അൻവറിനെ അടുപ്പിക്കേണ്ട: സതീശന്റെ നിലപാടിന് പിന്തുണയേറുന്നു
text_fieldsതിരുവനന്തപുരം: പി.വി. അൻവറിന് മുന്നിൽ വാതിലടച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടിന് കോൺഗ്രസിൽ പിന്തുണയേറുന്നു. ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ‘അൻവർകൂടിയുണ്ടായിരുന്നെങ്കിൽ’ എന്ന അഭിപ്രായം സ്വീകാര്യമാകുകയും ‘യു.ഡി.എഫിന്റെ ആത്മാഭിമാനത്തെ ചോദ്യംചെയ്യാൻ ആരെയും അനുവദിക്കാതിരുന്ന തെരഞ്ഞെടുപ്പാണി’തെന്ന സതീശന്റെ നിലപാട് ഒറ്റപ്പെട്ടതാകുകയും ചെയ്തെങ്കിൽ ഇപ്പോൾ ചിത്രം തിരിയുകയാണ്.
വിലപേശലിന് വഴങ്ങില്ലെന്ന് സതീശൻ ആവർത്തിച്ചതിനെ തുടർന്നാണ് അൻവറിനായുള്ള മറുസ്വരങ്ങൾ നേർത്ത് ഇല്ലാതാകുന്നത്. അൻവറിന് മുന്നിൽ അടച്ച വാതിൽ എപ്പോഴും തുറക്കാമെന്നും താക്കോലുണ്ടെന്നും ആദ്യം പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും മലക്കംമറിഞ്ഞു.
പി.സി. ജോർജിന്റെ കാര്യം പറഞ്ഞതുപോലെ ഒറ്റയാന്മാർ കുറച്ചുകാലം അങ്ങനെ തുടരുകയും പിന്നീട്, അവർ ഒറ്റപ്പെടുകയും ചെയ്യുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. യു.ഡി.എഫിന്റെ പൊതുനിലപാടാണ് സതീശൻ പറഞ്ഞത്. ‘വാതിലും താക്കോലും’ പരാമർശം താൻ പൊതുവായി പറഞ്ഞതാണെന്നും അൻവറിനെ ഉദ്ദേശിച്ചല്ലെന്നും സണ്ണി കൂട്ടിച്ചേർത്തു.
‘നമ്മുടെ സ്ഥാനാർഥിക്കെതിരെ മത്സരിച്ചതിന്റെ തൊട്ടുപിറ്റേന്ന് ഇങ്ങനെ ആലോചിക്കാൻ കഴിയുമോ’ എന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. ഇങ്ങനെ ഒരു സാഹചര്യമുണ്ടാക്കിയത് അൻവറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും വ്യക്തമാക്കി. സ്ഥാനാർഥി പ്രഖ്യാപനം വരെ യു.ഡി.എഫിനൊപ്പം നിന്ന് സർക്കാറിനെതിരെ പോരാടിയ അൻവർ മുന്നണിയെ അമ്പരപ്പിച്ചാണ് മലക്കംമറിഞ്ഞത്.