ്പൂരിൽ ഞാൻ ഇറങ്ങിയത് വിജയിക്കാനുള്ള പോരാട്ടത്തിന് തന്നെയാണ്.

എങ്കിലും പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാൽ… ഞാൻ ഒരു ഉപാധി വെച്ചു.

കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് എന്നെ പരിഗണിക്കാൻ യുഡിഎഫിന്റെ തീരുമാനമുണ്ടാകണം.

ആവർത്തിക്കുന്നതിൽ ക്ഷമിക്കണം.

മുകളിൽ സൂചിപ്പിച്ചത് കണക്കേ ഈ വിഷയത്തിൽ എനിക്ക് വ്യക്തമായ ഉറപ്പും ലഭിച്ചു.

ഇനി പറയേണ്ടത് എന്തുകൊണ്ട് കെടിഡിസി ചെയർമാൻ പദവി ആവശ്യപ്പെട്ടു എന്നുള്ളതാണ്.

നമുക്ക് ഏറ്റവും ഭംഗിയായി ചെയ്യാൻ കഴിയുന്നത് എന്താണ്? നമുക്ക് ഏറ്റവും അറിവുള്ള വിഷയമല്ലേ?

ടൂറിസം രംഗത്ത് എനിക്ക് അത്രത്തോളം അനുഭവപരിജ്ഞാനമുണ്ട്. ഒരു വ്യവസായി എന്നുള്ള നിലയിൽ ദീർഘകാലം ടൂറിസം സംരംഭങ്ങൾ പോലും എന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.

മാത്രമല്ല കേരള ടൂറിസത്തെ ജനകീയമാക്കാനും, സാധാരണക്കാരെ ടൂറിസത്തിന്റെ ഭാഗമാക്കാനും അതുവഴി ഗ്രാമീണരായ കുടുംബങ്ങൾക്ക് ഉപജീവനം കണ്ടെത്താനുമുള്ള പദ്ധതികൾ ഞാൻ ആലോചിച്ചിരുന്നു. അത് സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പിലാക്കുന്നതിലും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.

അതിനെല്ലാം ഉപരി എന്നെ അടുത്തറിയുന്നവർക്കറിയാം ടൂറിസം, അത് എനിക്കെന്നും എന്റെ “പാഷൻ”ആണ്.

അപ്പോൾ ഞാൻ ഉപസംഹരിക്കട്ടെ…..

നിങ്ങൾ കേട്ടതും അറിഞ്ഞതും സത്യമാണ്.

കത്ത് ഞാൻ നൽകിയിട്ടുണ്ട്.

UDF അസോസിയേറ്റ് മെമ്പർ എന്ന നിലയിൽ കത്ത് നൽകാൻ എനിക്ക് അവകാശമുണ്ട്.

കെടിഡിസി ചെയർമാൻ പദവിയിലേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ സർക്കാർ വൻ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലേറാൻ ഉണ്ടായ സാഹചര്യങ്ങളിലും പോരാട്ടങ്ങളിലും അണിനിരന്ന,കൂടെക്കൂടിയ ഒരാൾ എന്ന നിലയ്ക്ക് എനിക്ക് അർഹതയില്ല എന്ന് പറയാനാകില്ലല്ലോ….

തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ് …സമുന്നതരായ നേതാക്കളാണ്..

യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പർ ആയതിനുശേഷം യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് ചെയർമാനും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള മറ്റെല്ലാ നേതാക്കളും എനിക്ക് നൽകിയ നിസീമമായ സഹായ സഹകരണങ്ങൾ എനിക്കും അവർക്കും അറിയാം. അതൊന്നും ഒരിക്കലും വിസ്മരിച്ചിട്ടില്ല. വിസ്മരിക്കുകയുമില്ല.

പ്രിയ മാധ്യമ സുഹൃത്തുക്കളോട്, നിങ്ങൾ അല്പം കൂടി കാത്തിരിക്കൂ, നമുക്ക് നേരിൽ കാണാം.

ഈ പോസ്റ്റ് വായിക്കാൻ ക്ഷമ കാണിച്ച എന്റെ പ്രിയപ്പെട്ടവരോട്, നിങ്ങളുടെ അഭിപ്രായം എനിക്ക് അനുകൂലമോ പ്രതികൂലമോ ആവട്ടെ അത് രേഖപ്പെടുത്തുമല്ലോ.

ചില കാര്യങ്ങൾ എല്ലാം ഞാൻ സസൂക്ഷ്മം വീക്ഷിക്കുന്നു. വ്യക്തമായി പഠിക്കുന്നു. അവധാനതയോടെ മനസ്സിലാക്കുന്നു.

അത്തരം വിഷയങ്ങളിലെല്ലാം പ്രതികരിക്കും. ഇപ്പോഴല്ല, പിന്നീട്. സമയം വരട്ടെ.

കാരണം ഞാൻ ഒരു എടുത്തുചട്ടക്കാരനാണ് എന്ന ആക്ഷേപം നിങ്ങളിൽ ചിലർ പറയാറില്ലേ?

അത് പൂർണ്ണമായും പരിഹരിക്കാൻ ഞാൻ അങ്ങോട്ട് തീരുമാനിച്ചു.

എങ്കിലും എന്റെ നിലപാടിൽ ഒരു മാറ്റവും ഈ നിമിഷം വരെ വന്നിട്ടില്ല. മാറുകയും ഇല്ല.

( പി വി അൻവർ)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:PV Anvar KTDC UDF VD Satheesan 
News Summary - P.V. Anvar confirms he wrote to UDF leadership seeking KTDC chairman post
Next Story